Image

ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായി ബീഹാറി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 21 May, 2019
ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായി ബീഹാറി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി ബീഹാര്‍ സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ബീഹാര്‍ പാറ്റ്‌ന സ്വദേശിനിയായ നിഷയാണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവര്‍ഷം മുന്‍പാണ് നിഷ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോര്‍ത്തു ആ ജോലിയില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ നിഷ ശ്രമിച്ചു. എന്നാല്‍ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. അഞ്ചു മാസത്തോളമുള്ള ശമ്പളം കുടിശ്ശികയായതോടെ നിഷ ശക്തമായി പ്രതികരിച്ചെങ്കിലും, സ്‌പോണ്‍സര്‍ വകവെച്ചില്ല. തുടര്‍ന്ന് ആരുമറിയാതെ ആ വീട്ടിനു വെളിയില്‍ ചാടിയ നിഷ, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് നിഷ സ്വന്തം അവസ്ഥ വിവരിച്ച്, സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നിഷയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. കുടിശ്ശിക ശമ്പളത്തിനായി ലേബര്‍ കോടതിയില്‍ കേസ് കൊടുക്കാന്‍ നവയുഗം ഉപദേശിച്ചെങ്കിലും, കേസ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ എടുക്കുമെന്നതിനാല്‍  നിഷ അതിനു തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങള്‍ കാരണം എത്രയും വേഗം നാട്ടില്‍ പോയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു അവര്‍. 
തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട്, നിഷയ്ക്ക് ഔട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും അടിച്ചു നല്‍കി. നിഷ തന്നെ സ്വന്തമായി വിമാനടിക്കറ്റ് എടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു നിഷ നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മഞ്ജു മണിക്കുട്ടന്‍ (ഇടത്ത്) നിഷയോടൊപ്പം.

ശമ്പളമില്ലാതെ ബുദ്ധിമുട്ടിലായി ബീഹാറി വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക