Image

പിവിഎസ്‌ ആശുപത്രി ജീവനക്കാരുടെ സമരം ഒത്തു തീര്‍ന്നു; ആശുപത്രി അടച്ചു പൂട്ടില്ലെന്നും മാനേജ്‌മെന്റ്‌

Published on 20 May, 2019
പിവിഎസ്‌ ആശുപത്രി ജീവനക്കാരുടെ സമരം ഒത്തു തീര്‍ന്നു; ആശുപത്രി അടച്ചു പൂട്ടില്ലെന്നും മാനേജ്‌മെന്റ്‌

ശമ്പളകുടിശ്ശിക ഗഡുക്കളായി നല്‍കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പില്‍ പി വി എസ്‌ ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നു. തൊഴില്‍ വകുപ്പ്‌ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയിലാണ്‌ എട്ടുമാസത്തെ ശമ്പള കുടിശിക ഗഡുക്കളായി നല്‍കാമെന്ന്‌ മാനേജ്‌മെന്റ്‌ സമ്മതിച്ചത്‌.

2018 ആഗസ്റ്റ്‌ മുതല്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടി സമയത്ത്‌ ഹോസ്‌പിറ്റലിന്‌ മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തിവരികയായിരുന്നു.എറണാകുളം റീജിയണല്‍ ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ സമരം ഒത്തുതീര്‍പ്പായത്‌.

ഈ മാസം 24ന്‌ ശമ്പള കുടിശ്ശികയുടെ ആദ്യ ഗഡു നല്‍കും. ജൂണ്‍ 10നും ആഗസ്‌ത്‌ 20നുമായി ബാക്കി തുക നല്‍കുമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പ്‌ നല്‍കി. നേരത്തെ നടന്ന ചര്‍ച്ചകളില്‍ ഒരു മാസത്തെ ശമ്പളകുടിശിക മാത്രമെ നല്‍കാനാവു എന്നായിരുന്നു മാനേജ്‌മെന്റ്‌ നിലപാട്‌.

ആശുപത്രിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക്‌ രാജിവെക്കുന്ന സമയത്ത്‌ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന്‌ ജീവനക്കാര്‍ പറഞ്ഞു.

ആശുപത്രി എം ഡി പി വി മിനി, സഹോദരനും മാതൃഭൂമി ജോയിന്റ്‌ മാനേജിംഗ്‌ എഡിറ്ററുമായ പി വി നിധീഷ്‌ , മിനിയുടെ മകന്‍ അഭിഷേക്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
2019 ഏപ്രില്‍ 30നും അതിന്‌ മുമ്പും സ്ഥാപനത്തില്‍ നിന്ന്‌ പോയ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന്‌ മാനേജ്‌മെന്റ്‌ സമ്മതിച്ചു.

2018 ആഗസ്റ്റ്‌ മുതല്‍ നഴ്‌സിങ്‌ ഇതര ജീവനക്കാര്‍ക്കും 2019 ജനുവരി മുതല്‍ നഴ്‌സിങ്‌ ജീവനക്കാര്‍ക്കും ആനുകൂല്യം നല്‍കുമെന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക