Image

കൗതുക കാഴ്ചകള്‍-1; വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )

ബിന്ദു രാമചന്ദ്രന്‍ Published on 01 May, 2019
കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )
'പ്രണയം ഒരു യാത്രയാണ്. ലക്ഷ്യത്തിലെത്തിയാല്‍ പിന്നെ യാത്രയുടെ കൗതുകം കഴിഞ്ഞു 'വെന്ന എം.ടിയുടെ വാക്കുകളെ ഒന്ന് ചൊറിച്ചുമല്ലുവാനാണ് എനിക്കിഷ്ടം.  

ഓരോ യാത്രയും ഒരു പ്രണയാനുഭവമാണ്. കണ്ടും അറിഞ്ഞും ചിരിച്ചും കളിച്ചും കൊതിച്ചും ഇടയ്ക്കു കുറുമ്പ് കാട്ടിയും ലേശം പിണങ്ങിയും  നമ്മെ പാടേ പിടിച്ചുലയ്ക്കുന്ന, ലക്ഷ്യത്തിലും മടക്കത്തിലും വേറിട്ട കാഴ്ചകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന ഒരു വ്യത്യസ്ത പ്രണയം !!

കഴിഞ്ഞ ആഴ്ച്ച കുടുംബസമേതം ഒരു വിദേശയാത്രയ്ക്ക് പോയിരുന്നു . രാമുവും രണ്ടാണ്മക്കളും മരുമകനുമടങ്ങുന്ന നാല് ഘടാഘടിയന്മാരുടെ കൂടെ  ആശങ്കകളേതുമില്ലാതെ, ആശകള്‍ മാത്രം സ്വരുക്കൂട്ടി ഒരു സ്വപ്നയാത്ര.   

ഇത്തവണ ടൂറിസ്റ്റുകളായല്ല, ട്രാവല്ലേഴ്‌സ് ആയാണ് പോയത്. പ്ലാനിങ് ആന്‍ഡ് എക്‌സിക്യൂഷന്‍ അവരുടെ വക. സോപ്പിങ് ആന്‍ഡ് ഷോപ്പിംഗ് ഞാനും മോളും..  സമത്വ, സുന്ദര, കേരളം !!

ഇന്റര്‍നെറ്റ് പരതി അവര്‍ തെരഞ്ഞെടുത്ത മൂന്നു കുട്ടിരാജ്യങ്ങള്‍ നെതര്‍ലന്‍ഡ്‌സ്, ആസ്ട്രിയ, വത്തിക്കാന്‍ കണ്ടു കഴിഞ്ഞപ്പോള്‍ 'നെത്തോലി ചെറിയ മീനല്ല 'എന്ന് വലിയ വായില്‍ വിളിച്ചു പറയാന്‍ തോന്നി. 

ചാഞ്ഞും ചരിഞ്ഞും ചിരിച്ചും കുറച്ചു ഫോട്ടോസ് ഇട്ടിരുന്നു. ലൈക്കടിച്ചും കമന്റടിച്ചും പ്രോത്സാഹിപ്പിച്ചവര്‍ക്കും കണ്ണടച്ച് കടന്നു പോയവര്‍ക്കും നന്ദി. 

തൊലിവെളുപ്പില്‍ മാത്രമല്ല വൃത്തിയിലും വികസനത്തിലും  നമ്മളുമായി അജഗജാന്തരം മറ്റേതൊരു യൂറോപ്യന്‍  രാജ്യത്തിലുമെന്ന പോലെ  ഇവിടങ്ങളിലും സഹജ സുലഭം.  പാടി പ്പഴകിയ ആ പഴംപുരാണം ഞാനിവിടെ ആവര്‍ത്തിക്കില്ല.

ചില കാഴ്ച്ചകള്‍  തികച്ചും കൗതുകകരമായി തോന്നി. അവയെപ്പറ്റി മാത്രം ഇവിടെപ്പറയാം. ദിവസേന ഒന്ന് എന്ന കണക്കില്‍. 

ആംസ്റ്റര്ഡാമിലെ  ' De Wallen ' പ്രവിശ്യയിലെ' ഗ്ലാസ്സ് ഹൌസുകള്‍' പ്രസിദ്ധങ്ങളാണ്. നമ്മുടെ ചുവന്ന തെരുവുകളുടെ കണ്ണാടിവാതില്‍ പതിപ്പുകള്‍. നഗര മധ്യത്തിലെ പ്രൗഡ സുന്ദരമായ, വൃത്തിയും വെടിപ്പുമുള്ള തെരുവുകളില്‍  നിയമ വിധേയമായും ( 2000   മുതല്‍) പോലീസ് സംരക്ഷണയിലും നടക്കുന്ന മാംസക്കച്ചവടം. പരസ്യ മദ്യപാനവും ഫോട്ടോയെടുക്കലും നിരോധിച്ച ഈ തെരുവുകളില്‍ കവലകള്‍ തോറും സര്‍വ സന്നാഹങ്ങളോടെ ജാഗരൂകരായി പോലീസ് വാഹനങ്ങളുണ്ട്.  അതിനുമപ്പുറം തിരയൊടുങ്ങി ശാന്തരായി ഒഴുകി നീങ്ങുന്ന ജനസമുദ്രം.

ദിവസവാടകയ്ക്ക് കിട്ടുന്ന ഈ അത്യാധുനിക ചില്ലുകൂടുകളില്‍ അല്പവസ്ത്രധാരികളായ അതിസുന്ദരിമാര്‍ പ്രദര്‍ശന വസ്തുക്കളായി  നില്‍പ്പുണ്ട്.  ഇവര്‍ നികുതി ദായകരും അതുകൊണ്ടു തന്നെ ജീവനും സ്വത്തിനും സര്‍ക്കാര്‍ വക സംരക്ഷണമുള്ളവരുമാണ്.  ഒരു കര്‍ട്ടന്‍ നിങ്ങളുടെ കാഴ്ച്ച മറച്ചാല്‍ അവിടെ ആളുണ്ടെന്നര്ഥം. 

ലോക ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ തൊഴിലിനെ ന്യായീകരിക്കാനാവില്ലെങ്കിലും  നമ്മുടെ നാട്ടിലെ  വൃത്തിഹീനമായ തെരുവുകളിലെ മാനംകാണാ ഗുഹകളില്‍ പിമ്പുകളും പോലീസും ഒരുപോലെ ചൂഷണം ചെയ്യുന്ന,  ഒരു ചാണ്‍ വയറിനോ ചത്തൊത്തു ജീവിക്കാനോ വേണ്ടി എല്ലും തോലുമായ പച്ചമാംസം വില്‍ക്കുന്ന  പട്ടിണി പാവങ്ങളെ ഓര്‍ത്തപ്പോള്‍ ഗ്ലാസ്സ് ഹൌസുകള്‍ എത്ര ഭേദം എന്ന് തോന്നി  എന്നതാണ് സത്യം.

തെരുവോരത്ത് ഒരു അജ്ഞാത ശില്പി രാത്രിക്കുരാത്രി അടിച്ചുറപ്പിച്ച ലോഹശില്പം കണ്ടു. ഈ തൊഴില്‍ നിയമ വിധേയമാവും മുന്‍പ്  ഇവിടുത്തെ സുന്ദരിമാര്‍ക്കായൊരു സ്‌നേഹ സമര്‍പ്പണം ( ചിത്രം 1.)  സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ശ്രമിച്ചിട്ടും വക്കു പൊട്ടിക്കാനല്ലാതെ ഈ അര്ത്ഥ സമ്പുഷ്ടമായ ദൃശ്യബിംബം ഇളക്കി മാറ്റാനായില്ല എന്നത് ചരിത്രം !!!! ആ  വീര വിശ്വകര്‍മ്മന്റെ ആത്മനിഷ്ഠയ്ക്കും അര്‍പ്പണ ബോധത്തിനും മുന്നില്‍ തെല്ലകലെ സര്‍ക്കാര്‍ വക  പിന്നീട് പ്രതിഷ്ഠിച്ച മറ്റൊരു സ്ത്രീ രൂപം ഒന്നുമല്ല തന്നെ.
 ( ചിത്രം 2.)

'Respect our sex workers. They keep your men happy and your women safe '.   
 ആയിരങ്ങള്‍ ഒഴുകുന്ന ആ വഴികളിലൂടെ ഭയാശങ്കകളില്ലാതെ അലസം നടക്കുമ്പോള്‍   'അവിടെ കണ്ട' ഈ വരികള്‍ അര്ത്ഥവത്താണെന്നു തോന്നി. 

 പ്രണയവുമായി പുലബന്ധം പുലര്‍ത്താത്ത,  തികച്ചും അപരിചിതനായ ഒരു പുരുഷനുമായി സമയ, സ്ഥല ബന്ധിതമായി കിടക്ക പങ്കിടുക (അയാളുടെ വികാരം ശമിപ്പിക്കുക എന്നതാവും കൂടുതല്‍ ശരി)  യെന്നത്   മരണതുല്യം.
ലോക തൊഴിലാളി ദിനമായ ഇന്ന് മെയ് ഒന്നിന് സര്‍വ രാജ്യ ലൈംഗിക തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ട് ഈ കുറിപ്പ് , സ്‌നേഹത്തോടെ അതിലേറെ ദുഃഖത്തോടെ സമര്‍പ്പിക്കട്ടെ.

കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )കൗതുക കാഴ്ചകള്‍-1;  വില്‍ക്കാനുണ്ട് നിശാശലഭങ്ങളെ (ബിന്ദു രാമചന്ദ്രന്‍ )
Join WhatsApp News
Resmi Anil 2019-05-01 07:42:48
Excellent write up! Keep writing!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക