Image

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; 40 വീടുകള്‍ നവകേരളത്തിന് സമര്‍പ്പിക്കും:ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 16 May, 2019
ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; 40 വീടുകള്‍ നവകേരളത്തിന് സമര്‍പ്പിക്കും:ഫിലിപ്പ് ചാമത്തില്‍
ഫോമയുടെ കേരളാ കണ്‍വന്‍ഷനു ജൂണ്‍ രണ്ടിന് അരങ്ങേറുമ്പോള്‍ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ ഒരുക്കി താക്കോല്‍ കൈമാറുന്ന അസുലഭമായ മുഹൂര്‍ത്തം കൂടിയാവും അത്.

കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതായും നാല്‍പ്പത് വീടുകള്‍ നവകേരളത്തിന് സമര്‍പ്പിക്കുമെന്നും ഫോമാ പ്രസിഡന്റ് ഫിലിപ്പ്ചാമത്തില്‍ ഇ-മലയാളിയോട് പറഞ്ഞു.

മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് താക്കോല്‍ദാനം നിര്‍വ്വഹിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തല ആ പ്രൗഢ മുഹുര്‍ത്തത്തിന്സാക്ഷിയാകും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക, രംഗത്തെ പ്രമുഖരായ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. കഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍ ഫോമാ നേതൃത്വം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ഒരു ഘട്ടം കൂടി ഇതോടെ പൂര്‍ത്തിയാവുകയാണ്.

തിരുവല്ല കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കണ്‍വന്‍ഷിനിലേക്ക് എല്ലാ അമേരിക്കന്‍ മലയാളി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഔദ്യോഗികമായി ക്ഷണിക്കുന്നതായും ഫോമാ പ്രസിഡന്റ് അറിയിച്ചു

കേരള കണ്‍വന്‍ഷനെ ഒരു ജനകീയ കണ്‍വന്‍ഷനാക്കി മാറ്റുന്നതിനാണ് സംഘാടകരുടെ പരിശ്രമം. അതിനായി ഫോമയുടെ എല്ലാ നേതാക്കളും കേരള കണ്‍വന്‍ഷന്‍ കമ്മറ്റിയും അഹോരാത്രം പ്രവര്‍ത്തിക്കുന്നു.

കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍  ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍ വളരെ സംഘടിതമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തപ്പെട്ടത്. ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് , ജോ. സെക്രട്ടറി സാജു ജോസഫ്ജോ. ട്രഷറാര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ഫോമാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി ഏബ്രഹാം തുടങ്ങിയവര്‍ പ്രളയ സമയത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു .

അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം കൂടിയ യോഗത്തില്‍ പ്രളയ മേഖലയ്ക്ക് നാളേയ്ക്ക് ഉതകും വിധം എന്തെങ്കിലും സഹായങ്ങള്‍ നല്‍കണമെന്ന്  ഫിലിപ് ചാമത്തില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. അദ്ദേഹം തന്നെ ഫോമാ വില്ലേജ് എന്നൊരു ആശയം അവതരിപ്പിച്ചു. ഫോമയുടെ കമ്മറ്റി അംഗമായ നോയല്‍ മാത്യു ഒരേക്കര്‍ ഭൂമി ദാനമായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ഫ്‌ലോറിഡയില്‍ നിന്നുള്ള പൗലോസ് കുയിലാടന്‍ ഒരു വീടിനുള്ള തുക നല്‍കി പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പെട്ടന്നു തന്നെ അനിയന്‍ ജോര്‍ജ് ചെയര്‍മാനും, ജോസഫ് ഔസോ കോ-ഓര്‍ഡിനേറ്ററുമായ ഒരു ഫണ്ട് റെയ്‌സിംഗ് മ്മിറ്റി നിലവില്‍ വരികയും വിവിധ ഭാഗങ്ങളില്‍ നിന്ന് വില്ലേജ് പ്രോജക്ടിന് സഹായം എത്തിത്തുടങ്ങുകയും ചെയ്തു.

ഈ സമയത്ത് ഫോമയുടെ പ്രഥമ യൂത്ത് ചെയര്‍മാനായ ഉണ്ണികൃഷ്ണന്‍ നാട്ടില്‍ വരികയും കടപ്രയില്‍ സര്‍ക്കാര്‍ വക ഭൂമി വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഫോമാ വില്ലേജ് പ്രോജക്ടിന് ഔദ്യോഗിക തുടക്കമാവുകയും ചെയ്തു.

ഫോമാ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഏഴോളം മെഡിക്കല്‍ ക്യാമ്പുകളുടെ ഭാഗമായി ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് തുടങ്ങിയവര്‍ നാട്ടിലെത്തിയ സമയത്ത്
വീടുകള്‍ ലഭിക്കേണ്ട കുടുംബങ്ങളുമായും പത്തനംതിട്ട, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

തുടര്‍ന്ന് പൊതുമരാമത്ത്  മന്ത്രി ജി. സുധാകരന്‍ ഔദ്യോഗികമായി തറക്കല്ലിട്ടതോടെ ഫോമാ വില്ലേജിന് തുടക്കമായി.

മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നോയല്‍ മാത്യു നല്‍കിയ ഭൂമിയിലും ഭവനനിര്‍മ്മാണത്തിന്  തുടക്കമായി. കോഴിക്കോട്കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയാണ് ഫോമാ വില്ലേജിലെ വീടുകളുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് .

വളരെ ചുരുങ്ങിയായ സമയം കൊണ്ട് ഫോമാ വില്ലേജ് പ്രോജക്ട് സാധ്യമാക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിലിപ്പ് ചാമത്തില്‍ ഇ-മലയാളിയോട് പറഞ്ഞു. ഈ വിജയത്തിന് പിന്നില്‍ ഫോമയുടെ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷററര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറന്‍പില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി എബ്രഹാം, ജോണ്‍ ടൈറ്റസ്, അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ, ഉണ്ണികൃഷ്ണന്‍, പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, മോന്‍സി വര്‍ഗീസ്, തുടങ്ങി ഫോമയുടെ എല്ലാ കമ്മിറ്റി മെമ്പര്‍മാര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്മാര്‍, തുടങ്ങി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ട് .

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്കും, വില്ലേജ് പ്രോജക്ട് ഉത്ഘാടന സമ്മേളനത്തിലേക്കും തുടര്‍ന്നുള്ള പരിപാടികളിലേക്കും തിരുവല്ലയിലെയിലെയും, കടപ്രയിലെയും എല്ലാ നിവാസികളെയും, ഫോമയുടെ അഭ്യുദയകാംഷികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഫിലിപ്പ് ചാമത്തില്‍, ജോസ് എബ്രഹാം, ഷിനു ജോസഫ്, വിന്‍സെന്റ് ബോസ് മാത്യു, സാജു ജോസഫ്, ജയിന്‍ കണ്ണച്ചാന്‍പറന്‍പില്‍, സജി എബ്രഹാം എന്നിവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക