Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍ 3: ജയന്‍ വര്‍ഗീസ്)

Published on 29 April, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍  3: ജയന്‍ വര്‍ഗീസ്)
വല്യാപ്പന്‍ മരിക്കുന്നതിന് മുന്‍പേ അപ്പന്‍ വിവാഹം കഴിച്ചിരുന്നു. പതിനൊന്ന് വയസുണ്ടായിരുന്ന അമ്മയെ. ബാലവിവാഹം സര്‍വ സാധാരണമായിരുന്ന അക്കാലത്ത് പരസ്പരം അറിയുന്ന കുടുംബങ്ങള്‍ മക്കളെ പരസ്പരം കൂട്ടിക്കെട്ടി ഇടുകയായിരുന്നു ഇതിലൂടെ. വിവാഹശേഷവും 'അമ്മ അവരുടെ സ്വന്തം വീട്ടിലായിരുന്നു. അവര്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങിയത് തന്നെ രണ്ടു പേര്‍ക്കും പ്രായപൂര്‍ത്തി വന്നതിനു ശേഷമായിരുന്നു. വല്യാപ്പന്‍ മരിച്ചതിന് ശേഷം ചെറിയ സഹായങ്ങളൊക്കെ അമ്മവീട്ടില്‍ നിന്ന് കിട്ടിയിരുന്നു. കാര്‍ഷിക മേഖലയില്‍ അപ്പം കണ്ടെത്തുന്ന അവരും ദാരിദ്ര്യത്തില്‍ തന്നെ ആയിരുന്നു. 

അമ്മയുടെ അപ്പന്‍ ആയിരുന്നു എന്റെ ഏറ്റവും വലിയ ആദര്‍ശ പുരുഷന്‍. ആറരയടി പൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിര്‍മ്മലതയും, ദയയും നിറഞ്ഞ ഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയ അറിവ് കൊണ്ട് പതിവായി പള്ളിയില്‍ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയില്‍ അതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികള്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരു പൈസ പോലും അതിന്റെ പേരില്‍ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ( അപ്പനില്‍  നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട് എന്റെ അമ്മയും പലരുടെയും ആസ്മ, മൈഗ്രെയ്ന്‍, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കര്‍ വരുന്ന ഭൂമിയും വീടും ഇവര്‍ക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുന്‌പോള്‍, വല്യാപ്പന്റെ ഒരനുജന്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകള്‍ വീട്ടുവാനായിട്ടും, സഹായികളായി എത്തിയ ചിലരുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടും, മൊത്തമായിക്കിടന്ന ഭൂമി വിറ്റ് ഭാഗം വച്ച് പിരിയേണ്ടി വരികയും, വല്യാപ്പന് കിട്ടിയ വീതം കൊണ്ട് എട്ടു മൈല്‍ ദൂരെ ഞാറക്കാട് എന്ന സ്ഥലത്തു കുറച്ചു സ്ഥലം വാങ്ങി അവിടെ ജീവിക്കുകയുമായിരുന്നു.

വല്യാപ്പന് മൂന്നു മക്കള്‍. രണ്ടു പെണ്ണും, ഒരാണും  അതില്‍ വല്യാപ്പന്റെ  അരുമയായ അതി സുന്ദരിയായ മൂത്ത മകളായിരുന്നു എന്റെ 'അമ്മ. തനിക്കറിയാവുന്ന ചികിത്സകളും, ചിന്തകളും വല്യാപ്പന്‍ അമ്മയെ പഠിപ്പിച്ചിരുന്നു. അതാണ് ആകെ അമ്മക്ക് കിട്ടിയിട്ടുള്ള വിദ്യാഭ്യാസം. ധൈര്യവും ആത്മ വിശ്വാസവുമായിരുന്നു ഇതില്‍ എടുത്തു പറയാവുന്ന രണ്ടു ഗുണങ്ങള്‍. ഒരു പെണ്ണായിരുന്നിട്ടു കൂടി നീതിക്കു വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി നിന്ന് സംസാരിച്ചിരുന്നു 'അമ്മ. ഏത് ഉഗ്ര വിഷമുള്ള പാന്പിനെയും നിസ്സാരമായി 'അമ്മ അടിച്ചു കൊല്ലുമായിരുന്നു. കാട്ടു പ്രദേശമായിരുന്നതിനാല്‍, പാന്പുകളുടെ ശല്യം സാധാരണവുമായിരുന്നു. പത്തിവിടര്‍ത്തി ചീറ്റി നില്‍ക്കുന്ന മൂര്‍ഖന്‍ പാന്പുകളെക്കണ്ട് ആണുങ്ങള്‍ ഓടിയകലുന്‌പോള്‍ 'അമ്മ സധൈര്യം അവിടെയെത്തി നിസ്സാരമായി അതിനെ അടിച്ചു കൊല്ലുമായിരുന്നു. അമ്മയെക്കണ്ടാല്‍ പാന്പുകള്‍ തല താഴ്ത്തുമായിരുന്നു എന്നും ആളുകള്‍ പറഞ്ഞിരുന്നു.

തികഞ്ഞ സത്യ വിശ്വാസിയും തികഞ്ഞ കമ്യൂണിസ്റ്റുമായിരുന്ന ഒരാളെ മാത്രമേ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളു. അതാണ് വള്ളിപ്ലാവില്‍ ഔസേപ്പ് എന്ന് പേരുള്ള എന്റെ വല്യാപ്പന്‍. ( രണ്ടു പ്രസ്ഥാനങ്ങളും മനുഷ്യ സ്‌നേഹത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന വല്യാപ്പന്റെ ആശയത്തെയാണ്, എന്റെ ' അസ്ത്രം ' എന്ന നാടകത്തില്‍ ക്രിസ്തു മതത്തിന്റെ പ്രതീകമായി വരുന്ന ' ആശ്രിതന്‍ എ ' യും, കമ്യൂണിസത്തിന്റെ പ്രതീകമായി വരുന്ന ' ആശ്രിതന്‍ ബി ' യും, മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമായി തെറ്റിദ്ധരിക്കപ്പെടുന്ന ' യജമാനന്‍ ' എന്ന വ്യവസ്ഥിതിയുടെ കാവല്‍ ദണ്ഡുകളേന്തി അയാള്‍ക്ക് കാവല്‍ നില്‍ക്കുന്നതും, അവസാനം സത്യം തിരിച്ചറിയുന്‌പോള്‍ അയാളുടെ കാവല്‍ ദണ്ഡുകള്‍ കൊണ്ട് തന്നെ അയാളെ അടിച്ചു കൊല്ലുന്നതും. ) എ. കെ. ജി. യുടെ അടുത്ത സ്‌നേഹിതനായിരുന്നു വല്യാപ്പന്‍. അമരാവതിയിലെ സത്യാഗ്രഹ സമരത്തില്‍ അദ്ദേഹത്തോടൊപ്പം വല്യാപ്പനുമുണ്ടായിരുന്നു. അക്കാലത്തെ എ. കെ. ജി. യുടെ പ്രവര്‍ത്തന വേദികളില്‍ സഹകാരിയായും, സഹായിയായും എന്റെ  വല്യാപ്പനുമുണ്ടായിരുന്നു.

വല്യാപ്പന്റെ മറ്റൊരു ആത്മ സുഹൃത്തായിരുന്നു  ' ബസ് കീപ്പാ റന്പാച്ചന്‍ ' എന്ന താപസ തുല്യനായ വൈദിക ശ്രേഷ്ഠന്‍. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി മൊത്തക്കച്ചവടക്കാരില്‍ നിന്ന് വാങ്ങുന്ന തുണിക്കെട്ടുകള്‍ തലച്ചുമടായി ചുമന്ന് പള്ളികളിലും, വീടുകളിലും എത്തിച്ച് ഉടുമുണ്ടിന്റെ പാകത്തിന് മുറിച്ചു കൊടുക്കലായിരുന്നു ഇദ്ദേഹത്തിന്റെ പരിപാടി. ഒരു ഉടുതുണി വാങ്ങാന്‍ നിവര്‍ത്തിയില്ലാതിരുന്ന അനേകായിരങ്ങളാണ് റന്പാച്ചന്റെ തുണിയുടുത്ത് നാണം മറച്ചിരുന്നത്. ഇദ്ദേഹം എവിടുത്തു കാരനാണെന്നോ എങ്ങിനെ പണം കണ്ടെത്തുന്നു എന്നോ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെ ഇളയ സഹോദരനായ ' മാത്തു സാര്‍ ' എന്ന് പേരുള്ള ഒരാളായിരുന്നു തുണിക്കെട്ടും തലയില്‍ പേറി അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. ഒരു റൊട്ടീന്‍ വച്ച് ഞങ്ങളുടെ പ്രദേശത്ത് വരുമായിരുന്ന അദ്ദേഹത്തിന് അപ്പോഴൊക്കെ എന്റെ വല്യാപ്പനാണ് ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നത്.

 ഞാറക്കാട്ടു താമസിക്കുന്‌പോള്‍ നിവര്‍ത്തികേട് കൊണ്ട് വല്യാപ്പന്‍ ഒരു ചുമട്ടുകാരനായി ജോലി ചെയ്തിരുന്നു. നാട്ടുംപുറത്ത് നിന്ന് കച്ചവടക്കാര്‍ വാങ്ങുന്ന മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ തലച്ചുമടായി മൂവാറ്റുപുഴ ചന്തയില്‍ എത്തിക്കുക എന്നതായിരുന്നു ജോലി. അതിനു കിട്ടുന്ന കൂലി കൊണ്ട്  അങ്ങോട്ട് കൊണ്ട് പോയതു പോലെ ഒരു ചുമട് പലവ്യഞ്ജനങ്ങള്‍ ഇങ്ങോട്ടും ചുമടുണ്ടാവും. അങ്ങിനെയാണ് കുടുംബം പുലര്‍ന്നിരുന്നത്.

എനിക്ക് നാലോ, അഞ്ചോ വയസുള്ളപ്പോള്‍ ഒരു ദിവസം എന്നെ  വല്യാപ്പന്റെ തോളിലിരുത്തി അമ്മവീട്ടിലേക്കു കൊണ്ടുപോവുകയാണ്. ഞങ്ങളുടെ വീട്ടില്‍ നിന്ന് തോളിലേറ്റി വച്ചാല്‍ എട്ടു മൈല്‍ ദൂരെയുള്ള അമ്മവീട്ടില്‍ എത്തിയിട്ടേ താഴെ ഇറക്കൂ. അതാണ് രീതി.  പോകുന്ന വഴിയില്‍ ബസ്കീപ്പാ റന്പാച്ചനും, മാത്തുസാറും വരുന്നു. മാത്തുസാറിന്റെ തലയില്‍ തുണിചുമടുണ്ട്. പരസ്പരം കുശലം പറയുന്‌പോള്‍ " ഇത് മകളുടെ കുട്ടിയാണ് " എന്ന് എന്നെ ഉദ്ദേശിച്ച് വല്യാപ്പന്‍ റന്പാച്ചനോട് പറയുന്നു. എന്റെ കൈയില്‍ സ്പര്‍ശിച്ചു കൊണ്ട് " എന്ത് പറയുന്നൂ "എന്ന് വാത്സല്യത്തോടെ റന്പാച്ചന്‍  എന്നോട് ചോദിക്കുന്നു.

അന്ന് അതിന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞ ഉത്തരം എങ്ങിനെ, എവിടെ നിന്ന് കിട്ടിയെന്നോ, എന്താണ് അതിന്റെ അര്‍ത്ഥമെന്നോ അന്നോ, ഇന്നോ എനിക്ക് അറിയില്ലെങ്കിലും അത് ഞങ്ങളുടെ വീടുകളില്‍ ഒരു വലിയ ചര്‍ച്ചയായിത്തീര്‍ന്നു. " എല്ലാം കൂക്കോയ മട്ടിലായല്ലോ റന്പാച്ചാ " എന്നായിരുന്നുവത്രെ ഞാന്‍ പറഞ്ഞ ഉത്തരം. റന്പാച്ചന്‍ അതിന് വല്ല പ്രത്യേക അര്‍ത്ഥവും കണ്ടെത്തിയിട്ടാണോ എന്നറിയില്ലാ, എന്നെ താഴെയിറക്കി രണ്ടുകൈയും എന്റെ തലയില്‍ വച്ച് " നീ മിടുക്കനായി വരും " എന്ന് അനുഗ്രഹിച്ചിട്ടു പോയിയത്രെ ! അന്ന് മുതല്‍ ഇന്ന് വരെ ഞാനൊരു മിടുക്കാനായോ എന്ന് എനിക്ക് ഉറപ്പില്ലെങ്കിലും ആ സ്മരണ ഉണ്ടാവുന്‌പോളൊക്കെ ഒരു പ്രത്യേക ഊര്‍ജ്ജം എന്നില്‍ വന്നു നിറയുന്നത് ഞാനറിയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക