Image

ആദ്യ പ്രവാസി പുനരധിവാസ പദ്ധതി സെപ്‌റ്റംബറില്‍ തുടങ്ങും: നോര്‍ക്ക

ഷിനോജ്‌ കെ.ഷംസുദ്ദീന്‍ Published on 25 April, 2012
ആദ്യ പ്രവാസി പുനരധിവാസ പദ്ധതി സെപ്‌റ്റംബറില്‍ തുടങ്ങും: നോര്‍ക്ക
മസ്‌കറ്റ്‌: വിദേശത്ത്‌ നിന്ന്‌ തിരിച്ചുവന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആദ്യ പുനരധിവാസ പദ്ധതിക്ക്‌ ഈവര്‍ഷം സെപ്‌റ്റംബറില്‍ തുടക്കമാകുമെന്ന്‌ നോര്‍ക്ക സി.ഇ.ഒ. നോയല്‍ തോമസ്‌ പറഞ്ഞു.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കാവുന്ന സംരംഭങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനും ഗള്‍ഫില്‍ നിന്ന്‌ തിരിച്ചെത്തിയവരെ പദ്ധതികളെ കുറിച്ച്‌ ബോധവത്‌കരിക്കുന്നതിനും സംഘടിപ്പിക്കുന്ന ശില്‍പശാല ബുധനാഴ്‌ച തിരുവനന്തപുരത്ത്‌ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത്‌ മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ ക്ഷീരവികസന കോര്‍പറേഷന്‍, സിഡ്‌കോ, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ടെക്‌നോപാര്‍ക്ക്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നിവയുടെ പ്രതിനിധികള്‍ വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തും.
പ്രവാസി ക്ഷേമനിധിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അതേ മാനദണ്ഡമനുസരിച്ചായിരിക്കും അപേക്ഷകന്‍ പദ്ധതിക്ക്‌ അര്‍ഹനാണെന്ന്‌ നിശ്ചയിക്കുക. ഇന്ന്‌ നടക്കുന്ന ശില്‍പശാലയില്‍ മുന്നോട്ടവക്കുന്ന പദ്ധതിക്ക്‌ പുറമെ സ്വന്തമായി ആവിഷ്‌കരിച്ച സംരംഭങ്ങളുമായും അപേക്ഷകര്‍ക്ക്‌ നോര്‍ക്കയെ സമീപിക്കാം. ഇവര്‍ക്ക്‌ പ്രൊജക്ട്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നതിനും മറ്റ്‌ സഹായം നല്‍കുന്നതിനും ബിസിനസ്‌ സെന്‍റര്‍ ആരംഭിക്കാനും ഉദ്ദേശിക്കു
ന്നുണ്ട്‌.

പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കിയ ഇന്‍ഷൂറന്‍സ്‌ പദ്ധതിയുടെ ആനുകൂല്യം രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. 2008 ല്‍ ആരംഭിച്ച ഒരുലക്ഷം രൂപയുടെ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക്‌ പുതിയ പദ്ധതിയിലേക്ക്‌ പോളിസി പുതുക്കാന്‍ സൗകര്യമുണ്ട്‌. മൂന്നുവര്‍ഷത്തിന്‌ 300 രൂപ പ്രീമിയം അടച്ച്‌ പദ്ധതിയില്‍ അംഗമാകാമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നോര്‍ക്കയുടെ കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം ഓഫീസുകളിലോ 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാമെന്നും നോയല്‍ തോമസ്‌ അറിയിച്ചു.
ആദ്യ പ്രവാസി പുനരധിവാസ പദ്ധതി സെപ്‌റ്റംബറില്‍ തുടങ്ങും: നോര്‍ക്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക