Image

ബി.ജെ.പി.യുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി ഉയര്‍ത്തുന്ന രാഷ്ട്രീയ-ധാര്‍മ്മീക-ജനാധിപത്യ വെല്ലുവിളികള്‍(ദല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 27 April, 2019
ബി.ജെ.പി.യുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി ഉയര്‍ത്തുന്ന രാഷ്ട്രീയ-ധാര്‍മ്മീക-ജനാധിപത്യ വെല്ലുവിളികള്‍(ദല്‍ഹികത്ത്: പി.വി.തോമസ് )
സന്യാസിനി പ്രാഗ്യസിംങ്ങ് ഠാക്കൂര്‍ ആണ് മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി. പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുന്‍നിരനേതാവും ആയ ഭിഗ് വിജയ് സിംങ്ങും. സന്യാസിനി പ്രാഗ്യ മേല്‍ഗാവ് ഭീകരാക്രമണ കേസില്‍ പ്രതിയായി 9 വര്‍ഷം ജയില്‍ വാസം അനുഭവിച്ച് ഇപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം ലഭിച്ച് വെളിയില്‍ ആണ്. അവര്‍ സുഖം പ്രാപിക്കട്ടെ. പക്ഷേ എന്തുകൊണ്ട് ബി.ജെ.പി. ഒരു ഭീകരാക്രമണ കേസിലെ വിചാരണ വിധേയ ആയ പ്രതിയെ ഇവിടെ സ്ഥാനാര്‍ത്ഥി ആക്കി? 

ബി.ജെ.പി.യുടെ പ്രഖ്യാപിത നയം ഭീകരാക്രണത്തോട് പരിപൂര്‍ണ്ണ അസഹിഷ്ണുതയാണ്. അതിര്‍ത്തി കടന്നുപോലും ഭീകരാക്രമണ താവളങ്ങളില്‍ മിന്നലാക്രമണം നടത്തുന്നതാണ് ബി.ജെ.പി.യുടെയും മോഡി ഗവണ്‍മൈന്റിന്റെയും നയം. പക്ഷേ, സന്യാസിനി സംഘപരിവാറിന്റെ സ്വന്തം ഭീകരവാദി ആണ്. പണ്ട് പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞില്ലേ ജമ്മുകാശ്മീരിലെ തീവ്രവാദികള്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ആണെന്ന്. അന്ന് ഇന്‍ഡ്യാക്കാരായ നമ്മള്‍ പരിഹസിച്ചു ചിരിച്ചു. ഇന്ന് മോഡിയും ഷായും നമ്മളെ പരിഹസിച്ച് ചിരിക്കുന്നു. മോഡി ഒരു അഭിമുഖത്തില്‍ പറഞ്ഞു സാധ്വി പ്രാഗ്യാസിംങ്ങ് ഠാക്കൂറിന്റെ സ്ഥാനാര്‍്ത്ഥിത്വം കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഹിന്ദുഭീകരവാദം എന്ന ആരോപണത്തിന് എതിരായ ശക്തമായ ഒരു സന്ദേശം ആണെന്ന്. നല്ലതുതന്നെ. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെ ചോദ്യം ഇതാണ്: എന്തുകൊണ്ട് സ്വാധി പ്രാഗ്യസിംങ്ങ് ഠാക്കൂറിന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂട? അവര്‍ ഇന്‍ഡ്യന്‍ പൗര അല്ലേ? ഇതും ശരി തന്നെ. 

ഹിന്ദു ഭീകരവാദാരോപണനത്തിനെതിരെയുള്ള മറുപടി എന്ന മോഡിയുടെ മറുപടി ശരി തന്നെ. കാരണം അത് മതധ്രൂവീകരണത്തിന് വഴി ഒരുക്കും തെരഞ്ഞെടുപ്പില്‍. ഹിന്ദുഭീകരവാദം എന്നതിനു പകരം ഞാന്‍ ഇതിനെ ഹിന്ദുത്വ ഭീകരവാദം എന്ന് വിളിക്കും എന്നുമാത്രം. ഇതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവും ഇല്ല. ദിഗ് വിജയ് സിംങ്ങ് ഹിന്ദുത്വ ഭീകരവാദം എന്ന ആശയം ഉന്നയിച്ച ഒരു രാഷ്ട്രീയനേതാവും ആണ്. 1989 മുതല്‍ ഒരിക്കല്‍ പോലും ബി.ജെ.പി. തോല്‍ക്കാത്ത ഭോപ്പാല്‍ ലോകസഭ മണ്ഡലത്തില്‍ ഒരു ഹിന്ദുത്വ ഭീകരവാദിയായ സന്യാസിനിയെ നിറുത്തുക വഴി മോഡി തെളിയിക്കുവാന്‍ ആഗ്രഹിക്കുന്ന സംഗതിയും വ്യക്തമാകും. സാധ്വി ജയിക്കും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍. 

ഹിന്ദുത്വ ഭീകരവാദത്തിന് അംഗീകാരവും ലഭിക്കും. അമിത്ഷായുടെ ചോദ്യവും വളരെ പ്രസക്തം ആണ്. എന്തുകൊണ്ട് സാധ്വിക്ക് മത്സിച്ചുകൂട? അവര്‍ ഇന്‍ഡ്യന്‍ പൗര അല്ലേ? ശരിയാണ്. തെരഞ്ഞെടുപ്പ് നിയമപ്രകാരം സാധ്വി പ്രാഗ്യാസിംങ്ങ് ഠാക്കൂറിന് യാതൊരു അയോഗ്യതയും ഇല്ല. പക്ഷേ, വിഷയം രാഷ്ട്രീയ-ധാര്‍മ്മീക- ജനാധിപത്യ മൂല്യങ്ങള്‍ ആണ്. അതാണ് മോഡിയും ഷായും സൗകര്യപൂര്‍വ്വം മറക്കുന്നത്.

അവരുടെ അഭിപ്രായത്തോടു തന്നെയാണ് ഗവണ്‍മെന്റിന്റെ ദേശീയ അന്വേഷണ ഏജന്‍സിയും ജോയിക്കുന്നത്. അത് കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചത് പ്രകാരം സാധ്വിക്ക് എതിരായി പ്രോസിക്യൂട്ട് ചെയ്യുവാനായിട്ടുള്ള യാതൊരു തെളിവും ഇല്ല. ഇത് ശുദ്ധ നുണ. ഈ കേസ് പഠിച്ചാല്‍ ഏത് പൊട്ടനും ഇത് മനസിലാകും. രണ്ടാമതായി ദേശീയ അന്വേഷണ ഏജന്‍സി വാദിച്ചത് സ്ാധ്വിയെ തെരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍  നിന്നും നിരോധിക്കുവാന്‍ തക്കതായി ഒന്നും ഇല്ല എന്നതാണ്. ഇതില്‍ ആദ്യത്തെ വാദത്തെ പ്രത്യേക അന്വേഷണ ഏജന്‍സി കോടതി തള്ളിക്കളഞ്ഞു. കോടതി പറഞ്ഞു സാധ്വിക്കെതിരെ കുറ്റം ചുമതത്തിയിട്ടുള്ളതാണ്. അതിനാല്‍ അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കേസ് ഉണ്ട്. അതായത് ഭീകരവാദി അല്ലെന്ന് അവര്‍ തെളിയിക്കണം. 

അതുവരെ അവര്‍ ഭീകരവാദി ആണ്. മോഡിയും ഷായും എന്തുതന്നെ പറഞ്ഞാലും. രണ്ടാമത്തെ കാര്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അത് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു. കാരണം അത് കോടതിയുടെ അധികാരത്തിന്‍ പരിധിയില്‍ വരുന്നത് അല്ല. അതും വളരെ ശരിയാണ്. കാരണം അത് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മീഷന്‍ തന്നെയാണ്. ഇന്‍ഡ്യയുടെ ജനപ്രാതിനിധ്യനിയമം(1953) അനുസരിച്ച് ഒരു കുറ്റാരോപിതന്/ആരോപിതക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് യാതൊരു വിലക്കും ഇല്ല. ശിക്ഷിക്കപ്പെട്ടാല്‍ വിലക്ക് വരും. നേരത്തെ ശിക്ഷിക്കപ്പെട്ടാലും മേല്‍കോടതിയില്‍ അപ്പീലിനു പോയാല്‍ അവസാന വിധി വരും വരെ വിലക്കില്ല. ഇപ്പോള്‍ അത് മാറി. രണ്ട് വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ ഒരു വ്യക്തിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആവുകയില്ല ശിക്ഷ കഴിഞ്ഞ് പത്ത് വര്‍ഷം വരെ. സ്ാധ്വി ആ വിഭാഗത്തില്‍പെടുകയില്ല. ലാലുപ്രസാദ് യാദവ് ആ വിഭാഗത്തിലാണ്. പക്ഷേ, ഇവിടെ സാങ്കേതികത അല്ല പ്രശ്‌നം. ഭീകരവാദത്തിനെതിരെ ഉച്ചൈസ്ഥരം ഘോഷിക്കുന്ന മോഡിയും എന്തുകൊണ്ട് സാധ്വി മത്സരിക്കുന്നതിന്റെ രാഷ്ട്രീയ-ധാര്‍മ്മീക-ജനാധിപത്യ വിഷയങ്ങള്‍ അവഗണിക്കുന്നു?

ഇനി ആരാണ് ഈ സന്യാസിനി? എന്താണ് ഹിന്ദു/ഹിന്ദുത്വ ഭീകരവാദം? ഈ സന്യാസിനി ഒട്ടേറെ ഹിന്ദുത്വ ഭീകരവാദകേസുകളില്‍ പ്രതി ആണ്. മോഡിക്കും ഷാക്കും  അതൊന്നും അറിയാഞ്ഞിട്ടല്ല. കാരണം അത് അവരുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയധ്രുവീകരണത്തിന് യോജിക്കുന്നതാണ്. മേല്‍ഗാവി സ്‌ഫോടനത്തിലും (2008) അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിലും(2007) സ്വാധ്വി പ്രഗ്യസിംങ്ങ് ഠാക്കൂര്‍ പ്രതിയാണ്. 

ഇതില്‍ മേല്‍ ഗാവ് സ്‌ഫോടന കേസ് ഇപ്പോഴും തുടരുകയാണ്. ഇവരെ കേസില്‍ നിന്നും വിടുവിക്കുവാനുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രമങ്ങള്‍ ഫലിച്ചിട്ടില്ല. ഒട്ടേറെ  ഹിന്ദുത്വ ഭീകരവാദ കേസുകളില്‍ പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ അനാസ്ഥയും സാക്ഷികളുടെ കൂറുമാറ്റവും കാരണം ആണ്. സംജോധ തീവണ്ടി സ്‌ഫോടന കേസില്‍ ഇത് കോടതി അടിവരയിട്ട് വിലപിച്ചുതുമാണ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ അവരിലുള്ള സമ്മര്‍ദ്ദം- പ്രതികളോട് മൃദുസമീപനത്തിനായി-ചൂണ്ടികാട്ടി രാജിവച്ചതാണ്.

ഇതിനെയെല്ലാം ആണ് മോഡിയും ഷായും അംഗീകരിച്ചിരിക്കുന്നത്. അല്ല അവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുവാനും ഇല്ല.

ഇനി സ്ഥാനാര്‍്തഥിത്വം ലഭിച്ചതിനുശേഷം എന്തെല്ലാം ആണ് ഈ സന്യാസിനി കൊട്ടിഘോഷിച്ചത് ? ആദ്യം അവര്‍ പറഞ്ഞു ബോംബെ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ അവസാനം അവരുടെ ശാപം മൂലം ആയിരുന്നുവെന്നാണ്. കാരണം കര്‍ക്കരെ ആണ് സാധ്വിയുടെ മേല്‍ഗാവ് കേസിലെ പങ്ക് തെളിയിച്ചത്. കാര്‍ക്കരെ പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ രക്തസാക്ഷിയും ഇന്‍ഡ്യയുടെ ഹീറോയും ആണ്. 

അദ്ദേഹത്തിന്റെ വധത്തെ ആണ് മോഡിയും ഷായും വാഴ്ത്തിയ ഈ സന്യാസിനി പ്രകീര്‍ത്തിക്കുന്നത്. ഇത് സന്യാസിനിയോ? നീചയോ? അതോ ബി.ജെ.പി.യുടെ സ്ഥാനാര്‍്തഥിയോ? തീര്‍ന്നില്ല. സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഉടനെയുള്ള അവരുടെ മറ്റൊരു വെളിപാട് ബാബരി മസ്ജിദ് തകര്‍ക്കുവാന്‍ ആയി അതിന്റെ താഴികക്കുടങ്ങളില്‍ കയറിയവരില്‍ അവരും ഉണ്ടായിരുന്നുവെന്നതാണ്. മസ്ജിദ് തകര്‍ത്തെന്നും അവിടെ അമ്പലം പണിയുമെന്നും ഈ ബി.ജെ.പി. സ്ഥാനാര്‍ത്ഥി വീമ്പിളക്കുന്നു. പക്ഷേ, മോഡി ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. അദ്ദേഹം ചോദിക്കുന്നു 1984-ലെ സിക്ക് വിരുദ്ധകലാപം ഭീകരവാദം അല്ലായിരുന്നുവോ എന്ന്. ഇതിലൂടെ അദ്ദേഹം 2002-ലെ ഗുജറാത്ത് വംശഹത്യയെയും അതിന്റെ സൂത്രധാരനായ അദ്ദേഹത്തെ തന്നെയും വെള്ളപൂശുവാന്‍ ശ്രമിക്കുകയാണെന്ന് ആര്‍ക്കാണ് അറിയുവാന്‍ പാടില്ലാത്തത്.

സന്യാസിനി പ്രാഗ്യാസിംങ്ങഅ ഠാക്കൂറിനെ ഭോപ്പാലിലെ സ്ഥാനാര്‍ത്ഥി ആക്കുക വഴി മോഡി-ഷാ കമ്പനി വലിയ ഒരു അപരാധം  ആണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തോട് ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആക്കുക വഴി മോഡി ചെയ്തത്. സന്ദേശം ഒന്നു തന്നെ. ഗുജറാത്ത് വംശഹത്യയിലെ കൊലപാതകിയായ മായാബെന്‍ കൊഡനാനിയുടെ കാര്യത്തിലും മോഡി ഇതു തന്നെ ചെയ്തു.

ഭീകരവാദത്തിനെതിരെയുള്ള ഇന്‍ഡ്യയുടെ സമരത്തില്‍ ഇതുപോലെയുള്ള പക്ഷപാതം പാടില്ല. മോഡിയും ഷായും അതാണ് ചെയ്യുന്നത്. ചെയ്തുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി.യുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി ഉയര്‍ത്തുന്ന രാഷ്ട്രീയ-ധാര്‍മ്മീക-ജനാധിപത്യ വെല്ലുവിളികള്‍(ദല്‍ഹികത്ത്: പി.വി.തോമസ് )
Join WhatsApp News
Sakav thomman 2019-04-28 08:38:09
Under another moodi- shaw govt, not only farmers but even Pravasis may commit suicide. This moodi will justify to control population growth balancing. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക