Image

കോണ്‍ഗ്രസിനെ വെട്ടിലാക്കി സുമലതയുടെ അത്താഴവിരുന്നിലെ ദൃശ്യങ്ങള്‍, പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി

Published on 03 May, 2019
കോണ്‍ഗ്രസിനെ വെട്ടിലാക്കി സുമലതയുടെ അത്താഴവിരുന്നിലെ ദൃശ്യങ്ങള്‍, പൊട്ടിത്തെറിച്ച്‌ കുമാരസ്വാമി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം കർണാടക നിയമസഭയിലും അധികാരം നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ജെഡിഎസും കോൺഗ്രസും കൈകൊടുത്തതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടമായത്.

അധികാരത്തിലെത്തിയത് മുതൽ ജെഡിഎസ്-കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഭിന്നത സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏററവും ഒടുവിലായി മാണ്ഡ്യയിൽ സുമലതയുടെ സ്ഥാനാർത്ഥിത്വമാണ് സഖ്യത്തെ ഉലച്ചത്. മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാർത്ഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിലിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ ആരോപണത്തെ സാധൂകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കുമാരസ്വാമി കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് നേതാവും മാണ്ഡ്യയിലെ എംപിയുമായിരുന്ന അംബരീഷിന്റെ മരണശേഷമാണ് സുമലത മാണ്ഡ്യയിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നത്. മത്സരിച്ചാൽ അത് മാണ്ഡ്യയിൽ നിന്ന് മാത്രമാകുമെന്ന സുമലതയുടെ നിബന്ധന കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നൽകാനാവില്ലെന്ന് ജെഡിഎസ് നിലപാടെടുത്തതോടെ കോൺഗ്രസ് വെട്ടിലായി. സുമലതയ്ക്ക് മറ്റൊരു സീറ്റ് നൽകാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ സഖ്യം തകരുമെന്ന സ്ഥിതിയിലെത്തിയതോടെ സുമലതയെ സ്ഥാനാർത്ഥിയാക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പകരം കുമാരസ്വാമിയുടെ മകനും ചലച്ചിത്ര താരവുമായ നിഖിൽ കുമാരസ്വാമി കോൺഗ്രസ് പിന്തുണയോടെ മാണ്ഡ്യയിൽ സ്ഥാനാർത്ഥിയായി

കുമാരസ്വാമിയുടെ ആരോപണം സാധൂകരിക്കുന്ന ചില തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ സുമലതയ്ക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അത്താഴ വിരുന്നിൽ മുൻ മന്ത്രിമാരായ ചെലുവരായ സ്വാമി, പിഎം നരേന്ദ്ര സ്വാമി, മുൻ എംഎൽഎ എച്ച് സി ബാലകൃഷ്ണ, രവി ഗനിക, മാലവല്ലി ശിവണ്ണ തുടങ്ങിയ നേതാക്കളാണ് പങ്കെടുത്തത്. നേതാക്കളുടെ നടപടി ജെഡിഎസ് നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയുടെ ചുമതലയുള്ള മുതിർന്ന നേതാവ് കെ സിവേണുഗോപാലുമായി കുമാരസ്വാമി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ.വിമത നേതാക്കൾക്കെതിരെ ഹൈക്കമാൻഡ് നടപടിയെടുക്കണമെന്ന ആവശ്യവും കുമാരസ്വാമി മുന്നോട്ട് വെച്ചിട്ടുണ്ട്. നിഖിലിനെതിരെ ഇവർ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന സൂചനയാണ് ഈ ദൃശ്യങ്ങളെന്നാണ് കുമാരസ്വാമി പറയുന്നത്. മാണ്ഡ്യയിൽ നിഖിൽ പരാജയപ്പെടുമെന്നാണ് വിലയിരുത്തലുകൾ.അതേ സമയം കോൺഗ്രസ് നേതാക്കൾ പാർട്ടി വിരുദ്ധ നടപടി ചെയ്തതിന് തെളിവില്ലാത്തതിനാൽ നടപടിയെടുക്കാനാകില്ലെന്ന നിലപാടിലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു. സുമലതയ്ക്കൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചുവെന്നത് കൊണ്ട് നടപടിയെടുക്കാനാകില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക