Image

റൂസ്‌വെല്‍റ്റ്‌ ഹൗസില്‍ പുതിയ അമരക്കാരി എത്തുമ്പോള്‍

ബിനോയി തോമസ്‌ Published on 25 April, 2012
റൂസ്‌വെല്‍റ്റ്‌ ഹൗസില്‍ പുതിയ അമരക്കാരി എത്തുമ്പോള്‍
വാഷിംഗ്‌ടണ്‍ ഡി.സി: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറുടെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്‌ റൂസ്‌വെല്‍റ്റ്‌ ഹൗസ്‌ എന്നാണ്‌. അമേരിക്കയുടെ, ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡര്‍ എന്ന ഖ്യാതിയുമായി അറുപത്തഞ്ചുകാരിയായ നാന്‍സി പവല്‍ ഏപ്രില്‍ 19-ന്‌ റൂസ്‌വെല്‍റ്റ്‌ ഹൗസിലെ, പുതിയ അമരക്കാരി എത്തിയപ്പോള്‍ ഇന്ത്യ-യു.എസ്‌ ബന്ധത്തിലെ പുതിയ അധ്യായത്തിന്റെ താളുകള്‍ ചരിത്രത്തിന്‌ മുന്നില്‍ ഇതള്‍ വിടര്‍ത്തുന്ന്‌ കാണാന്‍ ഇരു രാജ്യങ്ങളും ആകാംക്ഷയോടെ നോക്കുകയാണ്‌.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിപ്ലോമാറ്റുകളില്‍ ഒരാളും, മുന്‍ ഫോറിന്‍ സെക്രട്ടറിയുമായ നിരുപമ റാവു, വാഷിംഗ്‌ടണില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരിക്കുമ്പോള്‍, അമേരിക്കന്‍ ഫോറന്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ ഫോറിന്‍ സര്‍വീസ്‌ ആന്‍ഡ്‌ ഡയറക്‌ടര്‍ ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സ്‌ പദവി അലങ്കരിച്ചിരുന്ന, കരിയര്‍ അംബാസിഡറായ നാന്‍സി പവല്‍ ഇന്ത്യയിലെത്തുന്നതെന്നും ശ്രദ്ധേയമാകുന്നു.

മുന്‍ അമേരിക്കന്‌ സ്ഥാനപതി തിമോത്തി റോമര്‍ 2011 ഏപ്രിലില്‍ സ്ഥാനം രാജിവെച്ചശേഷം ഡിസംബര്‍ 16-നാണ്‌ നാന്‍സി പവലിനെ പ്രസിഡന്റ്‌ ഒബാമ നോമിനേറ്റ്‌ ചെയ്‌തത്‌. മാര്‍ച്ച്‌ 29-നാണ്‌ യു.എസ്‌ സെനറ്റ്‌ നാന്‍സി പവലിന്റെ നോമിനേഷന്‍ അംഗീകരിച്ചത്‌.

ഫോറന്‍ സര്‍വീസ്‌ മേഖലയില്‍ നേട്ടങ്ങളുടെ ഉത്തുംഗശൃംഖത്തിലെത്തിയ നിരുപമ റാവുവിനെപ്പോലെ 34 വര്‍ഷങ്ങള്‍ നീണ്ട തിളക്കമാര്‍ന്ന ഫോറിന്‍ സര്‍വീസ്‌ കരിയറിന്റെ ഉടമയാണ്‌ നാന്‍സി പവലും.

2007 മുതല്‍ 2009 വരെ ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാളിലെ യു.എസ്‌ അംബാസിഡര്‍, 2006 മുതല്‍ 2007 വരെ നാഷണല്‍ ഇന്റലിജന്റ്‌സ്‌ ഓഫീസര്‍, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏവിയേഷന്‍ ഇന്‍ഫ്‌ളുവന്‍സ്‌ സീനിയര്‍ കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ഫോര്‍ ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്‌സ്‌ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള നാന്‍സി പവല്‍ പാക്കിസ്ഥാന്‍, ഘാന, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ അംബാസിഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

1992 മുതല്‍ 1995 വരെ ഇന്ത്യയിലെ കൊല്‍ക്കൊത്ത കോണ്‍സുല്‍ ജനറലായും, പിന്നീട്‌ യു.എസ്‌ എംബസിയില്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ്‌ മിനിസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള നാന്‍സി പവലിന്‌ ഇന്ത്യ സുപരിചിതം തന്നെ. ഇംഗ്ലീഷിനു പുറമെ ഫ്രഞ്ച്‌, നേപ്പാളി, ഹിന്ദി, ഉറുദു ഭാഷകള്‍ പ്രാവീണ്യത്തോടെ കൈകാരം ചെയ്യുന്ന ഇവര്‍ ഹോംലാന്റ്‌ സെക്യൂരിറ്റി സര്‍വീസ്‌ ടു അമേരിക്ക മെഡല്‍, അര്‍നോള്‍ഡ്‌ റാഫേല്‍ അവാര്‍ഡ്‌ എന്നിവയും നേടിയിട്ടുണ്ട്‌.

ഇന്ത്യ-യു.എസ്‌ ബന്ധത്തെ `ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും ശ്രദ്ധേയമായ പാര്‍ട്ട്‌ണര്‍ഷിപ്പ്‌' എന്ന്‌ വിശേഷിപ്പിച്ച നാന്‍സി പവല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യമേഖലകളിലെ സഹകരണത്തിനായിരിക്കും, അംബാസിഡര്‍ എന്ന നിലയില്‍ താന്‍ ഏറ്റവും ശ്രദ്ധിക്കുന്നതെന്ന്‌ ഇന്ത്യയിലേക്ക്‌ തിരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ വാഷിംഗ്‌ടണില്‍ യു.എസ്‌-ഇന്ത്യ ബിസിനസ്‌ കൗണ്‍സില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

പ്രസ്‌തുത ചടങ്ങില്‍ സംസാരിച്ച ഇന്ത്യയുടെ വാഷിങ്‌ടണിലെ ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ അംബാസഡര്‍ അരുണ്‍കുമാര്‍ സിങ്‌ 100 ബില്യന്‍ വിലമതിക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ട്രേഡിങ്‌ പാര്‍ട്‌നര്‍ ആയിട്ടാണ്‌ അമേരിക്കയെ വിശേഷിപ്പിച്ചത്‌. അമേരിക്കയിലെ മൂന്ന്‌ മില്യന്‍ ഇന്ത്യന്‍ വംശജരില്‍ 100,000 ല്‍ പരം പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്‌. അതുപോലെ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഇന്‍വെസ്‌റ്ററുമാണ്‌ ഇന്ത്യ.

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികള്‍ ഏതാണ്ട്‌ 15 ബില്യന്‍ ഡോളറാണ്‌ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ടാക്‌സ്‌ ഇനത്തില്‍ അമേരിക്കയ്‌ക്ക്‌ നല്‍കിയിട്ടുള്ളത്‌. സോഷ്യല്‍ സെക്യൂരിറ്റി ഇനത്തില്‍ പ്രതിവര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ ഒരു ബില്യനിലേറെ ഡോളര്‍ നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ അമേരിക്കയില്‍ ആയിരക്കണക്കിന്‌ തൊഴിലവസരങ്ങളാണ്‌ ഇന്ത്യന്‍ കമ്പനികള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌ എന്നും അരുണ്‍കുമാര്‍ സിങ്‌ ചൂണ്ടിക്കാട്ടി.

വസ്‌തുതകള്‍ ഇങ്ങനെയാണെങ്കിലും ഇന്ത്യ - യുഎസ്‌ ബന്ധത്തിലെ അത്ര സുഖകരമല്ലാത്ത അന്തരീക്ഷത്തിലാണ്‌ നാന്‍സി പവല്‍ ഇന്ത്യയില്‍ എത്തുന്നത്‌. ഇറാനുമായുള്ള പെട്രോളിയം രംഗത്തെ വാണിജ്യ ബന്ധത്തില്‍ നിന്നും പിന്‍മാറുവാന്‍ അമേരിക്ക അഭ്യര്‍ഥിച്ചിട്ടും ഇന്ത്യ കാട്ടുന്ന വിമുഖത അമേരിക്കയെ അലോസരപ്പെടുത്തുന്നു. അതുപോലെ ഇന്ത്യാ ഗവണ്‍മെന്റ്‌ ഭാവിയില്‍ നടപ്പിലാക്കുവാന്‍ പ്ലാന്‍ ചെയ്യുന്ന ടാക്‌സ്‌ പ്രപ്പോസലുകള്‍, വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ മുതല്‍ മുടക്കുവാന്‍ പ്രയാസമുണ്ടാക്കുമെന്നും അമേരിക്ക ഭയക്കുന്നു.

ഏറെ കൊട്ടിഘോഷിച്ച ആണവ കരാറും പ്രതീക്ഷിച്ചത്ര വാണിജ്യ ബന്ധമുണ്ടാക്കാന്‍ സഹായിച്ചില്ല. അമേരിക്ക ഏറെ പ്രതീക്ഷിച്ചിരുന്ന ഡിഫന്‍സ്‌ കരാറുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ പോയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അലോസരപ്പെടുത്തുന്നു.

ഈയിടെ ഇന്ത്യന്‍ പൗരന്മാരുടെ വിസ ഫീ അമേരിക്ക ഒറ്റയടിക്ക്‌ ഇരട്ടിയാക്കിയ നടപടി ഇന്ത്യയെയും ചൊടിപ്പിച്ചിട്ടുണ്ട്‌. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇരു രാജ്യങ്ങള്‍ക്കും പരസ്‌പരം താങ്ങിനില്‍ക്കേണ്ട ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും ഏറ്റവും പഴക്കം ചെന്ന ജനാധിപത്യവും തമ്മിലുള്ള ബന്ധം വരും കാലങ്ങളില്‍ മികച്ചതാകാനുള്ള സാധ്യതയാണ്‌ വിദഗ്‌ധര്‍ കാണുന്നത്‌.

ബിനോയി തോമസ്‌ (ജനറല്‍ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ).
റൂസ്‌വെല്‍റ്റ്‌ ഹൗസില്‍ പുതിയ അമരക്കാരി എത്തുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക