Image

ഒരേ ചിതയിലെ പുകയുന്ന കനലുകള്‍....(പി.സി.മാത്യു)

പി.സി.മാത്യു Published on 10 May, 2019
ഒരേ ചിതയിലെ പുകയുന്ന കനലുകള്‍....(പി.സി.മാത്യു)
വെയില്‍ കൊമ്പു തേരാക്കി യെത്തുമെന്‍ മാരനെന്നു മോഹിച്ചു നീ 
വെണ്മതൂകുമാ കൊട്ടാരത്തില്‍ തോഴിമാരൊത്തു നീര്‍ച്ചാലില്‍ നീന്തി 
നീരാടി ആനന്ദിച്ചീടുമാ സുന്ദരമുഹൂര്‍ത്തത്തിലപ്രതീക്ഷിതമായ്  
നിര്‍നിമേഷയായി, വിഷാദമയിയായി ഈറനണിഞ്ഞിരുന്നതെന്തേ ?  
മരിച്ചു നീയെന്നിലൊരു മരീചികപോല്‍ നീണ്ട വര്‍ഷങ്ങള്‍ കോഴിയവെ 
മറന്നു നീയെന്നെ യോര്‍ക്കാതെയൊരു ഗതകാലസ്മരണ തന്‍ സന്ധ്യയിലും
കണ്ണുതുറന്നാല്‍ നിന്നെ മാത്രം, പുസ്തകം തുറന്നാലും നിന്നെ മാത്രം കണ്ടൂ 
കാതിലും നിന്നിമ്പമൊഴികളൊരു കര്‍ണ രസമായി തീര്‍ന്ന മാധുര്യ കാലം 
അനുരാഗമുണര്‍ത്തി നിറമാര്‍ന്നു വിടര്‍ന്നു നില്കുമൊരു റോസാ മലരായി 
അറിയാതെ വീശുമോരു കുസൃതിക്കാറ്റിന്‍ തലോടലേറ്റു വരുമോയെന്നോതി  
നിത്യേന തേന്‍ നുകരാനോടിയെത്തും കരിവണ്ടിനോടൊരു നുണ ചൊല്ലി 
നിശതോറും നാളുകള്‍ നീട്ടവെയൊടുവിലെന്നെങ്കിലുമെത്തുമാ കുറുമ്പന്‍ 
ശലഭീ എന്നൊരു പ്രതീക്ഷയുമായി വീണ്ടുമാഗാനത്തിന്‍ ഈരടികളൊരു 
ശീലമായി തീരില്ലെങ്കില്‍ പാടാം നിനക്കായ് മാത്രമെന്നോതി പ്രിയനവന്‍..
വിധിയുടെ കനലെരിയും മരുവിലെ  വിടവിലൊരു തീരാ ദുഃഖ സ്മൃതിയായി 
വിശ്രമിക്കവേ നീയറിയുന്നുവോ വിഹായസ്സി ലൊരു  മഴക്കാറു നിനക്കായ് 
ജനിക്കുന്നു വീണ്ടുമൊരു മഴക്കായ് കാത്തിരിക്കുന്നൊരു വേഴാമ്പലിനായ് 
ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ കഴിയാതിഴയിട്ട ബന്ധങ്ങള്‍ പിരിയും
കയറുപോല്‍ പിരിഞ്ഞിണചേര്‍ന്നമര്‍ന്നൊടുവില്‍ എരിഞ്ഞൊരുചിതയില്‍
കനലുകളായ് പിന്നെ പുകയായ് ചാരമായ് മരങ്ങള്‍ക്കു വളമായി മാറട്ടെ...

ഒരേ ചിതയിലെ പുകയുന്ന കനലുകള്‍....(പി.സി.മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക