Image

പ്‌ലസ് വണ്‍ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് ഈ മാസം 24ന്

Published on 21 May, 2019
പ്‌ലസ് വണ്‍  പ്രവേശനം ആദ്യ അലോട്ട്‌മെന്റ് ഈ മാസം 24ന്

കോഴിക്കോട് : പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് ഈ മാസം 24 ന് പ്രസിദ്ധികരിക്കും. അലോട്ട്‌മെന്റിലൂടെ അഡ്മിഷന്‍ ലഭിക്കുന്നവര്‍ അലോട്‌മെന്റ് ലെറ്ററുമായി നിശ്ചിത സമയത്തിനുള്ളില്‍ അതാത് സ്‌കൂളുകളില്‍ പ്രവേശനം നേടേണ്ടതാണ്. ആദ്യം ഓപ്ഷന്‍ വെച്ച സ്‌കൂളുകള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് താല്‍കാലികമായി ചേരാനുള്ള അവസരം ഉണ്ട്. ഇവര്‍ക്ക് രേഖകള്‍ ഹാജരാക്കണം. എന്നാല്‍ ഫീസ് അടക്കേണ്ടതില്ല.

താല്‍ക്കാലിക പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് രണ്ടാം അലോട്ട്‌മെന്റില്‍ നിശ്ചിത സ്‌കൂളിലാണ് ലഭിക്കുന്നതെങ്കില്‍ അതാതു സ്‌കൂളില്‍ പ്രവേശനം നേടാവുന്നതാണ്. മുഖ്യമായി രണ്ട് അലോട്ട്‌മെന്റുകള്‍ മാത്രമാണ് ഉള്ളത്. അതിനാല്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഏതു സ്‌കൂളാണോ ലഭിക്കുന്നത് അവിടെ ഫീസ് അടച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലങ്കില്‍ പിന്നീട് അവസരം നഷ്ടമാകും.

ട്രയല്‍ അലോട്ട്‌മെന്റ് നേരത്തെ തന്നെ പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍ മികച്ച മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പോലും അലോട്ട്‌മെന്റില്‍ പേരുവന്നിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. സ്‌കൂള്‍ ഓപ്ഷന്‍ വയ്ക്കുമ്പോള്‍ 54 സ്‌കൂളുകളുടെ പേരുവരെ വയ്ക്കാവുന്നതാണ്. എന്നാല്‍ മിക്കവരും കുറച്ച് സ്‌കൂളുകള്‍ മാത്രമാണ് വയ്ക്കുന്നത്. ഇതാണ് പലര്‍ക്കും ട്രയിലില്‍ കിട്ടാതിരിക്കുന്നതിന്റെ കാരണം. 

ഇത്തവണ സ്‌കൂളുകള്‍ ചേര്‍ക്കുമ്പോള്‍ ബോണസ് പോയിന്റുകള്‍ കൂടി ചേര്‍ക്കാവുന്നതാണ്. അതാതു സ്‌കൂളില്‍ ചേരുന്നവര്‍ക്കും, തദ്ദേശ സ്ഥാപനപരിധിയിലെ സ്‌കൂളുകളില്‍ അപേക്ഷിക്കുന്നവര്‍ക്കും ബോണസ് പോയിന്റിന് അര്‍ഹരാണ്. ബോണസ് പോയിന്റുകള്‍ അപേക്ഷയില്‍ ചേര്‍ത്തില്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന് തിരുത്തുന്നതിനുള്ള അപേക്ഷ നല്‍കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക