Image

തിരഞ്ഞെടുപ്പിന് അവസാനമാകാന്‍ ഇനി ഒരു പകല്‍ ബാക്കി; മുന്നണി ശ്രമങ്ങളുമായി കോണ്‍ഗ്രസ് കളത്തില്‍

കലാകൃഷ്ണന്‍ Published on 18 May, 2019
തിരഞ്ഞെടുപ്പിന് അവസാനമാകാന്‍ ഇനി ഒരു പകല്‍ ബാക്കി; മുന്നണി ശ്രമങ്ങളുമായി കോണ്‍ഗ്രസ് കളത്തില്‍

ബിജെപിയും ബിജെപി വിരുദ്ധ പാര്‍ട്ടികളും എന്ന സമവാക്യത്തിലേക്ക് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് കൊട്ടിക്കലാശം സംഭവിക്കുകയാണ്. വീണ്ടുമൊരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ശക്തമായി പൊരുതുന്ന കോണ്‍ഗ്രസും പ്രബല പ്രാദേശിക പാര്‍ട്ടികളും. ഇനിയൊരു വട്ടം കൂടി അധികാരത്തില്‍ എത്തിയാല്‍ സമഗ്രാധിപത്യത്തിന്‍റെ സാധ്യതകളിലേക്ക് ബിജെപിക്ക് തുറന്നു കിട്ടുന്ന വാതില്‍. ഇതാണ് 2019 ഇലക്ഷന്‍റെ ബാക്കി പത്രമാകാന്‍ പോകുന്നത്. 
ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്ന് വ്യക്തമായി അറിയുന്നവരാണ് കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് കോണ്‍ഗ്രസിന്‍റെ മുന്നണി ബന്ധങ്ങള്‍ക്ക് അടിത്തറയിടാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനായി എല്ലാ പ്രാദേശിക പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ, സിപിഎം, ബിഎസ്പി എന്‍സിപി തുടങ്ങി എല്ലാ പ്രബല പാര്‍ട്ടികളുമായും നായിഡു രാഹുലിന്‍റെ ദൂതനായി. 
നായിഡുവിന്‍റെ ശ്രമങ്ങള്‍ക്ക് മറ്റൊരു തലം കൂടിയുണ്ട്. തന്‍റെ ബദ്ധ ശത്രുവായ തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ.ചന്ദ്രശേഖര റാവുവിന്‍റെ മൂന്നാംമുന്നണിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് തടയിടുക. 2019 ഇലക്ഷന്‍ അത്തരമൊരു സാധ്യത കൂടി മുന്നോട്ടു വെയ്ക്കുന്നുണ്ട് എന്നതാണ് യഥാര്‍ഥ്യം. എത്രത്തോളം പ്രായോഗികമാകും എന്നറിയില്ലെങ്കിലും ഒരു മൂന്നാം മുന്നണിയുടെ സാധ്യത തെലുങ്കാന, ബംഗാള്‍, യുപി, ഒഡിഷ സംസ്ഥാനങ്ങളിലെ പ്രബല പ്രാദേശിക പാര്‍ട്ടികളിലായി ഉരുത്തിരിയുന്നുണ്ട്. 
ബംഗാളില്‍ മമത, യു.പിയില്‍ മായാവതിയും അഖിലേഷും, ഒഡീഷയില്‍ നവീന്‍ പട്നായിക്, തെലുങ്കാനയില്‍ ചന്ദ്രശേഖര റാവു എന്നിവര്‍ ഇതുവരെയും കോണ്‍ഗ്രസിനോടോ ബിജെപിയോടോ മനസ് തുറന്നിട്ടില്ല. യു.പിയില്‍ മായാവതി ബിജെപിയേക്കാള്‍ കൂടുതലായി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ബിജെപിയെ തുരത്താന്‍ മഹാസഖ്യം രൂപികരിച്ച മായാവതിയും അഖിലേഷും കൃത്യമായ ധാരണയുടെ പുറത്താണ് കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയിരിക്കുന്നത്. ഇനിയൊരു പ്രധാനമന്ത്രി യു.പിയില്‍ നിന്നുള്ള വനിതയാവണം എന്ന് കടത്തിപ്പറഞ്ഞത് അഖിലേഷാണ്. അത് മായാവതിക്കുള്ള സാധ്യത തുറക്കലാണ് എന്ന് ആര്‍ക്കും വ്യക്തവുമാണ്.  ബംഗാളില്‍ ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം വെച്ച് മമതയും തന്‍റെ സാധ്യതകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് കാണുന്നുണ്ട്. 
ഒരു 120 സീറ്റുകള്‍ക്ക് അപ്പുറം കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ ഈ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ഒരു പാര്‍ട്ടിയായി ഏത് സമര്‍ദ്ദത്തിനും കോണ്‍ഗ്രസിന് വഴങ്ങേണ്ടി വരുമെന്നതാണ് യഥാര്‍ഥ്യം. 120 സീറ്റിന് താഴെയെങ്കില്‍ പ്രധാനമന്ത്രി പദം വിട്ടു കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് തയാറാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പോലും പറയാന്‍ തുടങ്ങി. മമതയും മായാവതിയും നവീന്‍ പട്നായിക്കും ചന്ദ്രശേഖരറാവുവും ഇപ്പോഴും പിടിതരാതെ നില്‍ക്കുന്നതാണ് ഈ സമര്‍ദ്ദത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടു ചെന്നെത്തിക്കുന്നത്. 
എന്നാല്‍ മറുവശത്ത് ബിജെപി രണ്ടും കല്‍പ്പിച്ചാണ് എന്ന് ഏതൊരാള്‍ക്കും വ്യക്തമാണ്. മുമ്പ് കര്‍ണാടകയില്‍ കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എങ്ങനെ നിങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കും എന്ന് ഇത്ര ആത്മവിശ്വാസത്തോടെ പറയുന്നു എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് 'ഡോണ്‍ട് വൊറി, വി ഹാവ് അമിത് ഷാ' എന്നായിരുന്നു ആര്‍.എസ്.എസ് വക്താവ് റാം മാധവിന്‍റെ മറുപടി. 
എന്താണ് അമിത് ഷായുടെ പ്രസക്തി. സാമ്പത്തിക ശക്തികൊണ്ട് കുതിരക്കച്ചവടം നടത്തുക എന്നത് തന്നെയാണ് അമിത് ഷായുടെ ഇന്നത്തെ രാഷ്ട്രീയത്തിലെ പ്രസക്തി. ഒരു സുപ്രഭാതം കൊണ്ട് ഒരു സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അപ്പാടെ കാവി പുതിച്ച് ബിജെപിയാകുന്ന മായാജാലമൊക്കെ കാട്ടിയിട്ടുണ്ട് അമിത് ഷാ. ഈ സാമ്പത്തിക ശക്തിയുടെ മായാജാലത്തെ കോണ്‍ഗ്രസ് മാത്രമല്ല സകല പ്രാദേശിക പാര്‍ട്ടികളും ഭയക്കുന്നുണ്ട്. 
നിരസിക്കാന്‍ പറ്റാത്ത ഓഫറുകള്‍ നല്‍കാന്‍ കെല്‍പ്പുണ്ട് ബിജെപിക്ക്. അതുകൊണ്ടു തന്നെ ഇപ്പോള്‍ രാജ്യം മുഴുക്കെ മുന്നണി ശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസും ദൂതന്‍മാരും നടത്തുന്ന ഓട്ടം ബിജെപി നടത്തുന്നതായി കാണുന്നില്ല. ഇപ്പോള്‍ തന്നെ മുന്നണി ബന്ധങ്ങള്‍ പണത്തൂക്കം കൊണ്ട് പറഞ്ഞുറപ്പിച്ചു കഴിഞ്ഞുവോ എന്ന് തീര്‍ച്ചയായും സംശയിക്കാം. അതിന്‍റെ റിസള്‍ട്ടിനായി ഇനി കാത്തിരിക്കേണ്ടത് ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. മെയ് 23 പുതിയ ഇന്ത്യയുടെ വിധിയെഴുത്ത് നടത്തുക തന്നെ ചെയ്യും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക