Image

കാര്‍മേഘക്കഥ മോദിയുടെ വെറും ബഡായികളല്ല. അത് ജേര്‍ണലിസത്തെ ഗോസിപ്പ് കോളത്തിലേക്ക് ഒതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ്.

കലാകൃഷ്ണന്‍ Published on 14 May, 2019
കാര്‍മേഘക്കഥ മോദിയുടെ വെറും ബഡായികളല്ല. അത് ജേര്‍ണലിസത്തെ ഗോസിപ്പ്  കോളത്തിലേക്ക് ഒതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ്.

നരേന്ദ്രമോദിയുടെ കോമാളിക്കഥകളാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. ബാലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രൊഫഷണലിസത്തിന്‍റെ ഹൈപോയിന്‍റില്‍ നില്‍ക്കുന്ന ഇന്ത്യന്‍ മിലിട്ടറിക്ക് തീര്‍ത്തും വിഷയത്തില്‍ പ്രൊഫഷണല്‍ അല്ലാത്ത നരേന്ദ്രമോദി യുദ്ധ തന്ത്രം (അതും ടെക്നിക്കല്‍ സപ്പോര്‍ട്ട്) ഉപദേശിച്ചു നല്‍കിയെന്ന വീരവാദമാണ് ഏറ്റവും പുതിയ കോമഡി. ഓര്‍ക്കണം നയതന്ത്രമേഖലയിലല്ല,  യുദ്ധത്തിലെ അഥവാ സര്‍ജിക്കല്‍ സ്ട്രൈക്കിലെ തികച്ചും ടെക്നിക്കലായ വിഷയത്തിലാണ് നരേന്ദ്രമോദിയുടെ പൊങ്ങച്ചമടി. മേഘം നിറഞ്ഞ കാലാവസ്ഥയില്‍ റഡാറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ വ്യോമസേനയെ മോദി ഉപദേശിച്ചുവത്രേ. മേഘം നിറഞ്ഞ കാലാവസ്ഥയില്‍ വിമാനങ്ങളെ കണ്ടുപിടിക്കാന്‍ റഡാറുകള്‍ ബുദ്ധിമുട്ടുമോ എന്ന് സത്യമായിട്ടും ലേഖകന് അറിയില്ല. അത് എക്സ്പേര്‍ട്ടുകള്‍ വെളിപ്പെടുത്തേണ്ട കാര്യമാണ്. 
എന്നാല്‍ ലേഖകന് അറിവുള്ള മോദിയുടെ മറ്റൊരു പൊങ്ങച്ചം ഇവിടെ കൃത്യമായി വിലയിരുത്താം. 
താന്‍ വലിയ ഫോട്ടോഗ്രാഫറാണെന്നാണ് മോദി സ്വയം പറയുന്നത്. അതില്‍ തര്‍ക്കിക്കാനില്ല. കാമറ കൈയ്യിലുള്ള ഏതൊരാള്‍ക്കും ഫോട്ടോഗ്രാഫറായി സ്വയം പ്രഖ്യാപിക്കാന്‍ സാധിക്കുന്നതാണ്. അതില്‍ നിയമതടസമൊന്നുമില്ല. പക്ഷെ കഴിഞ്ഞ ദിവസത്തെ അഭിമുഖത്തില്‍ മോദി തട്ടിവിട്ടത് താന്‍ 1988ല്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ചുവെന്നും അതുവെച്ച് ഫോട്ടോ എടുത്ത് ഗുജറാത്തില്‍ നിന്ന് അദ്വാനിക്ക് ഈമെയില്‍ അയച്ചുകൊടുത്ത് അദ്വാനിയെ ഞെട്ടിച്ചുവെന്നുമാണ്. ഈ തള്ളല്‍ കേട്ടിരുന്ന മാന്യ പത്രപ്രവര്‍ത്തകര്‍ തിരിച്ച് ക...മ എന്നൊരു അക്ഷരം മിണ്ടിയില്ല. 
ലോകത്ത് മാര്‍ക്കറ്റില്‍ ഡിജിറ്റല്‍ കാമറ ആദ്യമായി ഇറങ്ങുന്നത് 1990ലാണ്. ഇന്ത്യയില്‍ ലഭ്യമാകാന്‍ പിന്നെയും സമയം എടുത്തു. 1992ലാണ് ആദ്യമായി ഇമെയില്‍ വഴി ഫോട്ടോ അറ്റാച്ച്മെന്‍റ് അയക്കാന്‍ ഉള്ള ടെക്നോളജി വരുന്നത്. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് പൊതുജനങ്ങള്‍ക്ക് കിട്ടി തുടങ്ങിയത് 1995 ഓഗസ്റ്റ് 14ന് വി.എസ്.എല്‍എല്‍ ലോഞ്ച് ചെയ്തപ്പോള്‍ ആണ്. 
അപ്പോള്‍ പിന്നെ 1988ല്‍ മോദിയുടെ തന്നെ സാക്ഷ്യപ്രകാരം സംഘപ്രചാരകനും പോരാത്തതിന് തികഞ്ഞ സന്യാസ ജീവിതം നയിച്ചിരുന്നവനുമായ പഞ്ചപാവത്തിന് ഇക്കണ്ട സംഗതിയൊക്കെ എവിടുന്ന് കിട്ടാന്‍. വെറുതെ ഒരു ഓളത്തിന് അങ്ങ് തട്ടിമൂളിക്കുകയാണോ എന്ന് ന്യയമായും സംശയിക്കാം. 
എന്നാല്‍ അല്ല. തീര്‍ച്ചയായും അല്ല. മോദിജി ഇക്കണ്ട തള്ളെല്ലാം അത് പരമ്പര വിഡ്ഡിത്തങ്ങള്‍ അടക്കം തട്ടി വിടുന്നത് മനപ്പൂര്‍വ്വം തന്നെയാണ് എന്ന് തന്നെ മനസിലാക്കേണ്ടി വരും. തന്നെ വിമര്‍ശിക്കുന്നവര്‍ തന്‍റെ മണ്ടത്തരങ്ങളെ പരിഹസിച്ച് ഏതെങ്കിലും വഴി പൊക്കോളുമെന്ന് മോദിജിക്ക് വ്യക്തമായി അറിയാം. വിമര്‍ശനം മുഴുവന്‍ കാമറയിലേക്കും കാര്‍മേഘത്തിലേക്കും റഡാറിലേക്കും ഫോക്കസ് ചെയ്താല്‍ ഹിന്ദുത്വ തീവ്രവാദ പൊളിറ്റിക്സ് മുതല്‍ സകലമാന കോര്‍പ്പറേറ്റ് പ്രീണനങ്ങളും ഭരണ പ്രതിസന്ധികളും പിന്നിലേക്ക് പൊയ്ക്കൊള്ളും. ഇതേ സമയം തന്‍റെ അനുകൂലികള്‍ 1988ല്‍ തന്നെ ഡിജിറ്റല്‍ കാമറയുണ്ടായിരുന്നുവെന്നും അത് ലോകത്തിന് അറിയില്ലായിരുന്നുവെങ്കിലും മോദിജിക്ക് മാത്രം അറിയുമായിരുന്നുവെന്നും വെറുതെയാണോ തങ്ങള്‍ മോദിജിക്ക് തുല്യം മോദിജി മാത്രം എന്നു പറയുന്നതെന്നും ഗീര്‍വാണമടിച്ച് നടന്നുകൊള്ളും. അതൊക്കെ കേട്ട് ഹമ്പട നമ്മുടെ മോദിജി എന്ന് അമ്പരക്കാന്‍ കുറെ മധ്യവര്‍ത്തി ജനസമൂഹവുമുണ്ടാകും. ഇത് തന്നെയാണ് എപ്പോഴും മോദിജിയുടെ തന്ത്രം. 
രാഷ്ട്രീയത്തെ വെറും ബോളിവുഡ് വാര്‍ത്തകള്‍ വരുന്ന പേജ് ത്രി ജേര്‍ണലിസത്തിന്‍റെ ഗൗരവത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുക. അതാണ് മോദിയുടെ തന്ത്രം. ആ തന്ത്രം കൊണ്ടാണ് ഇന്ത്യന്‍ ജേണലിസത്തെ മോദിജി കൊല്ലാതെ കൊന്ന് തള്ളുന്നത്. 
ഓര്‍ക്കുന്നില്ലേ വര്‍ഷങ്ങള്‍ക്ക് മുമ്പ് കരണ്‍ ഥാപ്പര്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറി നിന്ന ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിജിയെ. ഗോദ്രാ കലാപത്തെക്കുറിച്ച, ഗുജറാത്തില്‍ കൊല ചെയ്യപ്പെട്ട മൂവായിരത്തോളം മുസ്ലിംങ്ങളെക്കുറിച്ച്, പലായനം ചെയ്യപ്പെട്ട ഒരു ലക്ഷത്തോളം അഭയാര്‍ഥികളെക്കുറിച്ച് നേര്‍ക്ക് നേരെ വിളിച്ചിരുത്തി കരണ്‍ ഥാപ്പര്‍ ചോദ്യം ചോദിച്ചപ്പോള്‍ വിയര്‍ത്തു പോയി മോദിജി. മറുപടിയില്ലാതെ തപ്പിത്തടഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോദി ശ്രമിച്ചപ്പോള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് അറിയാന്‍ എന്‍റെ ചോദ്യം തന്നെയാണിത്, നിങ്ങള്‍ക്ക് മറുപടി പറായന്‍ ബാധ്യതയുണ്ട് എന്ന് കരണ്‍ഥാപ്പര്‍ ധീരമായി പറഞ്ഞു. അവസാനം ഒരു ഗ്ലാസ് വെള്ളം ചോദിച്ച് വാങ്ങി മോദിജി വയറു നിറച്ച് കുടിച്ചു. പിന്നെ തന്‍റെ ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ മൈക്ക് ഉരിവെച്ച് ആ സത്യസന്ധനായ പത്രപ്രവര്‍ത്തകന്‍റെ മുമ്പില്‍ നിന്ന് ഒളിച്ചോടി. ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ് ആ വീഡിയോ. 
എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയ മോദിജി എങ്ങനെ ജേര്‍ണലിസത്തെ, ജേര്‍ണലിസ്റ്റുകളെ കൈകാര്യം ചെയ്യണം എന്ന് നിശ്ചയിച്ചുറപ്പിച്ചാണ് വന്നത്. തനിക്ക് കിട്ടിയ മൃഗീയ ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ ഒരൊറ്റ പത്രസമ്മേളനവും നടത്താത്ത ആദ്യത്തെ പ്രധാനമന്ത്രിയാവാന്‍ അദ്ദേഹം തീരുമാനിച്ചു. പത്രലേഖകര്‍ക്ക് അഭിമുഖങ്ങള്‍ അനുവദിക്കുന്നില്ല എന്നത് പോകട്ടെ പത്രസമ്മേളനങ്ങള്‍ പോലും ഒഴിവാക്കി. മന്‍മോഹന്‍ സിങ് കൃത്യമായ ഇടവേളകളില്‍ പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്ന വ്യക്തിയായിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വിഷയങ്ങളില്‍, വിദേശകാര്യ വിഷയങ്ങളില്‍, നയതന്ത്ര വിഷയങ്ങളില്‍, രാഷ്ട്രീയ വിഷയങ്ങളില്‍ ഒട്ടും പതാറാതെ ചോദ്യങ്ങളെ അഭിമുഖീകരിച്ചിരുന്നു. അതിനു മുമ്പും അതായിരുന്നു കീഴ്വഴക്കം. എന്നാല്‍ മോദിജി എല്ലാം മാറ്റിമറിച്ചു. പത്രസമ്മേളനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എത്തുന്ന പത്രകുറിപ്പുകള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാം എന്ന ശൈലി കൊണ്ടു വന്നു. 
പകരം മന്‍ കി ബാത്ത് റേഡിയോ പോഗ്രാമാണ് മോദി നടപ്പാക്കിയത്. റേഡിയോയില്‍ ആര്‍ക്കും തിരിച്ച് ചോദ്യമില്ല. റേഡിയോ പാടുന്നത് കേള്‍ക്കുക തന്നെ. ചോദ്യങ്ങള്‍ പാടില്ല. അതാണ് മോദിയന്‍ ശൈലി. 
പിന്നീട് മോദി കണ്ട ഒരേയൊരു പത്രപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയാണ്. പത്രപ്രവര്‍ത്തകന്‍ എന്നത് ഗോസ്വാമിയെ സംബന്ധിച്ചിടത്തോളം ഒരു ആലങ്കാരിക പ്രയോഗമാണ്. അയാള്‍ മോദിയുടെ ഒന്നാന്തരം പി.ആര്‍ ഏജന്‍റാണ്. അയാളെക്കൊണ്ട് തന്നെ പുകഴ്ത്തുന്ന അഭിമുഖം ചെയ്യിച്ച് മോദി സ്റ്റാറായി. ഇപ്പോഴിതാ ഇലക്ഷന്‍ നടന്നപ്പോള്‍ അക്ഷയ്കുമാര്‍ എന്ന സൂപ്പര്‍താരത്തെ കൊണ്ടു വന്നത് തന്‍റെ ചക്കര വര്‍ത്തമാനങ്ങള്‍ അഭിമുഖമാക്കി രാജ്യത്തെ കാണിച്ചു. 
ജനത്തെ കൊഞ്ഞനംകുത്തി കാണിക്കുക എന്ന് പറഞ്ഞാല്‍ മോദി അക്ഷയ്കുമാര്‍ അഭിമുഖമാണ്. മോദിജി മാങ്ങാ തിന്നാറുണ്ടോ എന്നതാണ് അക്ഷയ്കുമാറിന്‍റെ പ്രധാന ചോദ്യം. രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് ഈ ചോദ്യമെന്ന് ഓര്‍ക്കുക. അതിന് ചക്കര ഉത്തരം പറഞ്ഞ് സ്വയം ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും കാണാം. ഇപ്പോഴിതാ എട്ടും പൊട്ടും തിരിയാത്ത രണ്ട് പത്രപ്രവര്‍ത്തരെ വിളിച്ചിരുത്തി ലോക ബഡായികള്‍ തട്ടിവിട്ടിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് ഒരു പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജേര്‍ണലിസത്തെ വെറും പേജ് ത്രി ഗോസിപ്പ് ജേര്‍ണലിസം മാത്രമാക്കി ചുരുക്കുന്നത്. അതിന് സാക്ഷികളാകുകയാണ് ഒരു ജനതമുഴുവനും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക