Image

ചരിത്രം കുറിച്ച് നാളെ ന്യൂ യോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു

Published on 21 May, 2019
ചരിത്രം കുറിച്ച് നാളെ ന്യൂ യോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു
ന്യു യോര്‍ക്ക്: ലോക മലയാളികള്‍ക്ക് ഇത് ധന്യ മുഹൂര്‍ത്തം. ന്യൂ യോര്‍ക്ക് സെനറ്റിന്റെചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് നാളെ മലയാളി സമൂഹം ആദരിക്കപ്പെടുന്നു. ന്യു യോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നാളെ രാവിലെ 11 നു കൂടുന്ന സെനറ്റ്-അസംബ്ലി സംയുക്ത യോഗത്തില്‍ ന്യൂ യോര്‍ക്ക് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജനും ആദ്യ മലയാളിയുമായ സെനറ്റര്‍ കെവിന്‍ തോമസ്ആണ് ഈ ചടങ്ങ് അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ച വയ്ക്കുന്നത്.

നാളെ സെനറ്റ് ആരംഭിക്കുന്നത് മാര്‍ത്തോമാ സഭാ ഭദ്രാസനാധിപന്‍ ഡോ. ഐസക്ക്   മാര്‍ ഫിലോക്‌സിനോസ് തിരുമേനിയുടെ പ്രാര്‍ത്ഥനയോടെയാണെന്നതും അഭിമാനകരമായി. തുടര്‍ന്ന് സെനറ്റര്‍ കെവിന്‍ തോമസ് അമേരിക്കയ്ക്കും വിശിഷ്യാ ന്യൂ യോര്‍ക്ക് സംസ്ഥാനത്തിനു വേണ്ടിയും മലയാളി സമൂഹം നല്കിയ സംഭാവനകളും മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലവും നേട്ടങ്ങളും വിവരിക്കും. ഇവയെ അംഗീകരിക്കാന്‍ മെയ് മാസം ന്യൂയോര്‍ക്കില്‍ 'മലയാളി മാസ'മായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ തുടര്‍ന്ന് സഭയില്‍ അവതരിപ്പിക്കും. അത് ഐകകണ്ടേന പാസാക്കും.

ന്യൂ യോര്‍ക്കില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറില്‍പരം മലയാളികള്‍ ഈ മഹത് ചടങ്ങില്‍ പങ്കെടുക്കുവാനായി മിനി ബസുകളിലും മറ്റുമായി ആല്‍ബനിയില്‍ എത്തുന്നുണ്ട്. ഫൊക്കാന , ഫോമാ, വേള്‍ഡ് മലയാളി ക്ണ്‍സില്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, കലാവേദി, കേരള സെന്റര്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ്, മഹിമ, നായര്‍ ബെനെവെലെന്റ് അസോസിയേഷന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കേരള സമാജം ഓഫ് ന്യൂ ജേഴ്സി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക്, എക്കോ, ന്യൂ യോര്‍ക്ക് സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍, ന്യൂ യോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച്, ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് എനിവ കൂടാതെ ധാരാളം മലയാളി സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങിന് എത്തുന്നു. ഏഷ്യാനെറ്റ്, കൈരളി, ഫ്‌ളവര്‍സ്, ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ , ഇ-മലയാളി, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓണ്‍ലൈന്‍ എന്നീ പ്രമുഖ മാധ്യമങ്ങളും ഈ അനര്‍ഘ നിമിഷങ്ങള്‍  പകര്‍ത്തുവാനായി എത്തിച്ചേരുന്നു.

സെനറ്റിലെ ചടങ്ങുകള്‍ക്ക് ശേഷം സെനറ്റര്‍ കെവിന്‍ തോമസും സ്റ്റാഫും അതിഥികളായി വന്നവര്‍ക്കു വേണ്ടി ക്യാപിറ്റോള്‍ ബില്‍ഡിങ്ങ് ടൂറും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കെ.സി.എ.എന്‍.എപ്രസിഡന്റ്, മാസ്സപെക്വാ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്പോള്‍സ് ചര്‍ച്ച് സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്ന അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആണ് ഈ ചടങ്ങ് കോര്‍ഡിനേറ്റു ചെയ്യുന്നത്.
ഫോണ്‍: 5162252814; ajitkochuz@yahoo.com
ചരിത്രം കുറിച്ച് നാളെ ന്യൂ യോര്‍ക്ക് സെനറ്റില്‍ മലയാളികളെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക