Image

വീണ്ടും രഞ്‌ജിത്ത്‌ - ലാല്‍ ചിത്രം; സ്‌പിരിറ്റ്‌

Published on 24 April, 2012
വീണ്ടും രഞ്‌ജിത്ത്‌ - ലാല്‍ ചിത്രം; സ്‌പിരിറ്റ്‌
`മംഗലശേരി നീലകണ്‌ഠന്‍'. കാലമെത്ര മാറിയാലും ഭൂരിപക്ഷം മലയാളിയുടെയും തികഞ്ഞ പുരുഷ സങ്കലപമാണ്‌ മംഗലശേരി നീലകണ്‌ഠന്‍. മെയില്‍ ഷോവനിസ്റ്റ്‌ എന്ന്‌ ഫെമിനിസ്റ്റുകള്‍ നീട്ടിവിളിച്ച മാടമ്പി. മീശപിരിച്ച മോഹന്‍ലാലിന്റെ ആദ്യ ആസുരഭാവം. മംഗലശേരി നീലകണ്‌ഠന്‍ വെടിപ്പായി ഡയലോഗ്‌ പറയുമ്പോഴും പേശീബലം കാണിക്കുമ്പോഴും ആ കഥാപാത്രത്തെ വരച്ചെടുത്തത്‌ രഞ്‌ജിത്തായിരുന്നു. മലയാള സിനിമയിലെ ഒരേയൊരു രഞ്‌ജിത്ത്‌. രഞ്‌ജിത്ത്‌ എഴുതിയിട്ട മോഹന്‍ലാല്‍ ജീവന്‍ നല്‍കിയ നീലകണ്‌ഠന്‍ പിന്നീട്‌ മലയാള സിനിമയിലെ കൊമേഴ്‌സ്യല്‍ സിനിമയുടെ ഫോര്‍മുലയായി മാറി.

മംഗലശേരി നീലകണ്‌ഠനു ശേഷം രഞ്‌ജിത്ത്‌ എഴുതി മോഹന്‍ലാല്‍ അനശ്വരമായക്കിയ എത്രയെത്ര ആണ്‍ വേഷങ്ങള്‍. എന്നാല്‍ ഇടക്ക്‌ ഇരുവരും ഒന്നു പിണങ്ങി. ആറുവര്‍ഷം നീണ്ടു നിന്നു ആ പിണക്കം. ആറു വര്‍ഷത്തെ ഇടവേളയില്‍ രഞ്‌ജിത്ത്‌ മലയാള സിനിമയിലേക്ക്‌ ഒരു പോയ കാലത്തെ മധ്യവര്‍ഗ സിനിമയെ തിരിച്ചു കൊണ്ടു വന്നു. മോഹന്‍ലാല്‍ ആവട്ടെ താരപ്രഭയുടെയും അഭിനയത്തിന്റെയും ഉന്നതികളിലേക്ക്‌ വീണ്ടും വീണ്ടും നടന്നു കയറുകയും ചെയ്‌തു.

എന്നാലും രഞ്‌ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം മലയാളിക്ക്‌ ലഭിച്ചതേയില്ല. രഞ്‌ജിത്ത്‌ ലാല്‍ ചിത്രമെന്നത്‌ ഒരു പഴയകാല നൊസ്റ്റാള്‍ജിയ മാത്രമായി മാറുമെന്നായിരുന്നു പലരും കരുതിയിരുന്നത്‌. എന്നാല്‍ പിണക്കങ്ങളുടെ മഞ്ഞുരുകി ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നു. ഇടവേളയ്‌ക്കു ശേഷം മോഹന്‍ലാലും രഞ്‌ജിത്തും ഒന്നിക്കുന്ന സ്‌പിരിറ്റ്‌ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോള്‍.

രഞ്‌ജിത്ത്‌ കഥാപാത്രങ്ങളായ ആറാം തമ്പുരാനിലെ ജഗംനാഥനെയും, ഉസ്‌താദിലെ പരമേശ്വരനെയും, നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡനെയും, രാവണപ്രഭുവിലെ മംഗലശേരി കാര്‍ത്തികേയനെയും, ചന്ദ്രോല്‍സവത്തിലെ ചിറയ്‌ക്കല്‍ ശ്രീഹരിയെയുമൊക്കെ ഏറെ ആസ്വദിച്ചിട്ടുള്ള ലാല്‍ ആരാധകര്‍ക്ക്‌ തികച്ചും വ്യത്യസ്‌തമായ ഒരു കഥാപാത്രമാണ്‌ സ്‌പിരിറ്റില്‍ ലഭിക്കുക. ആടിത്തിമിര്‍ക്കുന്ന ആസുരവേഷങ്ങള്‍ ലാല്‍ - രഞ്‌ജിത്ത്‌ കൂട്ടുകെട്ടില്‍ ഇനിയില്ല എന്ന്‌ വ്യക്തം.

ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ രഞ്‌ജിത്ത്‌ സംസാരിക്കുന്നു.

മോഹന്‍ലാലും രഞ്‌ജിത്തും ഒരുമിക്കുമ്പോള്‍ ഒരു ആക്ഷന്‍ ചിത്രം എന്നാവും പ്രേക്ഷകര്‍ പ്രതീക്ഷിക്കുക?

ആ പ്രതീക്ഷ റോക്ക്‌ ആന്‍ഡ്‌ റോള്‍ എന്ന ചിത്രത്തില്‍ തന്നെ ഞാന്‍ പൊളിച്ചു കളഞ്ഞിട്ടുണ്ട്‌. റോക്ക്‌ ആന്‍ഡ്‌ റോളില്‍ ലാല്‍ ഒരു ആസുരവേഷത്തിലല്ല അഭിനയിച്ചത്‌. അത്‌ തികച്ചും വ്യത്യസ്‌തമായ ഒരു കഥാപാത്രവും സിനിമയുമായിരുന്നു.

എങ്കിലും മോഹന്‍ലാലിന്‌ ഒരു മീശപിരിയന്‍ ഇമേജ്‌ നല്‍കിയത്‌ രഞ്‌ജിത്തല്ലേ?

അങ്ങനെ കരുതുന്നവര്‍ക്ക്‌ അങ്ങനെ കരുതാം. ദേവാസുരം എന്ന ചിത്രം ഒരുക്കിയ 1993ല്‍ തന്നെയാണ്‌ ഞാന്‍ മോഹന്‍ലാലിനു വേണ്ടി മായാമയൂരം എഴുതിയത്‌. മായാമയൂരം ഒരു ആക്ഷന്‍ സിനിമയല്ല. വ്യത്യസ്‌തമായ പ്രണയത്തിന്റെയും നഷ്‌ടത്തിന്റെയും കഥയാണ്‌ മായാമയൂരം. ഞാനും ലാലും ചേര്‍ന്ന ആറാം തമ്പുരാനും നരസിംഹവുമൊക്കെ കൊമേഴ്‌സ്യല്‍ വിജയങ്ങളായതുകൊണ്ടാണ്‌ പ്രേക്ഷകര്‍ അത്‌ കൂടുതലായി ഓര്‍ത്തിരിക്കുന്നത്‌. പഴയകാല കൊമേഴ്‌സ്യല്‍ വിജയങ്ങളുടെ നടപ്പുശീലങ്ങളിലേക്ക്‌ ഇനി ഞാനില്ല എന്ന്‌ തീരുമാനിച്ചതാണ്‌. കൈയ്യൊപ്പ്‌, തിരക്കഥ, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളൊക്കെ കൊമേഴ്‌സ്യല്‍ ചേരുവകളല്ലല്ലോ.

ആ മാറ്റം വളരെ വ്യക്തമാണ്‌. ഒരു മധ്യവര്‍ത്തി സിനിമയെ മലയാളത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ രഞ്‌ജിത്തിന്‌ സാധിച്ചിട്ടുണ്ട്‌. സ്‌പിരിറ്റില്‍ എന്ത്‌ വ്യത്യസ്‌തയാണ്‌ പറയാന്‍ ആഗ്രഹിക്കുന്നത്‌?

പേര്‌ കേള്‍ക്കുമ്പോള്‍ ഇതൊരു ആക്ഷന്‍ സിനിമയാണെന്നൊക്കെ തെറ്റുദ്ധരിച്ചേക്കാം. മൂന്നു കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന കഥയാണിത്‌. അതുപോലെ തന്നെ മദ്യപാനത്തിനെതിരെ സംസാരിക്കുക എന്ന ചുമതല കൂടിയുണ്ട്‌ ഈ സിനിമയ്‌ക്ക്‌. ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രവണതയാണ്‌ മദ്യപാനം. അത്‌ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നു. ഇതിനെതിരെ സംസാരിക്കുന്നുണ്ട്‌ സ്‌പിരിറ്റ്‌ എന്ന ചിത്രം.

ഒരുകാലത്ത്‌ രഞ്‌ജിത്ത്‌ കാട്ടിക്കൊടുത്ത മോഹന്‍ലാലിന്റെ ആസുരഭാവങ്ങള്‍ പിന്നീട്‌ പല സംവിധായകരും ഏറ്റുപിടിച്ചപ്പോള്‍ മണ്ണില്‍ തൊടാതെ സാഹസികന്‍മാരായി മാറിയ ഒരുപാട്‌ കഥാപാത്രങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്‌ മോഹന്‍ലാല്‍. സാധാരണക്കാരനായ ഒരു ലാല്‍ കഥാപാത്രത്തെ കാണാനില്ല എന്നും പോലും പ്രേക്ഷകര്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പഴയകാല ലാല്‍ കാരക്‌ടറുകളില്‍ നിന്നും നിന്നും ഏറെ വ്യത്യസ്‌തമായ കഥാപാത്രമാണ്‌ സ്‌പിരിറ്റിലെ രഘുനന്ദനന്‍. ബാങ്ക്‌ ഉദ്യോഗസ്ഥനായിരുന്നു രഘുനന്ദനന്‍. ഏറെക്കാലം വിവിധ ബാങ്കുകളില്‍ ജോലി നോക്കി. എന്നാല്‍ ബാങ്കുകളിലെ പണത്തിന്റെയും കണക്കുകളുടെയും ലോകത്ത്‌ അയാളുടെ മനസ്‌ നിന്നതേയില്ല. അയാളുടെ മനസില്‍ എപ്പോഴും പുറംകാഴ്‌ചകളായിരുന്നു. അതുകൊണ്ടു തന്നെ ബാങ്ക്‌ ജോലിയോട്‌ വിടപറഞ്ഞ്‌ രഘുനന്ദനന്‍ സ്വതന്ത്രനായി.

പിന്നീട്‌ തിരഞ്ഞെടുത്ത ജോലി പത്രപ്രവര്‍ത്തകന്റേത്‌. രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ കുറെക്കാലം പത്രപ്രവര്‍ത്തകന്റെ വേഷം. എന്നാല്‍ പത്രപ്രവര്‍ത്തനത്തിലും ഏറെക്കാലം രഘുവിന്‌ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞതില്ല. അതോടെ നോവലിസ്റ്റിന്റെ വേഷം കെട്ടി രഘുനന്ദനന്‍ പുതിയ ജീവിതം തുടങ്ങി. വിദേശ മദ്യങ്ങളുടെ വലിയ ശേഖരത്തിന്‌ നടുവിലാണ്‌ ഇപ്പോള്‍ രഘുനന്ദനന്റെ ജീവിതം. വിലകൂടിയ മദ്യം. അത്‌ നുണഞ്ഞ്‌ ആസ്വദിക്കുന്ന ലഹരി. അതിനൊപ്പം എഴുത്തും വായനയും. രഘുവിന്റെ ഭാര്യയായിരുന്നു മീര. ഇരുവരും വിവാഹം വേര്‍പിരിഞ്ഞു. എങ്കിലും നല്ല സുഹൃത്തുക്കള്‍. മീര, മീരയുടെ ഭര്‍ത്താവ്‌ അലക്‌സി, അയല്‍വാസിയായ ക്യാപ്‌റ്റന്‍ നമ്പ്യാര്‍ എന്നിവരൊത്ത്‌ രഘുനന്ദനന്റെ സാഹ്‌യാനങ്ങള്‍ വിരസതയില്ലാതെ കടന്നു പോകുന്നു. ഇവരുടെ ജീവിതത്തിലേക്ക്‌ പുതിയൊരു കഥാപാത്രം കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ സ്‌പീരിറ്റില്‍ ദൃശ്യവല്‍കരിക്കുന്നത്‌. മോഹന്‍ലാലിനൊപ്പം മധു, കനിഹ, ശങ്കര്‍രാമകൃഷ്‌ണന്‍, ലെന എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. റഫീക്ക്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ ഷഹബാസ്‌ അമനാണ്‌. മോഹന്‍ലാല്‍ തന്നെ ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്നു. മെയ്‌ അവസാനം ചിത്രം തീയേറ്ററുകളിലെത്തും.
വീണ്ടും രഞ്‌ജിത്ത്‌ - ലാല്‍ ചിത്രം; സ്‌പിരിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക