Image

നോര്‍വേയില്‍ സി.ഡബ്ല്യു.എസ്‌ ഏറ്റെടുത്ത കുട്ടികള്‍ പിതൃസഹോദരനൊപ്പം നാട്ടിലെത്തി

Published on 25 April, 2012
നോര്‍വേയില്‍ സി.ഡബ്ല്യു.എസ്‌ ഏറ്റെടുത്ത കുട്ടികള്‍ പിതൃസഹോദരനൊപ്പം നാട്ടിലെത്തി
ന്യൂഡല്‍ഹി: നോര്‍വേയിലെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ സര്‍വീസ്‌ (സി.ഡബ്ല്യു.എസ്‌)അധികൃതര്‍ ഏറ്റെടുത്ത ഇന്ത്യന്‍ കുട്ടികളായ മൂന്ന്‌ വയസുള്ള അഭിഗ്യാനും ഒരു വയസുള്ള ഐശ്വര്യയും ഒരു വര്‍ഷത്തോളം നീണ്‌ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യയിലെത്തി. ചൊവ്വാഴ്‌ച രാവിലെ ഡല്‍ഹിയില്‍ പിതൃസഹോദരന്‍ അരുണബാഷ ഭട്ടാചാര്യക്കൊപ്പമെത്തിയ കുട്ടികള്‍ സ്വദേശമായ കോല്‍ക്കട്ടയിലേക്ക്‌ പോയി.

കുട്ടികളെ ഇന്ത്യയിലുള്ള പിതൃസഹോദരന്‍ അരുണബാഷക്ക്‌ വിട്ടുനല്‍കാന്‍ തയാറാണെന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ അധികൃതര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ കുട്ടികളെ വിട്ടുകിട്ടുന്ന കാര്യത്തില്‍ അനുകൂല ഉത്തരവ്‌ ഉണ്‌ടായത്‌. കുട്ടികളെ പിതൃസഹോദരനോടൊപ്പം അയയ്‌ക്കാന്‍ സമ്മതമാണെന്നറിയിച്ച്‌ കുട്ടികളുടെ മാതാപിതാക്കള്‍ സമ്മതപത്രം നല്‍കിയിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച്ച തന്നെ പിതൃസഹോദരന്‌ കുട്ടികളെ കൈമാറ്റം ചെയ്‌തിരുന്നു. തിങ്കളാഴ്‌ച്ച രാത്രിയോടെ കുട്ടികളുമായി അരുണബാഷ ഭട്ടാചാര്യ നോര്‍വേയില്‍ നിന്നും പുറപ്പെടുകയായിരുന്നു.

മാതാപിതാക്കളായ അനുരൂപ്‌ ഭട്ടാചാര്യയും ഭാര്യ സാഗരികയും കുട്ടികളെ ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ അഭിഗ്യാനേയും സഹോദഹരി ഐശ്വര്യയേയും സി.ഡബ്ല്യു.എസ്‌ ഒരുവര്‍ഷം മുന്‍പ്‌ ഏറ്റെടുത്തത്‌. കുട്ടികള്‍ക്ക്‌ കൈകൊണ്‌ട്‌ ഭക്ഷണം വാരി നല്‍കുന്നുവെന്നും ഒപ്പം കിടത്തി ഉറക്കുന്നുവെന്നുമായിരുന്നു അധികൃതരുടെ ആരോപണം. നോര്‍വേയുടെയും ഇന്ത്യയുടെയും സംസ്‌കാരത്തിലും ജീവിത രീതികളിലുമുള്ള വ്യത്യാസം മനസിലാക്കുന്നതില്‍ വന്ന വീഴ്‌ചയാണ്‌ സി.ഡബ്ല്യു.എസ്‌ അധികൃതര്‍ കുട്ടികളെ ഏറ്റെടുക്കുന്നതില്‍ കലാശിച്ചത്‌. 2011 മേയ്‌ മാസത്തിലാണ്‌ കുട്ടികളെ അധികൃതര്‍ ഏറ്റെടുത്തത്‌.

സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെടുകയായിരുന്നു. തുടര്‍ന്നാണ്‌ പിതൃസഹോദരന്‌ കുട്ടികളെ കൈമാറിക്കൊണ്‌ട്‌ ഒടുവില്‍ കോടതി ഉത്തരവ്‌ വന്നത്‌. അതേസമയം, മാതാപിതാക്കളായ അനുരൂപ്‌ ഭട്ടാചാര്യയും സാഗരികയും വിവാഹമോചനത്തിന്‌ ശ്രമം തുടങ്ങിയതും കുട്ടികളുടെ വിട്ടുകിട്ടുന്നതിനുള്ള നടപടികളില്‍ താമസം വരുത്തി. ഇരുവരും തമ്മിലുള്ള കലഹത്തെതുടര്‍ന്ന്‌ ഇവരില്‍ ഒരാള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.എസ്‌ അധികൃതര്‍ കുട്ടികളെ ഏറ്റെടുത്തതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചൊവ്വാഴ്‌ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കുട്ടികളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗര്‍ അടക്കമുള്ളവര്‍ എത്തിയിരുന്നു.
നോര്‍വേയില്‍ സി.ഡബ്ല്യു.എസ്‌ ഏറ്റെടുത്ത കുട്ടികള്‍ പിതൃസഹോദരനൊപ്പം നാട്ടിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക