Image

തൂവലുകള്‍ (കവിത : രമ സരസ്വതി )

രമ സരസ്വതി Published on 11 May, 2019
തൂവലുകള്‍ (കവിത : രമ സരസ്വതി )
അവളുടെ തൂവലുകള്‍ക്ക് ഏഴു നിറം 
മനോഹരമായ നനുത്ത തൂവലുകള്‍ 
യാചനയ്ക്ക് മുന്നിലലിഞ്ഞു പോയവള്‍ 
പിഴുതു നല്‍കിയൊരു തൂവല്‍.. 

 രക്തം കിനിഞ്ഞു 
കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു.. 
ഉണര്‍വില്‍ വേദനയോടവള്‍ കണ്ടു.. 
അവളുടെ തൂവലുകളെ.... 
ആരുടെയോ  തൊപ്പിയില്‍ 
തുന്നി ചേര്‍ത്ത വര്‍ണ്ണങ്ങളായി.. 

കാഴ്ചക്കാര്‍  പറഞ്ഞു 
നിന്റെ തൂവലിനു ഭംഗി ഏറെ.... 
തരുമോ ഞങ്ങള്‍ക്കും.... 
തൂവലുകള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. 
അവള്‍ അന്ധയായിരുന്നു.. 
തൊപ്പികളില്‍ തുന്നി ചേര്‍ത്ത 
വര്‍ണങ്ങളായി 
അവളുടെ തൂവലുകള്‍ പറന്നു നടന്നു... 

പ്രാണന്‍ പിടയുന്ന വേദനയില്‍....
എണ്ണമില്ലാത്ത മുറിവുകളില്‍
  നിന്നും രക്തം വാര്‍ന്നൊഴുകി.....

കത്തുന്ന തീയില്‍ പൊള്ളി അമര്‍ന്നപ്പോള്‍.. 
നഗ്‌നമായ ശരീരം 
ആരൊക്കെയോ കത്തികൊണ്ട്  
വരഞ്ഞു മുറിച്ചപ്പോള്‍ .... 
അവളൊരു തൂവലുകളില്ലാത്ത 
അമ്മകിളിയായി 
 പറക്കാന്‍ കഴിയാത്ത അമ്മകിളി  
ചിറകുകളുടെ തണല്‍ നഷ്ടപെട്ട 
 കുഞ്ഞി കിളികളുടെ    
രോദനം  മാത്രം  ബാക്കിയായി..

തൂവലുകള്‍ (കവിത : രമ സരസ്വതി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക