Image

വസന്തച്ചാര്‍ത്ത്(കവിത : സരിത സുഗുണന്‍ )

സരിത സുഗുണന്‍ Published on 11 May, 2019
വസന്തച്ചാര്‍ത്ത്(കവിത : സരിത സുഗുണന്‍ )
ഓരോ പൂവിലും തളിരിലും
വസന്തമൊരു ചിത്രശാല
തീര്‍ക്കുന്നുവോ
ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ 
പാടിപ്പഠിച്ചതൊക്കെ
വെറും വാക്കുകളാകുമോ

ഒരു നൂറുനിറങ്ങളണിഞ്ഞ പൂക്കളും
അതിലേറെ നിറങ്ങളണിഞ്ഞിലകളും
പൂക്കളോ അതോ പൂമ്പാറ്റകളോ
കുല കുലഞ്ഞങ്ങനെ
കണ്ണില്‍ നിറനിറഞ്ഞങ്ങനെ

ആഹാ! എന്നാഹ്‌ളാദത്തോ
ടല്ലാതൊന്നും കാണ്‍മതില്ല ചുറ്റിലും
പൂക്കാലം കൂടെക്കൂട്ടിയ
ചിത്രകാരനൊരു മാന്ത്രികന്‍!

വെള്ളപ്പൂക്കള്‍ നിറഞ്ഞൊരു പൂമരം
മുറ്റത്തിനരികിലവള്‍, ലജ്ജാവതി
പുല്‍കാനെത്തുമിളംകാറ്റില്‍
കോരിത്തരിച്ചവള്‍ സുന്ദരി
കാമുകനായൊരു പൂമെത്ത വിരിച്ചിടും
പറയാതെ പറയും തന്‍ പ്രണയവും.

വിളിക്കാതെ വന്ന രാത്രിമഴയില്‍
ഒന്നും മിണ്ടാതെ പോയി
കള്ളക്കാമുകനവന്‍
മഴപ്പിറ്റേന്ന്, ചില്ലകള്‍ താഴ്ത്തിയവള്‍
ഒരു രാത്രി മുഴുക്കെ
കരഞ്ഞു ചീര്‍ത്ത കണ്ണുകള്‍ 
ആരും കാണാതിരിക്കാന്‍.

ക്ഷണനേരം കൊണ്ടു വേനലാവും 
പൂക്കളൊക്കെ കായ്കനികളാവും 
ഇലകളൊക്കെ കൊഴിച്ചു
കൊണ്ടൊരു ശിശിരമിങ്ങെത്തും

മഞ്ഞില്‍ കുളിച്ചൊരു തപസ്സുണ്ടിനി, 
അടുത്ത പൂക്കാലത്തിനുള്ള 
ചായക്കൂട്ടുകള്‍, മായാജാലക്കാരന
ണിയറയിലൊരുക്കുന്ന കാലം 

ആഹാ! എന്നത്ഭുതത്തോടതിലേറെ
യാഹ്ലാദത്തോടൊരു പൂക്കാലം കൂടി 
വരുമെന്നു കാത്തിരിക്കും, ഞാനും 
മുറ്റത്തോടിക്കളിക്കു
ന്നൊരണ്ണാറക്കണ്ണനും.

വസന്തച്ചാര്‍ത്ത്(കവിത : സരിത സുഗുണന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക