Image

കാശീശ്വരനോട് നന്ദി പറഞ്ഞ് തീരുന്നില്ല (ഗംഗയെ അറിയാന്‍ 13: മിനി വിശ്വനാഥന്‍)

Published on 14 May, 2019
കാശീശ്വരനോട് നന്ദി പറഞ്ഞ് തീരുന്നില്ല (ഗംഗയെ അറിയാന്‍ 13: മിനി വിശ്വനാഥന്‍)
"ഹര്‍ ഹര്‍ മഹാദേവ് " എന്ന ഭക്തിനിര്‍ഭരമായ ശരണം വിളികള്‍ മാത്രം ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്നു...പൊതുജനങ്ങള്‍ക്കുള്ള ഇന്നത്തെ നേരിട്ടുള്ള ദര്‍ശനം അവസാനിച്ചിരിക്കുന്നു. അല്പസമയത്തിനു ശേഷം ശിവരാത്രിയിലെ പ്രത്യേക പൂജകള്‍ ആരംഭിക്കുകയായി.

ജ്യോതിര്‍ലിംഗ രൂപത്തില്‍ ശിവലിംഗത്തെ ആരാധിക്കുന്ന പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. സ്വയംഭൂവായ ഈ ശിവലിംഗം ഭൂനിരപ്പില്‍ നിന്നും താഴെയാണ് സ്ഥിതി ചെയ്യുന്നത്. വെള്ളി കൊണ്ട് കെട്ടിയുണ്ടാക്കിയ ചതുരത്തടത്തില്‍ വൃത്താകൃതിയിലുള്ള ബ്രഹ്മപീഠത്തെ ഉറപ്പിച്ചിരിക്കുന്നു. സ്വര്‍ണ്ണം പൂശിയ വിഷ്ണു പീീത്തിനു മദ്ധ്യത്തിലായി കൃഷ്ണശിലയിലുള്ള ശിവപീഠം ചേര്‍ന്നിരിക്കുന്നു.. പ്രകൃതി പുരുഷ സങ്കല്പത്തിനപ്പുറം ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരുടെ ( സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തികളുടെ) സങ്കലനം കൂടിയാണ് ശിവലിംഗം.

ദര്‍ശനം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ഒന്നുകൂടെ ക്ഷേത്രം വലം വെച്ചു. ഉപദൈവങ്ങളുടെ ക്ഷേത്രങ്ങളിലും  പലവിധ ഹോമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മണിമുഴക്കങ്ങളും മന്ത്രോച്ചാരണങ്ങളും മുഴങ്ങിക്കേട്ടു. ഹോമാഗ്‌നിയില്‍ നെയ്യും അര്‍ഘ്യവും കത്തുന്നതിന്റെ ഹൃദ്യമായ ഗന്ധം പരിസരത്ത് വ്യാപിച്ചു.. രണ്ടു നടപ്പന്തലുകളുടെ മുന്നിലും വലിയ ഒരു ടി വി സ്ക്രീനില്‍ ഗര്‍ഭഗൃഹത്തിലെ കാഴ്ചകള്‍ ലൈവായി കാണിക്കുന്നുണ്ട്.

സ്വയംഭൂ ശിവലിംഗത്തിന് ചുറ്റുമുള്ള നിര്‍മ്മാല്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വെള്ളം കോരിയൊഴിച്ച് വൃത്തിയാക്കിയതിനു ശേഷം അന്നത്തെ മംഗല്യ പൂജക്ക് നിയുക്തരായ പൂജാരികള്‍ ചുവന്ന അംഗവസ്ത്രം ധരിച്ച് അകത്തേക്ക് പ്രവേശിച്ചു. നിര്‍ന്നിമേഷരായി ശിവ സഹസ്രനാമങ്ങളും, അഷ്ടോത്തരികളം, പഞ്ചാക്ഷരീ മന്ത്രങ്ങളുമായി ഭക്തജനങ്ങള്‍ പുറത്ത് കാത്തിരുന്നു.

നേരിയ തണുത്ത കാറ്റ് പുറത്ത് നിന്ന് വീശുന്നുണ്ടായിരുന്നു. ഞങ്ങള്‍ മണ്ഡപത്തിലെ ഒരു വശത്തിരുന്ന് ഉള്ളില്‍ നടക്കുന്ന പൂജാ കാഴ്ചകളില്‍ മുഴുകി. ഏഴോളം പൂജാരികള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇന്നത്തെ പൂജകള്‍ ചെയ്യുന്നത്. ഒരു വശത്തായി പൂക്കളും പുതുവസ്ത്രങ്ങളും മറ്റ് പൂജാ സാമഗ്രികളും ഒതുക്കി വെച്ചിരിക്കുന്നു.  ശിവലിംഗത്തിനു മേല്‍ കുംഭത്തിലെ ഗംഗാജലം ധാരയായി  വീഴ്തിയതിനു ശേഷം സപ്തഋഷി ആരതി ആരംഭിച്ചു. തൈര്, തേന്‍, ഭാംഗ് ചേര്‍ത്ത പാല്, ഭസ്മം പൂക്കള്‍ എന്നിവയുടെ അഭിഷേകമാണ്..ഓരോ അഭിഷേകത്തിന് ശേഷവും ഗംഗാജലം, കൊണ്ട് അവിടെയൊക്കെ വൃത്തിയാക്കും. ഒടുവില്‍ കളഭം, പൂക്കള്‍, രുദ്രാക്ഷമാലകള്‍ എന്നിവ കൊണ്ട് ശിവലിംഗത്തെ അലങ്കരിക്കും. ബ്രഹ്മപീഠത്തിനു ചുറ്റും പട്ടുതുണികളും പൂക്കളും വിരിക്കും.  ആരതിയുടെയും, മണിനാദത്തിന്റെയും അകമ്പടി അന്തരീക്ഷത്തെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി.

ഭക്തിലഹരിയില്‍ മുഴുകിയ  ജനങ്ങള്‍ പുറത്ത് നിന്ന് "ഹര്‍ ഹര്‍ മഹാദേവ് " എന്ന മന്ത്രം ആര്‍ത്ത് വിളിച്ചു. പൂജയുടെ ഓരോ ഘട്ടം കഴിയുമ്പോഴും പൂജ ചെയ്യുന്നവരില്‍  ദൈവാംശം പ്രസരിക്കുന്നതായി അനുഭവപ്പെട്ടു. ശിവപാര്‍വ്വതിമാരുടെ വിവാഹപൂജയില്‍ പങ്കെടുക്കുന്നതിന്റെ പരമാവധി ഭക്ത്യാവേശം പൂജാരികളിലെന്നപോലെ കാഴ്ചക്കാരിലുമുണ്ടായി. ഞങ്ങളോരോരുത്തരും പഞ്ചാക്ഷരി മന്ത്ര സ്മരണയോടെ കണ്ണിമയ്കാതെ ഓരോ പൂജാ ഘട്ടവും  നോക്കിയിരുന്നു. ശിവരാത്രി കാശീശ്വരന്റെ ദര്‍ശനപുണ്യത്തോടെ ആചരിക്കാന്‍ പറ്റിയ അസുലഭാവസരം എല്ലാവരും പ്രാര്‍ത്ഥനകളോടെ അനുഭവിച്ചു. വിവിധ ദേശക്കാരും, പ്രായക്കാരും ഒരേ മനസ്സോടെ ചടങ്ങുകളില്‍ ലയിച്ചിരുന്നു.

പെട്ടെന്നൊരു നിമിഷം എല്ലാം നിശ്ചലമായി. ഇലക്ട്രിക്ക് വിളക്കുകള്‍ അണഞ്ഞു.

ആരതി വിളക്കുകളുടെ ദീപപ്രഭയില്‍ ക്ഷേത്രവും പരിസരവും തിളങ്ങി. പൂജയുടെ പരിസമാപ്തി ഘട്ടത്തിലെത്താറായി. ചുവന്ന കുങ്കുമാരതിയുടെ സമയമായി. ശിവതാണ്ഡവഭാവത്തോടെ ഭൂതാവിഷ്ടരെപ്പോലെ അവര്‍  വര്‍ണ്ണക്കുങ്കുമം പീഠത്തിലേക്ക് അഭിഷേകം ചെയ്യാന്‍ തുടങ്ങി. ഡമരുവിന്റെ താളത്തിനൊത്ത് ചെറുതാണ്ഡവത്തോടെ പൂജാരിമാര്‍ പരസ്പരവും കുങ്കുമാര്‍ച്ചന ചെയ്തു.. കൂട്ടത്തില്‍ "ശംഭോ മഹാദേവ " വിളികള്‍ ഉച്ചസ്ഥായിയില്‍ മുഴങ്ങി. അത്യപൂര്‍വ്വമായ ഒരു മായികക്കാഴ്ചയായിരുന്നു അത്. ഭക്തിലഹരിയില്‍ സ്വയം മറന്ന്  കുങ്കുമം അന്തരീക്ഷത്തിലേക്കും പുറത്തേക്കും വാരിയെറിയുകയാണ് അവര്‍.
ഈ കാഴ്ച ശരിക്കും മനം മയക്കുന്നതും ഭ്രമിപ്പിക്കുന്നതുമായിരുന്നു. ഏതാനും നിമിഷ നേരത്തേക്ക് കാലം നിശ്ചലമായ അവസ്ഥ.. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിച്ചു ഫലിപ്പിക്കാനാവാത്ത ഒരു പ്രത്യേക അവസ്ഥയിലൂടെ ഞങ്ങള്‍ നിമിഷനേരത്തേക്ക് കടന്നു പോയി. ആര്‍പ്പുവിളികള്‍ക്കവസാനം താണ്ഡവനൃത്തച്ചുവടുകളോടെ ദീപാരതിയുമായി  പൂജാരികളോേരോരുത്തരും പുറത്തിറങ്ങി. ശരീരം മുഴുവനും കളഭത്തിലും കുങ്കുമത്തിലും അഭിഷിക്തരായി ഭക്തിലഹരിയില്‍ പകുതിയടഞ്ഞ മിഴികളോടെ കൈയില്‍ കരുതിയ കുങ്കുമം ഭക്തജനങ്ങളുടെ നെറ്റിയിലും മുഖത്തും ആറാടിച്ച് അനുഗ്രഹം ചൊരിഞ്ഞ് അവര്‍ ക്ഷേത്രാങ്കണത്തില്‍ ചുറ്റിനടന്നു.

ഞങ്ങള്‍ ശരിക്കും നിശ്ചലരായിരുന്നു. സത്യമാണോ സ്വപ്നമാണോ കണ്ടു തീര്‍ന്നത് എന്ന പരിഭ്രമത്തിനിടെ ഞങ്ങള്‍ക്കരികിലും ഒരു പൂജാരിയെത്തി നെറ്റിയില്‍ ചന്ദനവും ചുവന്ന കുങ്കുമം പൂശി. അമ്പരന്ന് നിന്ന വിശ്വേട്ടന് ശിവലിംഗത്തില്‍ ചാര്‍ത്തിയ ചെറിയ ഒരു രുദ്രാക്ഷമാലയും സമ്മാനിച്ചു.

മനസ്സ് വഴിയറിയാക്കുട്ടിയായ ഒരു നിമിഷം.. ഞങ്ങളുടെ കൈ പിടിച്ച് ശിവസന്നിധിയിലെത്തിച്ച് ഈ മായികാനുഭവം സ്വന്തമാക്കിത്തന്ന ശിവപെരുമാള്‍, അജിത്ത് ഭായിയുടെ രൂപത്തില്‍ മുന്നില്‍ നിന്ന് എന്നോട്
"മനസ്സ് നിറഞ്ഞില്ലേ" എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാനൊന്നുമുണ്ടായിരുന്നില്ല....
 നിറഞ്ഞ് തുളുമ്പുന്ന മനസ്സിലെ സ്‌നേഹം തിരിച്ചു കൊടുക്കാനല്ലാതെ...

രാത്രിയുടെ അവസാനയാമത്തിലെത്തി.. കാശീശ്വരനോട് നന്ദി പറഞ്ഞ് ഞങ്ങള്‍ മടങ്ങി ..

തെരുവ് ഉണര്‍ന്നിരിക്കുകയായിരുന്നു. ശിവസഹസ്രനാമങ്ങളുടെ അലയൊലികള്‍ തെരുവില്‍ മുഴങ്ങി. ഞങ്ങള്‍  പരസ്പരം വിരലുകള്‍ കോര്‍ത്ത് പിടിച്ച് ഉരിയാടാനൊന്നുമില്ലാതെ  ഹോട്ടല്‍ മുറി ലക്ഷ്യമാക്കി നടന്നു..
ഒരു ശിവരാത്രി അവസാനിക്കുകയാണ്.
അടുത്ത ദിവസം മടക്ക യാത്രയാണ്... അജിത്ത് നാട്ടിലേക്കും, ഞങ്ങള്‍ ദുബായിലേക്കും....
ഇനിയൊരു പകല്‍ക്കാഴ്ച കൂടിയുണ്ട് തുടരാന്‍....

കാശീശ്വരനോട് നന്ദി പറഞ്ഞ് തീരുന്നില്ല (ഗംഗയെ അറിയാന്‍ 13: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക