Image

നേഹ അഫ്രിന്‍: രോഗാതുരമായ സമൂഹത്തിന്റെ രക്തസാക്ഷി

രാജാജി മാത്യു തോമസ്‌ Published on 24 April, 2012
നേഹ അഫ്രിന്‍: രോഗാതുരമായ സമൂഹത്തിന്റെ രക്തസാക്ഷി
മൂന്നുമാസം മാത്രം പ്രായമായ നേഹ അഫ്രിന്‍ എന്ന പെണ്‍കുഞ്ഞ്‌ ബംഗളുരുവില്‍ മരണത്തിനു കീഴടങ്ങിയത്‌ ലോക മനസ്സാക്ഷിയെ നടുക്കി.
രാജ്യത്ത്‌ പെണ്‍കുഞ്ഞുങ്ങള്‍ക്കു ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തി
ന്റെയും അവര്‍ക്കെതിരെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന നിഷ്‌ഠൂരമായ വിവേചനത്തിന്റെയും മനംമരവിപ്പിക്കുന്ന ക്രൂതകളുടെയും അവസാനത്തെ രക്തസാക്ഷിയാണ്‌ നേഹ അഫ്രിന്‍.

പെണ്‍കുഞ്ഞായി ജനിച്ചതിന്റെ പേരില്‍ കഴിഞ്ഞ മൂന്നുമാസക്കാലം ആ പിഞ്ചുകുഞ്ഞ്‌ അനുഭവിക്കേണ്ടിവന്ന നരകയാതനകളുടെ കഥകളും നേര്‍ക്കാഴ്‌ചകളും കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ലോകത്തിന്റെ മുന്നില്‍ എത്തിച്ചിരുന്നു. അച്ഛന്റെ പൈശാചികമായ അതിക്രമങ്ങള്‍ മറച്ചുവെയ്‌ക്കാന്‍ തയ്യാറാവാതെ മരണത്തോടു മല്ലടിക്കുന്ന നേഹയെ ആശുപത്രിയില്‍ എത്തിക്കാനും നരാധമനായ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതിനല്‍കാനും കുട്ടിയുടെ അമ്മ രേഷ്‌മ ബാനുവും അവരുടെ കുടുംബവും തയ്യാറായതുകൊണ്ടു മാത്രമാണ്‌ അതിദാരുണമായ ഈ സംഭവം ലോകമറിയാന്‍ ഇടയായത്‌. മറിച്ചായിരന്നെങ്കില്‍ മറ്റനവധി സമാനസംഭവങ്ങളില്‍ എന്നതുപോലെ കുടുംബത്തിന്റെ കപടമാന്യതയുടെ പേരില്‍ ഏതെങ്കിലും ശ്‌മശാനത്തില്‍ അവസാനിക്കുമായിരുന്ന ആ ദുരന്തകഥ.

മഹത്തായ സാംസ്‌കാരിക പാരമ്പര്യം, കണ്ണഞ്ചിപ്പിക്കുന്ന പരിഷ്‌കാര കുതിപ്പ്‌, ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക വളര്‍ച്ച എന്നെല്ലാം ഊറ്റം കൊള്ളുന്ന ഇന്ത്യക്കാരന്റെ ശിരസ്സ്‌ ഈ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ അപമാനഭാരത്താല്‍ ഭൂമിയോളം കുനിഞ്ഞേ മതിയാവൂ.നേഹ അഫ്രിന്‍ ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ഏറ്റവും വികൃതവും പൈശാചികവുമായ മുഖമാണ്‌ തുറന്നുകാട്ടുന്നത്‌.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്നിട്ട ഓരോ കാനേഷുമാരി കണക്കെടുപ്പും ഞെട്ടിപ്പിക്കുന്ന ഈ സാമൂഹ്യഭീകരതയെ തുറന്നുകാട്ടുന്നവയാണ്‌. 2011 ലെ സെന്‍സസ്‌ കണക്കുകളനുസരിച്ച്‌ രാജ്യത്തെ സ്‌ത്രീപുരുഷ അനുപാതം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും താഴ്‌ന്നതാണെന്നു സാക്ഷ്യപെടുത്തുന്നു. 914 സ്‌ത്രീകള്‍ക്ക്‌ 1000 പുരുഷ ാര്‍ എന്നതാണത്‌. 2001 ല്‍ അത്‌ ആയിരത്തിന്‌ 927 ആയിരുന്നു. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്കിടയില്‍ ലിംഗാനുപാതം മുന്‍ ദശാബ്ദത്തെക്കാള്‍ കുറഞ്ഞിരിക്കുന്നതായും സെന്‍സസ്‌ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു. ലിംഗാനുപാതത്തില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോന്നിരുന്ന കേരളത്തിലും ശിശുലിംഗാനുപാതത്തില്‍ കുറവു സംഭവിച്ചിരിക്കുന്നുവെന്നതും ഗൗരവമായി കാണേണ്ട വസ്‌തുതതയാണ്.‌ പെണ്‍ഭ്രൂണഹത്യ തടയുന്നതിനും പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും പല നിയമനിര്‍മ്മാണങ്ങളും രാജ്യത്തുണ്ടായെങ്കിലും സമൂഹഗാത്രത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യ സംസ്‌കാരത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അവയ്‌ക്കൊന്നും ആയിട്ടില്ലെന്നാണ്‌ വസ്‌തുതകള്‍ വ്യക്തമാക്കുന്നത്‌.
പെണ്‍കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും പോഷകാഹാരം പെണ്‍കുട്ടികള്‍ക്ക്‌ പഠനത്തിനായി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവയ്‌ക്കൊന്നിനും സ്‌ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിനും പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്‌ അനുയോജ്യമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടില്ല.

സ്‌ത്രീകളെ അബലകളും അടിമകളും ചപലകളുമായി കാണുന്ന ഫ്യൂഡല്‍ മനോഭാവത്തിനും സാംസ്‌കാരിക വൈകൃതത്തിനും യാതൊരു മാറ്റവുമുണ്ടാക്കാന്‍ ആറര പതിറ്റാണ്ടുകാലത്തെ ജനാധിപത്യ സ്വാതന്ത്യത്തിനു കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു സമാന്തരമായി ജനതയ്‌ക്ക്‌ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഏതു വിധത്തില്‍ രാജ്യം പരാജയപ്പെട്ടോ അതേ രീതിയിലും വ്യാപ്‌തിയിലും സ്‌ത്രീസ്വാതന്ത്ര്യവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹവും ഭരണസംവിധാനവും അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ്‌ നേഹ അഫ്രീന്‍ നമ്മെ അനുസ്‌മരിപ്പിക്കുന്നത്‌.

സ്‌ത്രീകളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ വിമോചനത്തിലൂടെ മാത്രമെ സാംസ്‌കാരിക വൈകൃതങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും അവരെ വിമോചിപ്പിക്കാനാവൂ. നിയമനിര്‍മാണങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും സര്‍ക്കാര്‍ വിലാസം ക്ഷേമപദ്ധതികള്‍ക്കും നേടിത്തരാനാവാത്തത്‌ സ്‌ത്രീകള്‍ അവരുടെ, സംഘടിത ശേഷികൊണ്ടും ഉല്‍പതിഷ്‌ണുക്കളായ പുരുഷസമൂഹത്തിന്റെ പിന്തുണ ആര്‍ജിച്ചും നേടിയെടുക്കേണ്ടിവരും.
പുരുഷാധിപത്യം കൊടിക്കുത്തിവാഴുന്ന എല്ലാ മത, സമൂദായ, സാമൂഹ്യ, രാഷ്ട്രീയ സംവിധാനങ്ങളെയും വെല്ലുവിളിക്കാനും തകര്‍ത്ത്‌ പുന:സൃഷ്ടിക്കാനും പ്രാപ്‌തമായ ഒരു മുന്നേറ്റത്തിനു മാത്രമെ അപമാനകരമായ ഈ സാമൂഹ്യ അനീതിക്ക്‌ അറുതിവരുത്താനാവൂ.

പെണ്‍ഭ്രൂണം മുതല്‍ സ്‌ത്രീ ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും സമ്പൂര്‍ണമായി കീഴടക്കി നിയന്ത്രിക്കുകയും സ്‌ത്രീ ജീവന്‍ തന്നെ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്ന പുരുഷാധിപത്യ സംവിധാനത്തെ നിയന്ത്രിക്കാനും നിലയ്‌ക്കു നിര്‍ത്താനും നമ്മുടെ സാമൂഹ്യ രാഷ്ട്രീയ നിയമവ്യവസ്ഥകള്‍ പരാജയപ്പെട്ടിരിക്കുന്നു. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ പെണ്‍ഭ്രൂണഹത്യ തുടരുന്നതും പെണ്‍കുഞ്ഞുങ്ങള്‍ വിലകെട്ട ജീവിതങ്ങളായി തിരിച്ചറിവുപോലും ആവും മുമ്പെ പൊലിയുന്നതും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും കോണുകളിലും ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരകളാവുന്നതും നിയമവ്യവസ്ഥയെ പരിഹസിച്ച്‌ സ്‌ത്രീധന സമ്പ്രദായം സമൂഹത്തില്‍ തഴച്ചുവളരുന്നതും അര്‍ഹമായ ജനപ്രാതിനിധ്യം നിഷേധിച്ച്‌ സ്‌ത്രീസംവരണ നിയമം ചാപിള്ളയായി ഇന്ത്യന്‍ നിയമനിര്‍മ്മാണ സംവിധാനത്തിന്റെ ഗര്‍ഭത്തില്‍ ചീഞ്ഞുനാറുന്നതും പുരുഷാധിപത്യ സമൂഹത്തിന്റെ രോഗമല്ല.
അത്‌ സമൂഹത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ അറപ്പുളവാക്കുന്ന ബാഹ്യലക്ഷണങ്ങളാണ്‌. സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കാന്‍ കരുത്തുറ്റ വിപ്‌ളവകരമായ വിമോചന പോരാട്ടത്തിനു മാത്രമെ ഇന്ത്യയെ അപമാനകരമായ ഈ ദുരവസ്ഥയില്‍ നിന്ന്‌ കരകയറ്റാന്‍ കഴിയൂ.
(below Rajaji Thomas and also Neha pic)
നേഹ അഫ്രിന്‍: രോഗാതുരമായ സമൂഹത്തിന്റെ രക്തസാക്ഷിനേഹ അഫ്രിന്‍: രോഗാതുരമായ സമൂഹത്തിന്റെ രക്തസാക്ഷി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക