Image

എഴുതിത്തള്ളാനാവില്ല എക്‌സിറ്റ് പോൾ ഫലങ്ങൾ; മോദി കാലം തുടർന്നേക്കാം

കല Published on 19 May, 2019
എഴുതിത്തള്ളാനാവില്ല എക്‌സിറ്റ് പോൾ ഫലങ്ങൾ; മോദി കാലം തുടർന്നേക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം എത്തിയ എക്‌സിറ്റ് പോൾ ഫലങ്ങൾ 2014ന് തുല്യമായ മികച്ച വിജയം ബിജെപി മുന്നണിക്കും മോദിക്കും സമ്മാനിക്കുന്നു. പുറത്തു വന്ന എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് കേവലഭൂരിപക്ഷമോ അതിനടുത്തോ നൽകുന്നുണ്ട്. കോൺഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിക്കത്തക്ക മികവ് കോൺഗ്രസിന് കാഴ്ച വെക്കാൻ കഴിയുമെന്ന് ഒരു എക്‌സിറ്റ് പോളും പ്രവചിക്കുന്നില്ല. 
2014ൽ ഏറെക്കുറെ കൃത്യമായ ഫലപ്രവചനം നടത്തിയ ന്യൂസ് ടുഡെ ചാണക്യ ഫലപ്രവചനം തന്നെയെടുക്കാം. 
കഴിഞ്ഞ തവണ അവർ ബിജെപിക്ക് പ്രവചിച്ചത് 291 സീറ്റാണ്. ബിജെപി നേടിയത് 267 സീറ്റുകൾ. കോൺഗ്രസിന് 57 സീറ്റുകളാണ് 2014 പ്രവചിച്ചത്. കോൺഗ്രസ് 44 സീറ്റുകളാണ് നേടിയത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് 340 സീറ്റുകൾ പ്രവചിച്ചു. എൻഡിഎ നേടിയത് 336 സീറ്റുകൾ. ഏറെക്കുറെ കൃത്യമായ ഫല പ്രവചനമായിരുന്നു ന്യൂസ് ടുഡെയുടേത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 
ഇത്തവണ ചാണക്യ പ്രവചിച്ചിരിക്കുന്നത് എൻഡിഎ മുന്നണിക്ക് 306 സീറ്റാണ്. യുപിഎ 122ൽ ഒതുങ്ങുമെന്നും മറ്റുള്ളവർ 104 സീറ്റ് ലഭിക്കുമെന്നുമാണ്. 
യുപിയിൽ എസ്.പി ബിഎസ്പി സഖ്യം ബിജെപിയെ തച്ചു തകർക്കുമെന്നായിരുന്നു ഇതുവരെയും എല്ലാ രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നത്. എൺപത് സീറ്റിൽ എഴുപതെങ്കിലും എസ്.പി ബിഎസ്പി സഖ്യം നേടിയാൽ അത് ഹിന്ദി ബെൽറ്റിലെ ബിജെപിയുടെ അടിത്തറയിളക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മായാവതിയാവട്ടെ പ്രധാനമന്ത്രി പദത്തിലേക്ക വരെ കണ്ണനട്ടു. എന്നാൽ എസ്.പി ബിഎസ്പി സഖ്യത്തിൽ നാല്പത് സീറ്റിന് മുകളിൽ ഒരു എക്‌സിറ്റ് പോളും പ്രവചിക്കുന്നില്ല. ബിജെപിക്കും ഏതാണ്ട് തുല്യ നില ലഭിക്കുമെന്ന് കണക്കുകൾ കാണിക്കുന്നു. ഇതോടെ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് വലുതായി ഭയക്കേണ്ടതില്ല. 
അതേ സമയം ബിജെപി തങ്ങൾക്ക് വലിയ മേൽക്കൈ ഇല്ലാതിരുന്ന സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റം നടത്തുമെന്നും അത് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നുമാണ് കണക്കുകൾ കാണിക്കുന്നത്. 15 മുതൽ 20 സീറ്റുകൾ വരെയാണ് ബംഗാളിൽ ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. മമത ബാനർജിക്ക് വലിയ തിരിച്ചടി നേരിടുമെന്നും ബംഗാളിൽ സിപിഎം പാടെ ഇല്ലാതാകുമെന്നും പ്രവചിക്കപ്പെടുന്നു. ബംഗാളിൽ 15 സീറ്റുകൾ ബിജെപി നേടുമെന്ന് വന്നാൽ സിപിഎം ബംഗാളിൽ അവസാനിക്കുന്നുവെന്ന് ചുരുക്കം. നാളെ ഒരു പ്രാദേശിക കക്ഷി എന്ന നിലയിൽ മമതയും എത്രനാൾ ബിജെപിക്ക് മുമ്പിൽ പിടിച്ചു നിൽക്കുമെന്ന് പറയുക വയ്യ. 
തമിഴ്‌നാട്ടിലാണ് കോൺഗ്രസ് സഖ്യത്തിന് അല്പമെങ്കിലും മെച്ചം പ്രതീക്ഷിക്കാനുള്ളത്. ഡിഎംകെ കോൺഗ്രസ് സഖ്യം തമിഴ്‌നാട് നേടുക തന്നെ ചെയ്യും. കേരളത്തിലും യുഡിഎഫ് നല്ല മുന്നേറ്റം സൃഷ്ടിക്കും. എന്നാൽ മറ്റൊരു സംസ്ഥാനത്തും കോൺഗ്രസിന് തരംഗമില്ല എന്നതാണ് യഥാർഥ്യം. കഴിഞ്ഞ തവണ നിയമസഭയിൽ വിജയിച്ച രാജസ്ഥാനിൽ പോലും കോൺഗ്രസിന് പ്രതീക്ഷിക്കുന്ന മെച്ചം എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. 
എക്‌സിറ്റ് പോളുകളുടെ റിയാലിറ്റി എത്ര കണ്ട് ശരിയായി വരുമെന്നതാണ് ചോദ്യം. എന്നാൽ 2014ൽ എക്‌സിറ്റ് പോളുകൾ ഏറെക്കുറെ ശരിയായി വന്നുവെന്ന ചരിത്രം മുമ്പിലുണ്ട്. അങ്ങനെയെങ്കിൽ ഇക്കുറിയും മോദി തരംഗം എന്നതാണ് ഇന്ത്യയിലെ വസ്തുത. 
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയും എകിസിറ്റ് പോളുകൾ മുമ്പോട്ടു വെക്കുന്നുണ്ട്. തിരുവനന്തപുരത്താണ് ഈ പ്രതിക്ഷയുള്ളത്. എന്നാൽ ജയിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് പ്രവചനങ്ങൾ. പത്തനംതിട്ടയിലും ബിജെപിക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. കേരളത്തിൽ ബിജെപിക്ക് കാര്യമായ ചലനമൊന്നും സംഭവിക്കാനില്ല എന്നത് തന്നെയാണ് ഫലപ്രവചനം വ്യക്തമാക്കുന്നത്. 

Join WhatsApp News
Indian American 2019-05-19 22:18:47
ധ്യാനിക്കാന്‍ പോയ ചെലവ് മോദിയില്‍ നിന്നു ഈടാക്കണം. ഭരണവുമായി ബന്ധപ്പെട്ടൊന്നുമല്ലല്ലോ പോയത്.വിമാനം, രക്ഷാ സേന, പ്രസ് ഫോട്ടോഗ്രാഫര്‍, അമ്പോ എന്തൊരു ഭക്തി.. ഉത്തരേന്ത്യയില്‍ ചെലവാകും 
benoy 2019-05-19 19:52:37
ഇന്ത്യൻ അമേരിക്കൻ, താങ്കളെപ്പോലുള്ള  ചിന്താഗതിയുള്ളവർ ഇന്ത്യയിലെ നേരിയ ഒരു ന്യൂനപക്ഷമാണ്.  ജനാധിപത്യത്തിൽ അവരുടെ ധാര്മികരോഷത്തിനു സ്ഥാനമില്ലല്ലോ. 2014 ലും ബി ജെ പി ജയിച്ചപ്പോൾ  പലരും ഇന്ത്യയിൽ വീണ്ടും ഒരുതിരഞ്ഞെടുപ്പുണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. സംശയം വേണ്ട, 2024 ലും ഇന്ത്യയിൽ ഇലെക്ഷൻ ഉണ്ടാകും.
Indian American 2019-05-19 21:48:38
ഇനി ഇലക്ഷന്‍ ഉണ്ടാവുമെന്ന് എന്താണു ഉറപ്പ്? ഇന്ത്യ ഇന്നത്തെ നിലയില്‍നില്‍ക്കുമോ അതോ ആഭ്യന്തര കലാപത്തിലേക്കു പോകുമോ?
ഗാന്ധി കുടുംബത്തോടും മുസ്ലിംകളോടും ക്രിസ്ത്യാനികളോടുമുള്ള വിരൊധം കൊണ്ട് സ്വാതന്ത്ര്യങ്ങള്‍ വെട്ടിക്കുറച്ചാല്‍ ഏറെ അനുഭവിക്കുക ഹിന്ദു സമൂഹമയിരിക്കും. അവരാണല്ലോ ഭൂരിപക്ഷം. നോട്ട് നിരോധിച്ചപ്പോള്‍ സ്വന്തം പണവുമായി അതു മാറാന്‍ കെഞ്ചി നടന്നവരെ കണ്ട ഓര്‍മ്മയുണ്ട്. ഭൂരിപക്ഷം ഹിന്ദുക്കള്‍.
വിദ്യാഭ്യാസവും അറിവുമുള്ളവരാണു നല്ലൊരു പങ്ക് ബി.ജെ.പിക്കാര്‍. സംസ്‌കാരവും വിദ്യാഭ്യാസവും ആണു നേതാക്കള്‍ക്ക് വേണ്ടത്.
എന്തായാലും ആര്‍.എസ്.എസ്.-ബി.ജെ.പി-മോഡി വിചാരിക്കും പോലെ ഇന്ത്യന്‍ ജനത മുഴുവനൊന്നും അവരെ ഒരു കാലത്തും തുണക്കില്ല. എതിര്‍പ്പ് ഇനി കൂടുതല്‍ ശക്തിപ്പെടുകയെ ഉള്ളു. 
Indian American 2019-05-19 13:52:47
കണ്ടക ശനി കൊണ്ട് പോകു. ഇനി ഇന്ത്യയിൽ ഇലക്ഷൻ ഉണ്ടാവുമോ? ആർ.എസ.എസ. ബി.ജെ.പിക്കാർ തന്നെ അനുഭവിക്കും. നോട്ട് നിരോധനം അനുഭവിച്ച ഭൂരിപക്ഷം ഹിന്ദുക്കൾ ആയിരുന്നു.  വിദ്യാഭ്യാസവും വിവരവും ഉള്ള ഒരാളെ നേതൃത്വത്തിൽ കൊണ്ട് വരാനില്ല?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക