Image

ഒരിക്കലും വറ്റാത്ത അമ്മ സ്‌നേഹം, അമ്മയെ പോലെ അമ്മ മാത്രം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 11 May, 2019
ഒരിക്കലും വറ്റാത്ത അമ്മ സ്‌നേഹം, അമ്മയെ പോലെ അമ്മ മാത്രം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഏറ്റവും മധുരമുള്ളതും, ആഴമുള്ളതും അര്‍ത്ഥങ്ങള്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു വാക്കാണ് അമ്മ എന്നത്., സ്‌നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേരുന്ന ഈ വാക്കിനാല്‍ വിളിക്കപ്പെടാന്‍ ഭാഗ്യം ലഭിച്ച എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍.

ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന അമ്മമാരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഈ ദിനത്തില്‍ അവര്‍ക്ക് നമുക്ക് ആശംസകള്‍ നേരാം.അമ്മയെ സ്നേഹിയ്ക്കുന്ന മക്കള്‍ക്ക് അവരോടു സ്നേഹം പ്രകടിപ്പിയ്ക്കാന്‍ ഒരു പ്രത്യേക ദിവസന്തത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവര്ക്കും അമ്മയെകുറിച്ചോര്‍ക്കാന്‍ പ്രത്യേകമായൊരു ദിനം കൊണ്ടാടുമ്പോള്‍ ആ ദിനത്തില്‍ അമ്മയ്ക്കൊപ്പം ചെലവഴിയ്ക്കാന്‍ ഓരോ മക്കള്‍ക്കും കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ആ അമ്മയുടെ സൗഭാഗ്യം തന്നെ.

അമ്മ കാണപ്പെട്ട ദൈവമാണ് . മക്കള്‍ വലുതായി അവര്‍ ഒരു അച്ഛനോ, അമ്മയോ ആകുമ്പോള്‍ മാത്രമായിരിക്കും അവര്‍ മാതാപിതാക്കളെക്കുറിച്ച് കൂടുതല്‍ ആലോചിയ്ക്കുവാനും , സ്നേഹിയ്ക്കുവാനും തുടങ്ങുന്നത്. പക്ഷെ പലപ്പോഴും നമ്മുടെ കുടുംബവും സാഹചര്യങ്ങളും നമ്മളെ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ അനുവദിയ്ക്കുന്നില്ല എന്നത് വളരെ വേദനിപ്പിയ്ക്കുന്ന ഒരു സത്യമാണ്. എങ്കിലും ഓരോ അമ്മയും മക്കള്‍ക്കുവേണ്ടി മനസ്സുനിറയെ അവര്‍ക്കു നന്മയും, സ്നേഹവും, അനുഗ്രഹവും നിറച്ച് യാതൊരു പരാതികളും കൂടാതെ പ്രതിഫലം ഇച്ചിയ്ക്കാതെ സ്നേഹം വിളമ്പിത്തരാന്‍ സ്വന്തം അമ്മയ്ക്കുമാത്രമേ കഴിയൂ.

സ്വത്തുക്കളെല്ലാം പിടിച്ചു വാങ്ങി മാതാപിതാക്കളെ പെരുവഴിയിലാക്കിയ എത്രയോ മക്കളെക്കുറിച്ചു നാം ദിവസവും പത്രങ്ങളില്‍ വായിച്ചറിയുന്നു .കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഒരു വൃദ്ധസദനം സന്ദര്‍ശിക്കാന്‍ ഇടയായി. വളരെ അധികം അമ്മമാര്‍ ആരോരും ഇല്ലാതെ അനാഥയായി കഴിയുന്ന കാഴ്ച നമ്മെ കണ്ണീരിലാക്കും. ഓരോ ദിവസം കഴിയുന്തോറും മക്കളാല്‍ അവഗണിക്കപ്പെട്ട് വൃദ്ധ സദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന അമ്മമാരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. അതിലൊരു അമ്മയുമായി കുറച്ചു സമയം സംസാരിക്കാന്‍ ഇടയായി.

വളരെ നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന കുടുംബത്തിലെ ഒരു അമ്മയാണവര്‍. അവര്‍ക്ക് മുന്ന് ആണ്‍മക്കള്‍ രണ്ടു പെണ്‍കുട്ടികള്‍ . വളരെ സന്തോഷത്തോടു കുടി അവരുടെ ജീവിതം മുന്നോട്ടു പോയി. പെണ്‍മക്കളുടെ കല്യാണത്തിന് വേണ്ടി കുറെ സ്വത്തുക്കള്‍ എക്കെ വില്‍ക്കേണ്ടി വന്നെങ്കിലും പിന്നെയും ജീവിക്കാന്‍ വേണ്ടിയുള്ള സ്വത്തുക്കള്‍ അവര്‍ക്കുണ്ടായിരുന്നു. ആണ്‍മക്കളെ മൂന്നുപേരെയും പഠിപ്പിച്ചു നല്ല ജോലികിട്ടി മൂന്നുപേരും വളരെ നല്ലനിലയിലായി. ഒരമ്മക്ക് സന്തോഷിക്കാന്‍ ഇതില്‍പരം എന്താണ് വേണ്ടുന്നത്. എന്നാല്‍ ആ അമ്മയുടെ സന്തോഷം അധികകാലം നിലനിന്നില്ല. താങ്ങും തണലുമായി നിന്ന ഭര്‍ത്താവിന്റെ വിയോഗം അവരെ വല്ലാതെ തളര്‍ത്തി. എന്തിനും എതിനും ഭര്‍ത്താവിന്റെ തണലില്‍ നിന്ന അവര്‍ക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. അവര്‍ അവരുടെ സ്വത്തുക്കള്‍ എല്ലാം വീതംവെച്ചു മക്കള്‍ക്ക് നല്‍കി.
അവര്‍ താമസിച്ചിരുന്ന വിടും സ്ഥലവും ഏറ്റവും കൂടുതല്‍ സ്‌നേഹമുണ്ടായിരുന്ന ഇളയ മകന് നല്‍കി. അങ്ങനെ ഇളയമകന്റെ കൂടെ താമസിക്കാം എന്നാണ് അവര്‍ വിചാരിച്ചത്. അന്നുവരെ മക്കള്‍ക്കു വേണ്ടി ജീവിച്ച ആ അമ്മക്ക് സ്വന്തം മക്കളെ അവിശ്വസിക്കേണ്ട എന്ത് കാര്യമാണ്.

കുറെക്കാലം അവര്‍ മകന്റെ കുടി സുഖമായി ജീവിച്ചു. മരുമകള്‍ അവരുടെ മുന്നില്‍ ഒരു വില്ലത്തിയായി അവതരിച്ചു. എന്തിനും ഏതിനും അവര്‍ അമ്മയെ കുറ്റം പറയുവാന്‍ തുടങ്ങി. അവരുടെ സ്‌നേഹിതര്‍ വരുബോള്‍ 'അമ്മ റൂമിനു പുറത്തക്ക് ഇറങ്ങി വരുന്നത്‌പോലും അവര്‍ക്കു ഇഷ്ടമല്ലാതെയായി. അമ്മയുടെ രൂപത്തെയും പ്രകൃതത്തേയും എല്ലാം കുറ്റം പറയുവാന്‍ തുടണ്ടി. ആ അമ്മ വീട്ടില്‍ അധികപ്പറ്റാണെന്ന് തോന്നല്‍ എല്ലാവരിലും ഉണ്ടാക്കിഎടുക്കാന്‍ ആ മരുമകള്‍ക്കു സാധിച്ചു. സ്വത്തുക്കള്‍ എല്ലാവര്‍ക്കും കൊടുത്തതാണ് അതുകൊണ്ടു അമ്മയെ എല്ലാവരും നോക്കണം എന്നത് എല്ലാമക്കളെ കൊണ്ടും അംഗീകരിപ്പിച്ചു .അങ്ങനെ എല്ലാ മകളുടെയും വീട്ടില്‍ രണ്ടുമാസം വീതം താമസിപ്പിക്കാന്‍ അവര്‍ എല്ലാവരും കുടി തീരുമാനിച്ചു.അങ്ങനെ മനസില്ല മനസോടെ സ്വന്തം വീട്ടില്‍ നിന്ന് മറ്റുള്ളവരുടെ വീട്ടിലേക്ക് രണ്ടു മാസം മാറി മാറി താമസിച്ചു.എല്ലാ മക്കള്‍ക്കും 'അമ്മ ഒരു അധികപ്പറ്റാണ് എന്ന് തോന്നല്‍ തുടണ്ടി. മക്കള്‍ തമ്മില്‍ അടിപടിയായി. കൂടുതല്‍ സ്വത്തുനല്‍കിയതും, ചെറുപ്പത്തില്‍ 'അമ്മ കൂടുതല്‍ സ്‌നേഹം നല്കിയതുമെല്ലാം അവര്‍ കണക്കുകള്‍ നിരത്താന്‍ തുടങ്ങി. പെണ്‍മക്കള്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരുടെ അമ്മ വിട്ടില്‍ ഉണ്ട് എന്നുപറഞ്ഞു അമ്മയെ കൂട്ടികൊണ്ടു പോകുവാന്‍ തയ്യാറായില്ല. ചുരുക്കത്തില്‍ ആ അമ്മ സ്വന്തം മക്കള്‍ക്കു ഒരു ബാധ്യതയായി. മുന്ന് പുത്രന്മാരുംകൂടി ഒരു വെക്കേഷന് പോകുവാന്‍ തീരുമാനിച്ചു. വെക്കേഷന് പോയിവരുന്നത് അവരെ അമ്മയെ താല്‍ക്കാലികമായി ഒരു വെക്കേഷന്‍ ഹോമിലേക്ക് മാറ്റി. അവിടെ എത്തിയപ്പോള്‍ മാത്രമാണ് ആ അമ്മ അറിയുന്നത് അതൊരു വൃദ്ധ സദനം ആണെന്നുള്ളത്.

രണ്ടാഴ്ച കഴിഞ്ഞു , മാസങ്ങള്‍ കഴിഞ്ഞു ഒരു മക്കളും ആ അമ്മയെ കൊണ്ടുപോകാന്‍ വേണ്ടി എത്തിയില്ല. മാസങ്ങള്‍ കഴിഞ്ഞു മക്കള്‍ വല്ലപ്പോഴും ആ അമ്മയെ വന്നു കാണുവാന്‍ തുടങ്ങി.മക്കള്‍ വരുമ്പോഴെല്ലാം വൃദ്ധ സദനത്തിനു എന്തെങ്കിലും സഹായം ചെയ്യും . അവര്‍ അവരുടെ പ്രയാസങ്ങള്‍, ബുദ്ധിമുട്ടുകള്‍ മുഖാന്തരം അമ്മയെ തിരികെ കൊണ്ടുപോകാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ പറയുന്നുണ്ടായിരുന്നു. അമ്മയ്ക്കു വൃത്തിയില്ല , കാറിത്തുപ്പുന്നു , കിടന്നു മുള്ളുന്നു . ഇതൊന്നും ഭാര്യക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്നില്ല .സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന 'അമ്മ അതെല്ലാം കേട്ട് തലയാട്ടികൊണ്ടേയിരുന്നു. നാം ചെറുതായിരുന്നപ്പോള്‍ നമ്മുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ യാതൊരറപ്പുമില്ലാതെ കോരി വൃത്തിയാക്കിയ അമ്മയെങ്ങാനും അറിയാതെ മുള്ളിപ്പോയാല്‍ വൃത്തികേടായി . അമ്മയെ പുറത്തു കാണിച്ചാല്‍ നാണക്കേടാണ് .
അമ്മയ്ക്കു വാതമായി , രോഗിയായി , മരുന്ന് , എണ്ണ , കഷായം , തുച്ഛമായ തുകയെങ്കിലും ചിലവാക്കിയാല്‍ അതിന്റെ പേരില്‍ വലിയ ഒരു കണക്ക് പറയും.

ഒരു കുഞ്ഞ് രൂപം ജനിക്കാന്‍ തുടങ്ങുബോള്‍ മുതല്‍ അമ്മമാര്‍ സ്വന്തം കുഞ്ഞിനെ സ്നേഹിക്കാനും അതിനെ പറ്റി സ്വപ്നം കാണാനും തുടങ്ങും . ഉദരത്തില്‍ വളരുബോള്‍ മുതല്‍ കുഞ്ഞിനു യാതൊരു കേടും വരുത്താതെ തരണമേ എന്നാണ് എല്ലാ അമ്മമാരുടെയും പ്രാര്‍ത്ഥന .കുഞ്ഞു പിറന്നാള്‍ പിന്നെ കുഞ്ഞിനുവേണ്ടിയാണ് അമ്മയുടെ ജീവിതം .കുഞ്ഞു വിശന്നു കരഞ്ഞാല്‍ അമ്മയുടെ ഉള്ളം പിടയ്ക്കും . അവന്‍ വീണു പോയാല്‍ മാതൃ ഹൃദയം തകരും . അവന്‍ ചിരിച്ചാല്‍ അമ്മയുടെ ഹൃദയം സന്തോഷിക്കും . അവന് ഉറങ്ങാന്‍ അമ്മയുടെ താരാട്ടു വേണം . അവനുണരാന്‍ അമ്മയുടെ കൊഞ്ചല്‍ വേണം ..കുട്ടികള്‍ വളരും തോറും അമ്മമാര്‍ക്ക് കുട്ടികളെ പറ്റി ആധിയാണ്. അവന്റെ പഠനം , നോട്ടം ഭാവം എല്ലാം എല്ലാം സ്വപ്നം കണ്ടാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്.

പക്ഷേ അമ്മമാര്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു പരിധിയെങ്കിലും തിരിച്ചു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടോ ?
പെറ്റമ്മമാരെ വര്‍ഷത്തിലൊരിക്കലെങ്കിലും മറക്കാതിരിക്കാനായി, അവര്‍ക്കായി നീക്കി വച്ച ദിവസം . നഴ്സസ് ഹോമുകളിലും വൃദ്ധ സദനങ്ങളിലും അവസാന കാലം തള്ളിവിടാന്‍ വിധിക്കപ്പെട്ട ഒരു പിടി അമ്മമാര്‍ക്ക് തങ്ങള്‍ നൊന്തു പെറ്റു വളര്‍ത്തി വലുതാക്കിയ മക്കളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ഒരേയൊരു ദിനം . ഓരോ ദിവസത്തെയും മദേഴ്സ് ഡേയ്ക്ക് മക്കള്‍ വന്നു പോകുമ്പോള്‍ ആ മാതൃഹൃദയത്തില്‍ ഇനി എന്റെ മക്കളെ കാണാന്‍ അടുത്ത മദേഴ്സ് ഡേ വരെ ഞാനുണ്ടാകുമോ അല്ലെങ്കില്‍ അവര്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ എന്ന വേവലാതിയായിരിക്കും അവര്‍ക്കൊക്കെ .

എല്ലാ അമ്മമാര്‍ക്കും മദേഴ്സ് ഡേ ആശംസകള്‍ ...
ഒരിക്കലും വറ്റാത്ത അമ്മ സ്‌നേഹം, അമ്മയെ പോലെ അമ്മ മാത്രം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
സരിത 2020-10-29 01:02:26
ഇത് വായിച്ചപ്പോൾ കണ്ണു നിറഞ്ഞുപോയി അത്ര അധികം ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്നു എനിക്ക് രണ്ട് ചേട്ടന്മാർ ഉണ്ട് ഞങ്ങളെ വളർത്തി വലുതാക്കാൻ എന്റെ അമ്മ കുറെ കഷ്ടപെട്ടിട്ടുണ്ട്. ഞങ്ങളുടെ വിശപ് മാറാൻ അമ്മ മുണ്ട് മുറുക്കി ഉടുത്തിട്ടുണ്ട്. അച്ഛന് ഒരു ചെറിയ ജോലി ആയിരുന്നു എന്നാലും ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല. എന്റെ കല്യാണവും വീട് പണിയും ഒന്നിച്ചു നടന്നപ്പോൾ അമ്മക് കുറെ കടം വാങ്ങേണ്ടി വന്നു. ചേട്ടന്മാർക്കും ജീവിതം ഉണ്ടാക്കി കൊടുത്തു. അമ്മ എല്ലാത്തിനും വേണ്ടി കടം മേടിച്ചു. തിരികെ കൊടുക്കാൻ ആർക്കും കഴിയുമായിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ചേട്ടന്മാർ അവരുടെ ഭാര്യമാരുടെ വാക്ക് കേട്ട് അമ്മയോട് തർക്കിക്കാൻ വരും. ഞാൻ ജീവനോടെ ഉള്ളിടത്തോളം അമ്മയെ വഴക്ക് പറയാൻ അനുവദിക്കില്ല അമ്മക് വേണ്ടി ഞാൻ അവരുമായി ഉടക്കി. എന്റെ അമ്മ ഒരു പാവമാ അമ്മയുടെ സങ്കടങ്ങൾ മകൾ ആയ എനിക്ക് മാത്രമേ മനസ്സിലാവുന്നുള്ളു. പക്ഷെ ക്യാഷ് കൊടുത്തു അമ്മയെ കടത്തിൽ നിന്നും മോചിപ്പിക്കണം എന്ന് ആണ് ഏറ്റവും വലിയ ആഗ്രഹം അതുകൊണ്ടാവുമോ എന്തോ ദൈവം അത് മാത്രം എന്റെ കൈയിൽ തന്നില്ല. 😔😔😔😔
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക