Image

അതിരുകളില്ലാ സ്‌നേഹം (ജോയ് ഇട്ടന്‍)

Published on 12 May, 2019
അതിരുകളില്ലാ സ്‌നേഹം (ജോയ് ഇട്ടന്‍)
ഒരു പത്തു വര്‍ഷം മുന്‍പുള്ള മാതൃ ദിനം ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ.ഒരു സാധാരണ ദിവസത്തില്‍ കവിഞ്ഞു ഒരു വിശിഷ്ട ദിനമായി മാതൃദിനം ലൈവായി വന്നത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടു കൂടിയാണ് .ഓര്‍ക്കുട്ടും ,ഫേസ്ബുക്കും വാട്‌സ് ആപ്പും നമ്മളുടെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ പല ആഘോഷങ്ങളും അവിടങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു .

അതിനെ വളരെ പോസിറ്റിവ് ആയി കാണുന്ന ഒരാളാണ് ഞാന്‍ .ഇന്ന് ഫേസ് ബുക്കിലും മറ്റും വന്നു നിറയുന്ന അമ്മമാരുടെ ചിത്രങ്ങള്‍ എന്ത് സന്തോഷമാണ് നമുക്കെല്ലാം നല്‍കുക .മക്കളുടെ അമ്മമാരുമൊത്തുള്ള നിമിഷങ്ങള്‍ .കുറിപ്പുകള്‍ .അവയെല്ലാം നന്മയുടെ പ്രതീകമായി കാണാന്‍ ആണ് എനിക്കിഷ്ടം .
പല ദിനങ്ങളും അതിന്റെ അന്തസത്ത കളയാതെയും അര്‍ഹിക്കുന്ന ആദരവ് നല്‍കിയും കൊണ്ടാടുമ്പോള്‍ മാതൃദിനത്തിന് അതിന്റേതായ പ്രാധാന്യം നഷ്ടപ്പെടുന്നുണ്ടോയെന്ന് സംശയിക്കുന്നവര്‍ ഉണ്ടാകാം .അതിനു ചില കാരണങ്ങള്‍ നമ്മള്‍ തന്നെ ഉണ്ടാക്കി വയ്ക്കുന്നു എന്നതാണ് സത്യം .

ഒരു വര്‍ഷത്തില്‍ എല്ലാ ദിവസവും വിസ്മരിപ്പിക്കപ്പെടാന്‍ പാടില്ലാത്ത നാമമാണ് മാതാപിതാക്കളുടേത്. പക്ഷെ ജീവിതത്തിരക്കുകള്‍ കൊണ്ടും സ്വാര്‍ത്ഥതകളാലും മനുഷ്യന്‍ ഏറ്റവും കൂടുതല്‍ മറന്നു പോകുന്നതും അവരെത്തന്നെയാണ് പല സംഭവങ്ങളും തെളിയിക്കുന്നുണ്ട് .നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വരുന്ന വൃദ്ധസദനങ്ങള്‍ ബോധപൂര്‍വം വിസ്മരിപ്പിക്കപ്പെട്ടു പോകുന്ന ആ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .

നമ്മുടെ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് സാക്ഷിയാകാനും ,സഹായിക്കാനും , നമ്മുടെ സന്തോഷത്തിലും സങ്കടങ്ങളിലും പങ്കുകൊള്ളാനും ഇപ്പോഴും മാതാപിതാക്കള്‍ ഉണ്ടാകും . എന്നാല്‍ തളര്‍ന്നു പോയ അവരെ സഹായിക്കാന്‍ ശ്രമിക്കാത്തത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് . ഓരോ മാതൃ ദിനങ്ങളും സന്തോഷത്തിന്റേതും സൗഭാഗ്യത്തിന്റേതും ആയി കാണാന്‍ ആണ് എനിക്കിഷ്ടം .കാരണം മരണം വരെ എന്റെ അമ്മ ഞങ്ങള്‍ മക്കളെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിച്ചിരുന്നു .തിരിച്ചൊന്നും ആവശ്യപ്പെടാത്ത സ്‌നേഹം അമ്മയുടേതാണ് .നമ്മള്‍ എത്ര കൊടുത്താലും അമ്മ നല്‍കിയ സ്‌നേഹത്തോളം ആവില്ല ഒന്നും .

എല്ലാ അമ്മമാരും എന്നും സന്തോഷമായിരിക്കട്ടെ .
മാതൃദിനാശംസകള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക