Image

സോഷ്യല്‍ സെക്യൂരിറ്റിയുടെ പേരില്‍ വിളി വന്നു; അവസാന നിമിഷം പണം പോകാതെ കഷ്ടിച്ച് രക്ഷപ്പെട്ടു

Published on 29 April, 2019
സോഷ്യല്‍ സെക്യൂരിറ്റിയുടെ പേരില്‍ വിളി വന്നു; അവസാന നിമിഷം പണം പോകാതെ  കഷ്ടിച്ച് രക്ഷപ്പെട്ടു
ന്യു യോര്‍ക്ക്: മുന്‍പ് ഐ.ആര്‍.എസ് എന്നു പറഞ്ഞായിരുന്നു ഫോണ്‍ തട്ടിപ്പ് എങ്കില്‍ ഇപ്പോള്‍ അത് സോഷ്യല്‍ സെക്യൂരിറ്റി, മൈക്രോസോഫ്റ്റ് സര്‍വീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പേരിലായി.

സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള ഫോണ്‍ വിളി അനുസരിച്ച് 25,000 ഡോളര്‍ ബാങ്കില്‍ നിന്ന് എടുത്ത റോക്ക് ലാന്‍ഡ് കൗണ്ടിയിലെ ലതാ പോളിനു അവസാന നിമിഷം ഭാഗ്യം കൊണ്ട് തുക നഷ്ടപ്പെട്ടില്ല.

സോഷ്യല്‍ സെക്യൂരിറ്റിയില്‍ നിന്ന് എന്നു പറഞ്ഞു പലവട്ടം കോള്‍ വന്നപ്പോള്‍ ഒരു തവണ അത് എടുത്തു. ഓഫീസറുടെ പേരും ബാഡ്ജ് നമ്പറുമൊക്കെ പറഞ്ഞ് വിശ്വാസ്യത വരുത്തി. അതിനു പുറമെ ലതയുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പറും ഇങ്ങോട്ടു പറഞ്ഞു. അതോടെ സംശയം നീങ്ങി.

പറഞ്ഞതിതാണ്. ലതയുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ആരോ ഹാക്ക് ചെയ്തു, അതുപയോഗിച്ച് പണം തട്ടിയെടുത്തു.

അതിനാല്‍ ബാങ്കിലുള്ള പണം കയ്യോടെ പിന്‍വലിക്കണമെന്നും അല്ലേങ്കില്‍ അതും നഷ്ടപ്പെടുമെന്നും പറഞ്ഞു. മാത്രമല്ല സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതിനു അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.  മറ്റാരോടും സംസാരിക്കുകയോ ഫോണ്‍ കട്ട് ചെയ്യുകയോ പാടില്ലെന്നും തറപ്പിച്ചു പറഞ്ഞു. അതിനു പുറമെ ക്ലാര്‍ക്ക്‌സ്ടൗണിലെ ഒരു പോലീസ് ഓഫീസറുടെ ബാഡ്ജ് നമ്പറും നല്കി.

സംസാരം നീണ്ടതോടെ ബാങ്കില്‍ പോയി പണം പിന്‍വലിക്കാന്‍ ലത തയ്യാറായി. ബാങ്കില്‍ നിന്ന് 25,000 പിന്‍ വലിക്കാനെ കഴിഞ്ഞുള്ളു. എന്തിനാണു ഇത്രയും തുകയെന്നു പരിചയമുള്ള ബാങ്ക് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ മകന്റെ വിവാഹ ആവശ്യത്തിനാണെന്നു പറഞ്ഞു.

തുടര്‍ന്ന് തൊട്ടടുത്തു തന്നെയുള്ള ജോലി സ്ഥലത്ത്‌ ലത എത്തി. പക്ഷെ ജോലി സ്ഥലം ഇത്ര അടുത്താണെന്ന് വിളിച്ചയാള്‍ക്ക് അറിയില്ലായിരുന്നു. പണം പിന്‍ വലിച്ചത് ബോധ്യമായ തട്ടിപ്പുകാരന്‍ ബാങ്കിനു പുറത്തു നില്ക്കാന്‍ പറഞ്ഞു. അത്രയും പണവുമായി തനിയെ പോകണ്ട, ഒരു ഊബര്‍ ടാക്‌സി അയക്കാമെന്നും പറഞ്ഞു. 

എന്നാല്‍ താന്‍ ഓഫീസിലെത്തി എന്നു പറഞ്ഞപ്പോള്‍ അയാള്‍ക്കു രോഷം.

സംസാരം കേട്ട ഒരു സഹപ്രവര്‍ത്തകനു സംശയം. തുടര്‍ന്നു അയാള്‍ക്ക് ഫോണ്‍ കൊടുത്തു. അയാളുടെ സഹോദരന്‍ ക്ലാര്‍ക്‌സ്ടൗണ്‍ പോലീസ് ഓഫീസറാണ്. ക്ലാര്‍ക്‌സ്ടണിലെ ഓഫീസറുടെ നമ്പര്‍ പറഞ്ഞപ്പോള്‍ അവിടത്തെ നമ്പര്‍ അങ്ങനെയല്ല എന്നയാള്‍ക്കു മനസിലായി.

തുടര്‍ന്ന് അങ്ങോട്ടു ചോദ്യം ചോദിക്കാന്‍ തുടങ്ങിയതോടെ തട്ടിപ്പുകാരന്‍ ഫോണ്‍ വച്ചു. പാവം രണ്ടര മണിക്കൂര്‍ അധ്വാനിച്ചത് വെറുതെയായി!

സംസാരമൊക്കെ ശരിക്കും ഉദ്യോഗസ്ഥരുടേതു പോലെയെന്നു ലത പോള്‍ പറഞ്ഞു. ഇടക്കു അവര്‍ ബോസിനെ കണസള്‍ട്ട് ചെയ്യുന്നുമൊക്കെയുണ്ട്.

സംഭവത്തിനു ശേഷം ലതയും ഭര്‍ത്താവ് പോളും പരാതിയുമായി ക്ലാര്‍ക്‌സ്ടൗണ്‍ പോലീസിലെത്തി. എന്നാല്‍ പണം നഷ്ടപ്പെടാത്തതിനാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് അവര്‍ അറിയിച്ചു. ഇത്തരം പരാതി നിരന്തരം വരുന്നുണ്ടെന്നും പലര്‍ക്കും പണം നഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

എന്തായാലും പണം നഷ്ടപ്പെട്ടില്ലല്ലോ എന്ന് ആശ്വാസം. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ അവര്‍ക്ക് എങ്ങനെ കിട്ടി എന്നാണു ഇനിയും വ്യക്തമാകാത്തത്. ഇക്കാര്യം സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനെ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ സെക്യൂരിക്കാര്‍ ഫോണില്‍ വിളിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്ന പ്രശ്‌നമില്ല. അവിടെ ഓഫീസറും പോലീസും ഉണ്ടോ എന്നും സംശയം. അതൊരു സര്‍വീസ് ഏജന്‍സിയാണ്. അവരെ വിളിച്ചാല്‍ കിട്ടാന്‍ എത്രയോ പ്രയാസം.

സാധാരണ ഇത്തരം തട്ടിപ്പുകാര്‍ പണം ഉപയോഗിച്ച് വാല്‍ഗ്രീന്‍സില്‍ നിന്നും മറ്റും പെയ്‌മെന്റ് കാര്‍ഡ് വാങ്ങാനാണു പറയാറ്. കാര്‍ഡ് വാങ്ങി അതിന്റെ നമ്പര്‍ കൊടുത്ത്താല്‍ അവര്‍ക്ക് പണം കയ്യോടെ എടുക്കാം.

ഇവിടെ ടാക്‌സി അയക്കാമെന്നാണു പറഞ്ഞത്. അതിനര്‍ഥം തട്ടിപ്പുകാരുടെ കൂട്ടാളികള്‍ ഇവിടെയും ഉണ്ടായിരിക്കാമെന്നും.

മൈക്രോസോഫ്റ്റില്‍ നിന്നാണെന്നും സി.ഡി.സി.യില്‍ നിന്നാണെന്നുമൊക്കെ പറഞ്ഞു കോളുകള്‍ വരുന്നു. കഴിവതും അവ എടുക്കരുത്. എടുത്താല്‍ തന്നെ തിരിച്ച് വിളിക്കാമെന്നു പറയുക. തുടര്‍ന്ന് മറ്റുള്ളവരുമായി കണ്‍സള്‍ട്ട് ചെയ്യുക.

ഇനി അറസ്റ്റ് ചെയ്യുമെന്നൊക്കെ പറഞ്ഞാല്‍ പേടിക്കരുത്. ഇതെന്താ വെള്ളരിക്കാ പട്ടണമോ? അറസ്റ്റ് ചെയ്താല്‍ ജാമ്യമെടുക്കാമെന്നു പറയണം. തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ.

നമ്മുടെ പേടിയും നിസഹായാവസ്ഥയും മുതലെടുക്കാന്‍ ഈ ക്രിമികള്‍ക്ക് അവസരം കൊടുക്കരുത്.

സൊഷ്യല്‍ സെക്യൂരിറ്റി നമ്പറും മറ്റും കിട്ടുമ്പോള്‍ നമ്മുടെ ക്രെഡിറ്റ് കാര്‍
ഡില്‍ നിന്നും മറ്റും തുക തട്ടിക്കാന്‍ എളുപ്പമാകുമെന്ന് പോള്‍ ചൂണ്ടിക്കാട്ടി. നമ്മുടെ വിവരങ്ങള്‍ അറിയാവുന്നവര്‍ ഒരു പക്ഷെ ഇത്തരം തട്ടിപ്പുകാര്‍ക്ക് അത് കൈ മാറുന്നുണ്ടൊ എന്നു പോലും സംശയിക്കണം. അതിനാല്‍ ജാഗ്രത പാലിക്കണം. തട്ടിപ്പിനിരയാവരുത്

Join WhatsApp News
Annamma Philipose 2019-04-30 02:21:36
IRS OR SS never will call on the phone.They will contact by mail only
Tom abraham 2019-04-30 07:24:06
I did report scamster theft on me 1750 dollars. Sorry, Lata had not read it. I went through same cell call fraud to lose by making google play cards and giving track number in fear of immediate arrest by federal agents. 
vayanakkaran 2019-04-30 09:05:03
വിശ്വസിക്കാൻ പ്രയാസം. ലത ആയതുകൊണ്ട് വിശ്വസിക്കുന്നു. വല്ലപ്പോഴും ന്യൂസ് വായിക്കുക. ഇ മലയാളിയിൽ തന്നെ പല പ്രാവശ്യം ഈ ഇനം ന്യൂസ് വന്നീട്ടുള്ളതാണ്. പ്രമുഖനായ ഭർത്താവ് പോളിനോട് ആലോചിക്കാതെ ചെയ്തത് ഒട്ടും ശരിയായില്ല.IRS, സോഷ്യൽ സെക്യൂരിറ്റി, ഇമ്മിഗ്രേഷൻ മുതലായ ഒരു ഏജൻസിയിൽ നിന്നും ഒരിക്കലും ഫീസ്, ഫൈൻ മുതലായവെക്കുവേണ്ടി ഫോൺ വിളിക്കുകയില്ല!!!
Your Good Neighbor 2019-04-30 12:37:42
ഉപദേശിക്കുന്ന ഈ മിടുക്കർക്കു ഈ അനുഭവം ഏതെങ്കിലും ഒരു  രീതിയിൽ വരുമ്പോൾ എന്തായിരിക്കുംസ്ഥിതിയെന്നു  അത്തരം സന്ദർഭത്തിൽ കൂടെ പോകുമ്പോഴേ മനസ്സിലാകൂ. ഈമലയാളിയിലൊക്കെ വരുന്ന  മുന്നറിയിപ്പുകൾ എപ്പോഴും ഓർത്തിരുന്നാൽ നല്ലതു. പക്ഷെ ഒരു മാനസിക സംഘർഷം ഉണ്ടാവുമ്പോൾ  ( അതാണ് ഇത്തരം കോളുകളുടെ ലക്‌ഷ്യം) പലരും മുന്നറിയിപ്പുകൾ ഒക്കെ മറന്നെന്നിരിക്കും . ഈ കാര്യം മറ്റുള്ളവരെ അറിയിക്കാൻ ഒരുമ്പെട്ടത്തിനു വളരെ നന്ദി. ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് ഇമലയാളിക്കും നന്ദി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക