Image

അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ചു പഠിച്ച്‌ മികച്ച വിജയം നേടിയ ആര്യയെ തേടി മന്ത്രിമാര്‍ എത്തി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കി

Published on 09 May, 2019
അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ചു പഠിച്ച്‌ മികച്ച വിജയം നേടിയ ആര്യയെ തേടി മന്ത്രിമാര്‍ എത്തി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കി

പകടത്തില്‍ പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. അച്ഛന് സമീപമിരുന്ന് പാഠഭാഗങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുമ്ബോള്‍ പരീക്ഷ വിജയം എന്നതിനേക്കാള്‍ കൂടുതല്‍ ആര്യയുടെ മനസിലുണ്ടായിരുന്നത് ഇതാണ്. രാവും പകലും അച്ഛനെ പരിചരിച്ച്‌ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കൊച്ചുമിടുക്കിയെ കാണാന്‍ മന്ത്രിമാര്‍ വീട്ടിലെത്തി. അച്ഛന് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും വീട് വെച്ചുനല്‍കുമെന്നും ഉറപ്പു നല്‍കിയാണ് മന്ത്രിമാര്‍ മടങ്ങിയത്.

മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനുമാണ് മലാപ്പറമ്ബില്‍ ആര്യ താമസിക്കുന്ന വാടക വീട്ടിലെത്തി സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയത്. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു. ആര്യയുടെ അച്ഛന്‍ രാജനെ മന്ത്രിമാര്‍ കണ്ടു. ആര്യയുടെ അമ്മ സബിതയോട് ചികിത്സാ വിവരങ്ങള്‍ തിരക്കി കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കൂടെയുണ്ടായിരുന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ വിളിച്ച്‌ ആര്യയുടെ അച്ഛന് വേണ്ട ചികിത്സയെക്കുറിച്ച്‌ സംസാരിച്ചു. നാളെ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കണം എന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ഇന്ന് രണ്ട് മണിക്ക് തന്നെ മലാപ്പറമ്ബിലെ വീട്ടിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

തുടര്‍ന്ന് ആര്യയുടെ പഠന കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വന്തമായി വീട് വെക്കാനുള്ള സഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ഷന്‍ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. ' നിങ്ങള്‍ക്കിനി വേണ്ടത് വീടാണ്. നമുക്ക് ശരിയാക്കിക്കളയാടൊ. എന്തിനാ വിഷമിക്കുന്നെ. സര്‍ക്കാര്‍ ഒപ്പമുണ്ട്. പക്ഷേ ഇപ്പോള്‍ ഇലക്ഷന്‍ പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഞങ്ങള്‍ നടത്തുന്നില്ല. ഒന്നുകൊണ്ടും പേടിക്കണ്ട' ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ആര്യയെക്കുറിച്ച്‌ അറിഞ്ഞ് നിരവധി പേരാണ് സഹായവുമായി എത്തുന്നത്. മലബാര്‍ ഹോസ്പിറ്റലിന്റെ ഉടമ ഡോ.പി.എ ലളിത ആര്യയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു. ഹോസ്പിറ്റലിന്റെ സി എസ് ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്നാണ് വ്യക്തമാക്കിയത്. കൂടാതെ ആരോഗ്യമേഖലയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഭാവിയില്‍ ജോലി തന്റെ സ്ഥാപനത്തിലുണ്ടാകുമെന്നും ഡോക്ടര്‍ ആര്യയോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മാസം 5000 രൂപ ആര്യയുടെ ബേങ്ക് എക്കൗണ്ടിലെത്തും.

സേവ് ഗ്രീന്‍ പ്രതിമാസം 5000 രൂപ രാജന്റെ ചികിത്സക്കായി പെന്‍ഷന്‍ ഏര്‍പ്പെടുത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദ്യ പെന്‍ഷന്‍ തുക വീട്ടിലെത്തി കൈമാറി. സേവാഭാരതി പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. എം കെ രാഘവന്‍ എം പി സഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആര്യ പഠിച്ചിരുന്ന പ്രൊവിഡന്‍സ് സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി പ്ലസ് വണ്‍ സീറ്റ് ഉറപ്പ് നല്‍കി. ജില്ലാ കലക്ടര്‍ സാംബശിവറാവു ഫോണില്‍ വിളിച്ചഭിനന്ദിച്ചു. നേരിട്ട് കാണാമെന്നും ആര്യയോട് കലക്ടര്‍ പറഞ്ഞിട്ടുണ്ട്.

്‌ആറ് മാസം മുന്‍പാണ് ആര്യയുടെ അച്ഛന്‍ വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയിലാകുന്നത്. തുടര്‍ന്ന് രണ്ട് മാസത്തോളം സ്‌കൂളില്‍ പോകാതിരുന്ന ആര്യ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അച്ഛന് സമീപമിരുന്ന് പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങിയത്. അച്ഛനെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആര്യയുടെ ഉറക്കെയുള്ള വായനയാണ് കൊച്ചു മിടുക്കിക്ക് ഉയര്‍ന്ന വിജയം നേടിക്കൊടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക