Image

ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാം'; കങ്കണയ്ക്ക് മറുപടിയുമായി രണ്‍ബീര്‍ കപൂര്‍

Published on 12 May, 2019
ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും പറയാം'; കങ്കണയ്ക്ക് മറുപടിയുമായി രണ്‍ബീര്‍ കപൂര്‍

മുംബൈ: രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്നയാളാണ് താനെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി നടന്‍ രണ്‍ബീര്‍ കപൂര്‍ രം​ഗത്ത്. വിവാ​ദങ്ങളുണ്ടായേക്കാവുന്ന അത്തരം ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ താന്‍ ആ​ഗ്രഹിക്കുന്നതായി രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎല്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ പ്രതികരണവുമായി രം​ഗത്തെത്തിയത്.

തന്നോട് ആര് എന്ത് ചോദ്യം ചോദിച്ചാലും അതിനൊക്കെ മറുപടി നല്‍കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തനിക്ക് താല്‍പര്യമില്ല. അത്തരം ചോദ്യങ്ങളിലൂടെ ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ക്കും തനിക്ക് താല്‍പര്യമില്ലെന്ന് നടന്‍ പറഞ്ഞു. ആളുകള്‍ക്ക് തന്നെക്കുറിച്ച്‌ ഇഷ്ടമുള്ളതെന്തും പറയാം. ഞാന്‍ ആരാണെന്നും ഞാന്‍ എന്താണ് പറയുന്നതെന്നും തനിക്കറിയാമെന്നും താരം കൂട്ടിച്ചേര്‍ത്തു. കങ്കണയുടെ പേര് പരാമര്‍ശിക്കാതെയാണ് രണ്‍ബീര്‍‌ കപൂറിന്റെ പ്രതികരണം. അതേസമയം കങ്കണയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ആദ്യമായാണ് രണ്‍ബീര്‍ കപൂര്‍ പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയത്.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു രണ്‍ബീര്‍ കപൂറിനെതിരെ കങ്കണ റണാവത്ത് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ വിഷയങ്ങളില്‍ രണ്‍ബീര്‍ കപൂര്‍ വ്യക്തമായ നിലപാടെടുക്കുന്നില്ലെന്ന് കങ്കണ ആരോപിച്ചു. 'മണികര്‍ണിക ദ ക്വീന്‍ ഓഫ്​ ഝാന്‍സി' എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ പരാമര്‍ശം.

ഇന്‍ഡസ്ട്രിയില്‍ രണ്‍ബീര്‍ കപൂറിനെ പോലെയുള്ള നടന്‍മാരുണ്ട്. രാഷ്ട്രീയത്തില്‍ വ്യക്തമായ നിലപാടില്ലാത്തവര്‍. വീട്ടില്‍ മുടങ്ങാതെ വെള്ളവും വൈദ്യുതിയും എത്തുന്നുണ്ട്. പിന്നെന്തിന് ഞാന്‍ രാഷ്ട്രീത്തെക്കുറിച്ച്‌ സംസാരിക്കണമെന്നായിരുന്നു ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞത്. നിങ്ങള്‍ ആഡംബര വസതിയില്‍ താമസിക്കുകയും മേഴ്സിഡസ് ബെന്‍സില്‍ പോകുകയും ചെയ്യുന്ന നാടാണിത്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്കെങ്ങനെയാണ് ഇങ്ങനെ പറയാന്‍ കഴിയുന്നത്. എന്തായാലും ഞാന്‍ അത്തരത്തിലുള്ള ആളല്ല. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുടരില്ല. കാരണം രാഷ്ട്രീയം തന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് 2018-ല്‍ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നതായും ക​ങ്കണ കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക