Image

ഫോമാ ബ്ലോഗ് ആരംഭിച്ചു,: ജെ. മാത്യൂസ് ആദ്യ ബ്ലോഗിന് തുടക്കം കുറിച്ചു. (പന്തളം ബിജു തോമസ്, പി.ആര്‍.ഒ)

Published on 03 May, 2019
ഫോമാ ബ്ലോഗ് ആരംഭിച്ചു,: ജെ. മാത്യൂസ് ആദ്യ ബ്ലോഗിന് തുടക്കം കുറിച്ചു. (പന്തളം ബിജു തോമസ്, പി.ആര്‍.ഒ)
ഡാളസ്: സര്‍ഗ്ഗാത്മകതയുടെ അനര്‍ഗ നിര്‍ഗളമായ മായാലോകത്തേക്ക് പറന്നുയരാനും, നമ്മുടെ സാഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനും, തമ്മില്‍ തമ്മില്‍ സംവദിക്കാനും, അവ പങ്കുവെയ്ക്കുവാനുമായി ഫോമാ ബ്ലോഗ്ഗ് സ്വന്തം പ്ലാറ്റ് ഫോമില്‍ ആരംഭിക്കുകയാണ്. നൂതന ആശയ സംവിധാനത്തിലൂടെ ഫോമ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഫോമാ ബ്ലോഗ്ഗ് ആരംഭിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. 

 വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും, അപഗ്രഥനങ്ങളും, വിമര്‍ശനങ്ങളും, വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ഫോമായുടെ ബ്ലോഗുകളില്‍ ഉണ്ടാകുക. വിവിധ വിഷയങ്ങളെ പറ്റിയും ന്യൂതന ആശയങ്ങളെ പറ്റിയും അനൗപചാരികമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് ബ്ലോഗ് എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്. 

ഫോമാ ഈ ആശയത്തിലേക്ക് കടന്നുവരുമ്പോള്‍, ഔപചാരികമായ കെട്ടുപാടുകള്‍ക്കപ്പുറത്തേക്ക് എല്ലാ ഫോമാ അംഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുവാനുള്ള ഒരു വലിയ വേദിയുടെ വാതായനങ്ങളാണ് ആണ് ഇതിലൂടെ തുറക്കപ്പെടുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ Dr. M V പിള്ള, മുതിര്‍ന്ന ഫോമാ നേതാവ് ജെ മാത്യുസ്, തന്റെ സ്വന്തം നിലപാടുകള്‍ കൊണ്ട് വ്യത്യസ്തനായ യുവ ആക്ടിവിസ്റ്റ് വിശാഖ് ചെറിയാന്‍, മലയാളികള്‍ക്ക് സുപരിചിതമായ ഹരി നമ്പൂതിരി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് എബ്രഹാം തുടങ്ങി നിരവധിപേര്‍ സഹകരിക്കാമെന്നും തങ്ങളുടെ ആശയങ്ങള്‍ ഈ ബ്ലോഗ് വഴി പങ്കുവയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്

ബ്ലോഗ് എന്ന പദം 'വെബ് ലോഗ്'എന്നീ രണ്ട് പദങ്ങള്‍ ചുരുങ്ങി ഉണ്ടായതാണ്. നമ്മുടെ അനുഭവത്തില്‍ നിന്നോ, ഭാവനയില്‍ നിന്നോ, രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണമായിട്ടോ, ആക്ഷേപഹാസ്യ രീതിയിലോ ഉള്ളിലുള്ള ആശയങ്ങള്‍ പങ്കു വെക്കുന്ന രീതിയാണ് ബ്ലോഗിലൂടെ അനുവര്‍ത്തിച്ചുവരുന്നത്. ഫോമാ ബ്ലോഗ് തുടങ്ങുമ്പോള്‍ അവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതിപാദിക്കേണ്ടത്. അമേരിക്കയിലെ വിവര സാങ്കേതിക നിയമപ്രകാരം, വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും, അശ്ലീല പദപ്രയോഗങ്ങളും അനുവദനീയമല്ല. 

 ഫോമാ അംഗങ്ങള്‍ ആവിഷ്‌കരിക്കുന്ന ബ്ലോഗ്, ഫോമാ ബ്ലോഗ് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം ബ്ലോഗ് അക്കൗണ്ടില്‍ പ്രസിദ്ധീകരിക്കുന്നതാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കുവാനും തങ്ങളുടെ ജനോപകാരപ്രദമായ ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഒരു വേദിയായി ഇതിനെ കാണാം എന്നും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തില്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു ജോയിന്‍ സെക്രട്ടറി സാജു ജോസഫ് ജോയിന്‍ ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ഫോമായുടെ ആദ്യ ബ്ലോഗ് വായിക്കുവാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://fomaa.com/fomaablog/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക