Image

ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും - മന്ത്രി കെ രാജു

Published on 19 May, 2019
ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും - മന്ത്രി കെ രാജു

കൊല്ലം : സംസ്ഥാനത്ത് ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ലഹരിയില്‍ നിന്നുള്ള മോചനം ലക്ഷ്യമാക്കി വിമുക്തി മിഷന്‍ നടത്തുന്ന ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മണ്‍സൂണ്‍ മാരത്തണിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമുക്തിയുടെ പ്രവര്‍ത്തനഫലമായി ലഹരി വസ്തുക്കളുടെ വ്യാപനം നല്ല രീതിയില്‍ നിയന്ത്രിക്കാനായി. തുടര്‍ പ്രവര്‍ത്തനമെന്ന നിലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ബോധവത്ക്കരണമാണ് നടത്തുന്നത്. കൊല്ലത്ത് നടത്തുന്ന മാരത്തണ്‍ വഴി പരമാവധി പേരിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കാനാകും എന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വനം വകുപ്പ് മന്ത്രി കെ രാജു ചെയര്‍മാനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ അഡ്വ വി രാജേന്ദ്രബാബു, ജില്ലയില്‍ നിന്നുള്ള എം പിമാര്‍, എം എല്‍ എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളുമായ സ്വാഗത സംഘം രൂപീകരിച്ചു. ഇതോടൊപ്പം 16 സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കി. ജൂണ്‍ 16ന് രാവിലെ 05.30നാണ് കന്റോണ്‍മെന്റ് മൈതാനത്ത് നിന്ന് മണ്‍സൂണ്‍ മാരത്തണ്‍ തുടങ്ങുക. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ 21 കിലോമീറ്റര്‍ ദൂരം പിന്നിട്ട് തിരികെ കന്റോണ്‍മെന്റ് മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് 06.30ന് ഫണ്‍ റണ്‍ പരിപാടി നടക്കും. മദ്യം, മയക്കു മരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് എതിരെയുള്ള സന്ദേശം പകരുന്ന പരിപാടി ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക