Image

താടിമീശ മത്സരത്തില്‍ ജര്‍മന്‍കാരന്‍ ചാമ്പ്യനായി; റെക്കോഡ്‌ പങ്കാളിത്തം

ജോസ്‌ കുമ്പിളുവേലില്‍ Published on 24 April, 2012
താടിമീശ മത്സരത്തില്‍ ജര്‍മന്‍കാരന്‍ ചാമ്പ്യനായി; റെക്കോഡ്‌ പങ്കാളിത്തം
ബര്‍ലിന്‍: കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മനി ആതിഥ്യമരുളിയ താടിമീശ മത്സരത്തില്‍ പങ്കെടുത്തവരുടെ എണ്ണം സര്‍വകാല റെക്കോഡ്‌ ഭേദിച്ചു. ഇന്റര്‍നാഷണല്‍ ജര്‍മന്‍ ബേര്‍ഡ്‌ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്‌ 163 പേര്‍.

ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ ബാദ്‌ ഷൂസെന്റീഡില്‍ നടന്ന മത്സരം ഇത്തവണ പതിവിലേറെ കടുത്തതായിരുന്നുവെന്ന്‌ ജൂറി തന്നെ വിലയിരുത്തുന്നു. യുഎസ്‌, ഫ്രാന്‍സ്‌, ഓസ്‌ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌, നെതര്‍ലന്‍ഡ്‌സ്‌ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ മത്സരത്തിനെത്തിയിരുന്നു.

18 വിഭാഗങ്ങളിലെ ജേതാക്കളെ തെരഞ്ഞെടുത്തത്‌ ഏഴംഗ ജൂറി. യെന്‍സ്‌ മുള്ളര്‍ എന്ന ജര്‍മന്‍കാരനു തന്നെയാണ്‌ ഏറ്റവും കൂടുതല്‍ പോയിന്റ്‌ ലഭിച്ചത്‌. ട്രെന്‍ഡിയാണ്‌ ഇദ്ദേഹത്തിന്റെ താടിമീശയെന്നായിരുന്നു വിലയിരുത്തല്‍. ബര്‍ലിനില്‍ നിന്നുതന്നെയുള്ള ലുട്ട്‌സ്‌ ഗീസിന്റെ ചൈനീസ്‌ ചിന്‍ താടിയും ഏറെ ശ്രദ്ധേയമായി. പരമാവധി 50 പോയിന്റില്‍ 49.5 ആണ്‌ ഇരുവരും നേടിയത്‌.

ഫ്രീസ്റ്റൈള്‍ ഫുള്‍ താടി പുരസ്‌കാരം അമേരിക്കയില്‍നിന്നുള്ള ആര്‍നെ ബീലെഫീല്‍ഡും, സ്റ്റൈലന്‍ മീശയോടുകൂടിയ ബെസ്റ്റ്‌ താടിക്കുള്ള പുരസ്‌കാരം സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ആല്‍ബര്‍ട്ട്‌ ഷ്‌മിഡും നേടി.

1987-ലാണ്‌ ജര്‍മനിയില്‍ ആദ്യമായി ഇങ്ങനെയൊരു ചാംപ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ ജനപ്രീതിയും പങ്കാളിത്തവും പ്രേക്ഷകരും ക്രമാനുഗതമായി വര്‍ധിച്ചു കൊണ്‌ടിരിക്കുകയാണ്‌.
താടിമീശ മത്സരത്തില്‍ ജര്‍മന്‍കാരന്‍ ചാമ്പ്യനായി; റെക്കോഡ്‌ പങ്കാളിത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക