Image

എഡ്മന്റണില്‍ അയ്യപ്പക്ഷേത്രം യാഥാര്‍ത്ഥ്യമായി

വിവിക് ഇരുമ്പുഴി Published on 15 May, 2019
എഡ്മന്റണില്‍ അയ്യപ്പക്ഷേത്രം യാഥാര്‍ത്ഥ്യമായി
എഡ്മന്റണ്‍: സ്വന്തമായി ഒരു അയ്യപ്പക്ഷേത്രം എന്ന നാലു പതിറ്റാണ്ടിലേറെ നീണ്ട എഡ്മന്റണ്‍ അയ്യപ്പഭക്തരുടെ കാത്തിരിപ്പിനു വിരാമമായി. ഒരുപറ്റം അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ "ശ്രീധര്‍മ്മശാസ്താ ടെമ്പിള്‍ ഓഫ് എന്‍മന്റണ്‍' എന്ന പേരില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്. ശബരീശന്റെ നാട്ടില്‍ നിന്നും ആചാരവിധിപ്രകാരം നിര്‍മ്മിച്ച ശ്രീധര്‍മ്മശാസ്താവിന്റേയും ഉപദേവതകളുടേയും വിഗ്രഹങ്ങള്‍ മാര്‍ച്ച് 28-നു വൈകിട്ട് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു.

നിര്‍ദ്ദിഷ്ട ശ്രീകോവിലിന്റെ സ്ഥാനത്ത് താത്കാലികമായി തീര്‍ത്ത പീഠത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ ഭക്തര്‍ കണ്‍കുളിര്‍ക്കെ കണ്ടു തൊഴുതു. തുടര്‍ന്ന് താന്ത്രിക വിധിപ്രകാരം വിഗ്രഹങ്ങള്‍ ധാന്യത്തില്‍ നിക്ഷേപിച്ച് സൂക്ഷിക്കാനായി നിലവറയിലേക്ക് മാറ്റി. ക്ഷേത്രത്തിലെ നിയുക്ത പൂജാരി ധനു രാമചന്ദ്രന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ടെമ്പിള്‍ കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പണി പൂര്‍ത്തിയായ ശ്രീകോവിലില്‍ ഞായറാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍. അയ്യപ്പഭക്തര്‍ ഒന്നുചേര്‍ന്നു പത്തുദിവസം കൊണ്ടാണ് കേരളീയ മാതൃകയില്‍ ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. താഴത്തെ നിലയില്‍ ഊട്ടുപുരയും ഓഫീസും സജ്ജീകരിച്ചിരിക്കുന്നു. ഏപ്രില്‍ അഞ്ചിനു രാവിലെ ധാന്യ നിക്ഷേപത്തില്‍ നിന്നും വിഗ്രഹങ്ങള്‍ പുറത്തെടുത്തു.

മഹാഗണപതി ഹോമത്തോടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. വൈകിട്ട് പഞ്ചശുദ്ധി, ക്ഷേത്രശുദ്ധി, ഭഗവതി സേവ ചടങ്ങുകള്‍ക്കുശേഷം വിഗ്രഹങ്ങള്‍ ജലാധിവാസത്തിനു നിക്ഷേപിച്ചു. പിറ്റേന്നു രാവിലെ ജലാധിവാസത്തില്‍ നിന്നും വിഗ്രഹം പുറത്തെടുത്തു. മഹാഗണപതി ഹോമം, വാസ്തുപൂജ,  കലശപൂജ, വൈകിട്ട് 6 മണിക്ക് മഹാസുദര്‍ശനപൂജ വാസ്തുബലി എന്നിവയ്ക്കുശേഷം ഹരിവസനം പാടി പൂജകള്‍ നടത്തി. മൂന്നാം ദിവസം ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ബ്രഹ്മകലശം, ജീവകലശം. ആവാഹനം തുടങ്ങിയ കര്‍മ്മങ്ങളോടെ പൂജകള്‍ നടത്തി. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. booking@sreedharmasasta.org എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക