Image

അമ്പമ്പോ, ഇതെന്തൊരു തെരഞ്ഞെടുപ്പ്! (പകല്‍ക്കിനാവ് 148: ജോര്‍ജ് തുമ്പയില്‍)

Published on 15 May, 2019
അമ്പമ്പോ, ഇതെന്തൊരു തെരഞ്ഞെടുപ്പ്! (പകല്‍ക്കിനാവ് 148: ജോര്‍ജ് തുമ്പയില്‍)
ഇതെന്തൊരു ദുരൂഹതയാണ്? പിടക്കോഴി പൊരുന്നയിരിക്കുന്നതു പോലെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു. ഇത്രയുമായിട്ടും ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇത് എന്താണിങ്ങനെ എന്ന മട്ടില്‍ ഒന്ന് ഇന്റര്‍നെറ്റില്‍ കയറി പതിവു പോലെ അന്വേഷിച്ചു നോക്കിയതാണ്. അപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണത്രേ ഇന്ത്യയിലേത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി വന്നത് 35 ദിവസം. ഇത്തവണയാവട്ടെ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയാവുമ്പോള്‍ അത് 38 ദിവസമാവും. ഇത്തവണത്തേത് വലിയ റെക്കാഡ്. ഇതു കൂടാതെ, പിന്നെയും നാലു ദിവസം കൂടി വേണം ഫലം പ്രഖ്യാപിക്കാന്‍. പതിനേഴാം ലോക്‌സഭയിലേക്ക് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അതു മാനവചരിത്രത്തില്‍ തന്നെയാകും ഇടം പിടിക്കുക. ഇത്രയും നാള്‍ നീണ്ട ഒരു തെരഞ്ഞെടുപ്പ് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ 81.4 കോടി ജനങ്ങളാണ് സമ്മദിതായക അവകാശം വിനിയോഗിച്ചതെങ്കില്‍  ഇത്തവണ അത് 8.3 കോടി ജനങ്ങള്‍ക്ക് കൂടി പുതിയതായി ഉണ്ടായിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ 90 കോടി ജനങ്ങള്‍. യൂറോപ്പും റഷ്യയും ഒരുമിച്ചു ചേര്‍ത്താല്‍പോലും ഇത്രയും പേര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുകയില്ലത്രേ. അപ്പോള്‍ പിന്നെ മാസം ഒന്ന് എന്നൊക്കെ പറയുന്നത് അല്‍പ്പം കൂടി നീട്ടി വാങ്ങിയാലും തെറ്റില്ല. അല്ലാതെ അമേരിക്കയിലേത് പോലെ വോട്ടെടുപ്പു കഴിഞ്ഞാലുടന്‍ ഫലം പ്രഖ്യാപിക്കുന്നത് ഇന്ത്യയെ പോലൊരിടത്ത് തെല്ലും സാധ്യമല്ലല്ലോ. 29 സംസ്ഥാനങ്ങള്‍ അതിലേറെ പ്രശ്‌നങ്ങള്‍ ഉള്ളിടത്ത് തെല്ലും അലോസരമുണ്ടാകാതെ വേണം ഇതൊക്കെ ചെയ്‌തെടുക്കാന്‍. അതു ഇമ്മിണി വലിയൊരു കാര്യം തന്നെയാണ്. നടത്തിപ്പുകാരന്‍ സുനില്‍ അറോറയ്ക്ക് ഒരു ബിഗ് സല്യൂട്ട്!
എങ്കിലും, ഇതെന്തൊരു ദുരൂഹതയാണ്? ഉറക്കമില്ലാത്ത രാവുകളുടെ ഘോഷയാത്രകള്‍ക്ക് ഒരു അവസാനവുമില്ലെന്ന തോന്നലുണ്ടാക്കി തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടേയിരിക്കുന്നു. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരുന്നത്രേ ഇത്തവണത്തേത്. ആദ്യമായി എല്ലാ പോളിങ് സ്‌റ്റേഷനിലും വിവി-പാറ്റ് എന്ന മെഷീന്‍ (വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഉപയോഗിക്കുന്നു. തങ്ങളുടെ സമ്മതിദാന അവകാശം ശരിയായ ആള്‍ക്ക് തന്നെയാണ് ചെയ്തതെന്നു വോട്ടര്‍ക്ക് ഈ മെഷീനിലൂടെ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ തവണയൊക്കെ കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്കു പോകുന്നുവെന്ന പരസ്യമായ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അതിനൊന്നും സാധ്യതയില്ല. അത്രയ്ക്ക് കൃത്യമായി തന്നെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പു നടന്നിരിക്കുന്നു. മുന്‍പും വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും വിവിപാറ്റ് മെഷീനുകള്‍ ഇതാദ്യമായാണ് അവതരിപ്പിച്ചത്. ആര്‍ക്കും പരാതിക്ക് ഇടനല്‍കാതെ ഇത്ര വിപുലമായ രീതിയില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് ഏതര്‍ത്ഥത്തിലും വലിയൊരു വിസ്മയം തന്നെയാണ്.

ഈ ദുരൂഹത കഷ്ടമാണ്. വോട്ട് കുത്തി കഴിഞ്ഞിട്ടും ആരു ജയിച്ചു ആരു തോറ്റുവെന്നറിയാന്‍ മാസമൊന്നു കഴിയണമെന്നിരിക്കേ, പാവം വോട്ടര്‍മാരുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ഇനി പുതിയതായി വന്ന വോട്ടര്‍മാരിലേക്കൊന്നു നോക്കാം. 8.43 കോടി വോട്ടര്‍മാരില്‍ ഏതാണ്ട് ഒന്നര കോടിയോളം പേര്‍ 18 മുതല്‍ 19 വയസ്സു വരെയുള്ളവരാണ്. ഇവര്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമാകും. അതിലുമുപരി ഇവര്‍ മറ്റു വോട്ടര്‍മാരെ അപേക്ഷിച്ച് ടെക്ക്‌സാവികളാണു താനും. വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ പോലും അത്തരം കാര്യങ്ങളുമായി കൂടുതല്‍ അടുത്തു പെരുമാറാന്‍ ഇവര്‍ക്ക് കഴിയുമെന്നു സാരം. എന്നാല്‍ ഇവര്‍ 1999-ലെ കാര്‍ഗില്‍ യുദ്ധം കണ്ടിട്ടില്ലെന്ന് ഓര്‍ക്കണം. എന്നാല്‍ സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിന്റെ ബാല്യകാല ഓര്‍മ്മകള്‍ ഇവരില്‍ പലര്‍ക്കും ഉണ്ടായിരുന്നിരിക്കാം. 2008-ലെ മുംബൈ സ്‌ഫോടനം, ഡല്‍ഹിയെ പിടിച്ചുലച്ച അഴിമതിയാരോപണങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും രണ്ട് സര്‍ജിക്കല്‍സ്‌ട്രൈക്കും അടക്കം കണ്ട അവര്‍ ഇത്തവണ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറുമെന്നുറപ്പ്. ഇവരിലേറെയും സാമൂഹിക മാധ്യമങ്ങളിലെ അച്ചുതണ്ട് ശക്തികളുമാണ്. ഇതു ലക്ഷ്യമിട്ടാണ് ഒട്ടു മിക്ക പാര്‍ട്ടികളും നവമാധ്യമങ്ങളെ കൂട്ടുപിടിക്കാന്‍ കോടികള്‍ വാരിയെറിഞ്ഞതത്രേ. എന്നാല്‍, ഇലക്ഷന്‍ കമ്മീഷന്റെ നിയന്ത്രണത്തോടെ മാത്രമേ ഇത്തവണ ഫേസ്ബുക്കിലും ഗൂഗിളിലും പരസ്യങ്ങള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൊടുക്കാന്‍ പറ്റിയുള്ളു എന്നത് വേറെ കാര്യം. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതു നടപ്പാക്കുകയും ചെയ്തു. ഇതും ലോകത്തില്‍ വലിയൊരു ചര്‍ച്ചയായിരുന്നു.

ഇതിനു പുറമേ പ്രശ്‌നബാധിത പ്രദേശങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷന്‍ കൈകാര്യം ചെയ്ത രീതിയും കാണേണ്ടതു തന്നെയാണ്. മാവേയിസ്റ്റ് ഭീഷണി നേരിടാന്‍ വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്തിയതു പോലെ കാശ്മീരിലും ഇങ്ങനെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയത്. കാശ്മീരിലെ അനന്ത്‌നാഗ് എന്ന ലോക്‌സഭാ മണ്ഡലത്തില്‍ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒമ്പത് ഘട്ടങ്ങളിലായാണ് നടത്തിയതെങ്കില്‍ ഇത്തവണ അത് ഏഴു ഘട്ടമാക്കി കുറയ്ക്കാന്‍ കമ്മീഷനു കഴിഞ്ഞു. അതൊരു വലിയ കാര്യമാണ്. മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിള്‍ നാലു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയതൊക്കെ വലിയ കാര്യമായി. ഒരു സംസ്ഥാനത്തു തന്നെ നാലു ഘട്ടങ്ങള്‍ എന്നതൊക്കെ എത്രമാത്രം വിപുലമാണ് തെരഞ്ഞെടുപ്പു പ്രക്രിയ എന്നതിന്റെ വലിയ ഉദാഹരണവുമായി. ഒഡീഷയില്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെ മറികടക്കാന്‍ നാലു ഘട്ടങ്ങളില്‍ അതീവ സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ നാലു ഘട്ടങ്ങളായും ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളായും പശ്ചിമ ബംഗാളില്‍ ഏഴു ഘട്ടങ്ങളിലുമായാണ് തെരഞ്ഞെടുപ്പിനു കൊടി കയറിയത്. അതു കൊണ്ടു തന്നെ ക്ഷമയോടെ നമുക്ക് കാത്തിരിക്കാം, ആ മെയ് 23-നായി. അന്നാണല്ലോ ഫലപ്രഖ്യാപനം! എന്നാലും പറയാതെ വയ്യ. ഈ കാത്തിരിപ്പ് അസഹനീയം തന്നെ. പാവം വോട്ടര്‍മാര്‍. അവര്‍ ദുരൂഹത നിറഞ്ഞു നില്‍ക്കുന്ന ബാലറ്റ്് പെട്ടിയില്‍ നോക്കി ക്ഷമയുടെ നെല്ലിപ്പലകയില്‍ കണ്ടു നില്‍ക്കുക തന്നെ വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക