Image

ഗണപതിച്ചോറ് (നാരായണന്‍ രാമന്‍)

Published on 12 May, 2019
ഗണപതിച്ചോറ് (നാരായണന്‍ രാമന്‍)
എത്രഞെരുക്കമുള്ള കാലത്തും എന്റെ പിറന്നാള്‍ ചെറിയ തോതിലെങ്കിലും ആഘോഷിക്കപ്പെട്ടിരുന്നു. മോരൊഴിച്ചുകൂട്ടാനും എരിശേരിയും മെഴുക്കുപുരട്ടിയും പേരിനെങ്കിലുമുണ്ടാകും. ക്ഷേത്രത്തില്‍ ഒരു പായസം വഴിപാടുമുണ്ടാകും. അന്നു പ്രവൃത്തി ദിവസമാണെങ്കില്‍ ജോലിക്കു പോകും മുമ്പ് ഇതെല്ലാം തൂശനിലയില്‍ വിളമ്പിത്തന്നു് ഊണു കഴിപ്പിച്ചിട്ടേ അമ്മ ജലപാനം കഴിക്കൂ. എനിക്കു മുന്‍പ് ഒരാള്‍ക്കു മാത്രമേ വീട്ടില്‍ ഭക്ഷണം വിളമ്പൂ. ഒരു വിളക്ക് വച്ച് സാക്ഷാല്‍ ഗണപതിക്കു്.

അന്നൊരു തിങ്കളാഴ്ച ദിവസം. പിറന്നാളായതിനാല്‍ അമ്പലക്കുളത്തില്‍ കുളിച്ച് തൊഴുതു വരികയാണു് ഞാന്‍. വീടിനു മുന്നിലെത്തിയപ്പോള്‍ പതിവില്ലാത്ത കാഴ്ചയാണു്. മെലിഞ്ഞുണങ്ങി മുഷിഞ്ഞുനാറിയ ഒറ്റമുണ്ടുടുത്ത വെള്ളം കണ്ടിട്ട
നേകേ ദിവസങ്ങളായെന്നു് ഒറ്റനോട്ടത്തിലറിയാവുന്ന ഒരു മനുഷ്യനതാ ഉമ്മറത്ത് തന്നെയിരുന്നു ആക്രാന്തത്തോടെ ഊണു കഴിക്കുന്നു. അടുത്തു തന്നെ കണ്ടറിഞ്ഞ് ലോഭമില്ലാതെ വിളമ്പിക്കൊടുക്കുന്ന അമ്മ. ഇതെന്തു മറിമായം! ഗണപതിക്കു പോലും വിളമ്പാതെ അയാള്‍ വാരി യുണ്ണുന്നതു് കൃതകൃത്യയായി നോക്കി നില്‍ക്കുകയാണമ്മ.

ഊണു കഴിഞ്ഞു ഇലയെടുത്തു കളഞ്ഞു കൈ കഴുകി അമ്മയുടെ മുമ്പില്‍ വന്നു ഏതോ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് വഴിയിലേക്കിറങ്ങിയ അയാള്‍ പോയ വഴിയേ കണ്ണില്‍ നിന്നു മറയുന്നതു വരെ അമ്മ നോക്കി നില്‍ക്കുകയാണു്.

അകത്തു വന്നു എനിക്കു് ചോറു വിളമ്പുന്നതിനിടയില്‍ ചോദ്യത്തിനു കാത്തു നില്‍ക്കാതെ തന്നെ അമ്മ പറഞ്ഞു തുടങ്ങി.

" മിറ്റത്തു് കയറി വന്നതു് നീയാണെന്നാ ഞാന്‍ കരുതീതു്. നോക്കുമ്പോ എന്താ?

അതമ്മയുടെ ഒരു രീതിയാണു്. കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കും പോലെയാണു് ഒരു സംഭവം വിവരിക്കുക. എന്താ എന്ന മറുചോദ്യം ഞാന്‍ ചോദിക്കണം.

എന്താ? ഞാന്‍ ചോദിച്ചു.

"മുഷിഞ്ഞു മുഷിഞ്ഞൊരു തുണീമുടുത്ത് ഒട്ടിയ വയറും തൊട്ടു കാണിച്ച് ഇപ്പോവിടുന്ന് എറങ്ങിപ്പോയ മനുഷേന്‍ നില്‍ക്കണു. ആ നില്‍പ്പും മട്ടും ഭാവോം കണ്ടപ്പോ അന്നം കണ്ടട്ട് നാളു കൊറേയായിന്നു് തോന്നി. ആരായാലെന്താ? വെശപ്പ് എല്ലാര്‍ക്കും ഒരപോലെല്ലേ? പിന്നെ ഒന്നും നോക്കീല്ലാ. ചോറു വെള്‍മ്പി കൊടുത്തു. അത്രന്നെ "

അപ്പോ, ഗണപതിക്ക് വെളമ്പിയില്ലേ? എന്റെ ആ ചോദ്യത്തിനു് അവിടെ പ്രസക്തിയൊന്നുമില്ലെങ്കിലും അമ്മയുടെ മറുപടി ഉടനെത്തി.
ആവോ? എങ്ങനെയാ അറിയുക? ചെലപ്പോ ഗണപതി തന്നെയാകും വന്നതു്. !!!

ഞാനമ്മയെ നോക്കി. ആര്‍ദ്രമായ മിഴികളിലൂറിയ നനവില്‍ ആത്മസംതൃപ്തിയുടേയും സന്തോഷത്തിന്റേയും പ്രകാശം തിളക്കമേറ്റുന്നതു് വ്യക്തമായി ഞാന്‍ കണ്ടു.

മുക്കാല്‍ നൂറ്റാണ്ടിന്റെ സുഖദു:ഖ സമ്മിശ്രമായ ജീവിതാനുഭവങ്ങള്‍ പുറം ലോകം അധികമൊന്നും കാണാത്ത അമ്മക്ക് നല്‍കിയ തിരിച്ചറിവു എന്നെ തെല്ല് അമ്പരപ്പിക്കുക തന്നെ ചെയ്തു. കൊമ്പും തുമ്പിക്കയ്യും കുടവയറുമായല്ലാതെയും ഗണപതിമാര്‍ പ്രത്യക്ഷപ്പെടാം. ഒരു പക്ഷെ വിശക്കുന്ന മനുഷ്യക്കോലങ്ങളായി പോലും. അവര്‍ക്കാണു് നിവേദ്യത്തിനു് ആദ്യ അവകാശം!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക