Image

ഇ, സി വിസ പൗരത്വത്തിനുള്ള മാര്‍ഗം ആകുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 16 May, 2019
ഇ, സി വിസ പൗരത്വത്തിനുള്ള മാര്‍ഗം ആകുമോ? (ഏബ്രഹാം തോമസ്)
അമേരിക്കയില്‍ ഒരു കോി ഏഴ് ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 78 ലക്ഷം പേര്‍  അമേരിക്കയുടെ തൊഴില്‍ ശക്തിയുടെ ഭാഗമാണ്. ഇവരില്‍ ഭൂരിഭാഗത്തിനും എച്ച്2എ, എച്ച് 2 ബി വിസകള്‍ക്ക് അപേക്ഷിക്കുവാനോ കഴിയൂ. ഈ വര്‍ഷം എച്ച് 2 ബിവിസകള്‍ 96,000 മാത്രം നല്‍കിയാല്‍ മതിയെന്ന് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. എച്ച് 2 എ വിസകള്‍ പരിമിതമല്ല. പക്ഷെ ഇവ കൃഷിസംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കൂ. 78 ലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നിയമപരമായി യു.എസില്‍ ജോലി ചെയ്യണമെങ്കില്‍ 77 ലക്ഷം പേര്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തണം. ഇത് സംഭവിക്കുക സാധ്യമല്ല. നിലവിലെ സംവിധാനത്തില്‍ വര്‍ഷങ്ങളായി കഠിന പരിശ്രമം നടത്തുന്നവര്‍ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടാതെ, യു.എസിന്റെ നികുതി സംവിധാനത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കാതെ പാത്തും പതുങ്ങിയും കഴിയേണ്ടി വന്നിരിക്കുകയാണ്.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു എക്കണോമിക്ക് കോണ്‍ട്രിബ്യൂട്ടര്‍(ഇസി) വിസ സൃഷ്ടിക്കണമെന്ന് ഒരു നിര്‍ദേശം മുന്നോട്ട് വന്നിരിക്കുകയാണ്. നാല് വര്‍ഷമോ അതിലധികമോ ആയി യു.എസില്‍ വസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത വ്യക്തി ഇസി വിസയ്ക്ക് യോഗ്യത നേടും. ഓരോ ഇസി വിസയും അപേക്ഷകന്(യ്ക്ക്) ഒരു വര്‍ക്ക് നമ്പര്‍ നല്‍കും. സോഷ്യല്‍ സെക്യൂരിറ്റി നമ്പരില്ലാത്ത ഇവര്‍ക്ക് ഈ നമ്പര്‍ നല്‍കി ടാക്‌സ് ഫയല്‍ ചെയ്യുവാന്‍ കഴിയും.

നിയമാനുസൃതമല്ലാതെ കുടിയേറിയ 78 ലക്ഷം തൊഴിലാളികളും പ്രതിവര്‍ഷം  25,000 ഡോളര്‍ വീതം വരുമാനം ഉണ്ടാകുന്നുണ്ടെങ്കില്‍ 12% നികുതി ഈ തുകയ്ക്ക് നല്‍കിയാല്‍ ഫെഡറല്‍ ഇന്‍കം ടാക്‌സ് റെവന്യൂ  23.4 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും. ഇപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ്ിന് നഷ്ടപ്പെടുന്ന വരുമാനമാണ് ഇത്.

കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാതെ നാല് വര്‍ഷം നികുതി നല്‍കുന്ന ഒരു ഇസി വിസ ഉടമയ്ക്ക് നിയമപരമായി പെര്‍മനന്റ് റെസിഡന്റിനുള്ള ഗ്രീന്‍കാര്‍ഡ് നല്‍കാനാവും. ഈ ഘട്ടം മുതല്‍ നാച്വറലൈസ്്ഡ് സിറ്റിസന്‍ഷിപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കാലക്രമേണ പൗരത്വം നേടാനുള്ള മാര്‍ഗം തുറക്കുകയായി. പെര്‍മനന്റ് റെസിഡന്റ് ആയിക്കഴിഞ്ഞാല്‍ ജീവിത പങ്കാളിയെയും 21 വയസില്‍ താഴെ പ്രായമുള്ള മക്കളെയും യു.എസിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയും. ഇവരുടെ ക്രമിനല്‍ പശ്ചാത്തലപരിശോധനയ്ക്കും മറ്റും ശേഷം, പ്രൈമറി ഇസി വിസയ്ക്ക് നിയമപരമായി സാധുത ഉള്ളിടത്തോളം കാലം ഇവര്‍ക്ക് യു.എസില്‍ കഴിയാന്‍ കഴിയും.
രാഷ്ട്രീയ നേതാക്കള്‍ വര്‍ഷങ്ങളോളം കുടിയേറ്റ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടാതെ കഴിയുകയാണ്. ഇവര്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ക്രിയാത്മക സംഭാവനകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവാനും  അമേരിക്കയ്ക്ക് കഴിയുന്നില്ല. ഓരോ ദിവസവും തങ്ങള്‍ പിടിക്കപ്പെടുമോ ഏറെ പരിശ്രമിച്ച് നേടുന്ന നേട്ടങ്ങള്‍ തകര്‍ക്കപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍ കഴിയുന്നത്. കുടുംബാംഗങ്ങള്‍ വേര്‍പ്പെടുത്തപ്പെടുമോ എന്നും ഇവര്‍ ഭയപ്പെടുന്നു.

മറഞ്ഞിരിക്കുന്ന ദശലക്ഷക്കണക്കിനാളുകളെ പൊതു രംഗത്തേയ്ക്ക് കൊണ്ടുവരാന്‍ ഇസി വിസകള്‍ സഹായിക്കുമെന്ന് ഈ ആശയം മുന്നോട്ടു വയ്ക്കുന്നവര്‍ പറയുന്നു. ഇതുവരെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇ, സി വിസ പൗരത്വത്തിനുള്ള മാര്‍ഗം ആകുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക