Image

ഡാമുകള്‍ തുറന്നുവിട്ട് ആളെ കൊന്നുവെന്ന് പറയുന്നത് വെറും വിഡ്ഢിത്തം : ഡാം സേഫ്റ്റി ചെയര്‍മാന്‍

Published on 21 May, 2019
ഡാമുകള്‍ തുറന്നുവിട്ട് ആളെ കൊന്നുവെന്ന് പറയുന്നത് വെറും വിഡ്ഢിത്തം : ഡാം സേഫ്റ്റി ചെയര്‍മാന്‍

കൊച്ചി: സംസ്ഥാനത്തെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്‌ക്യൂറിയുടെ നിരീക്ഷണം വിഡ്ഢിത്തമെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനമല്ലെന്നും ഇക്കാര്യത്തില്‍ ജല കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ വ്യക്തമാക്കുന്നു.

ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടാവുമായിരുന്നു. ഡാമുകള്‍ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും പ്രളയത്തിന്റെ ഉത്തരവാദിയെച്ചൊല്ലിയുള്ള ചര്‍ച്ച അര്‍ത്ഥശൂന്യമെന്നും ഡാം സേഫ്റ്റി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകള്‍വച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു.

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് ഹൈക്കോടതിയിലാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി. ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക