Image

ഗോകുല്‍ സുരേഷിന്, സുരേഷ് ഗോപിയുടെ മകന്, ഒരു തുറന്ന കത്ത് കോടീശ്വരന്‍ പരിപാടിയല്ല പാര്‍ലമെന്‍റിലെ നിയമനിര്‍മ്മാണം

ജയമോഹന്‍ എം Published on 26 April, 2019
ഗോകുല്‍ സുരേഷിന്, സുരേഷ് ഗോപിയുടെ മകന്, ഒരു തുറന്ന കത്ത് കോടീശ്വരന്‍ പരിപാടിയല്ല പാര്‍ലമെന്‍റിലെ നിയമനിര്‍മ്മാണം

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിച്ചു. സുരേഷ് ഗോപി നന്നായി പ്രചരണം നടത്തി. സുരേഷ് ഗോപിയുടെ കുടുംബവും പ്രചരണം നടത്തി. പ്രചരണത്തിലെമ്പാടും സുരേഷ് ഗോപിയും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരും ബിജെപി തന്നെയും ഉപയോഗിച്ചത് സുരേഷ് ഗോപിയുടെ കോടീശ്വരന്‍ പോഗ്രാമിലെ ഇമേജാണ്. കോടീശ്വരന്‍ പരിപാടിയില്‍ എത്തുന്നവരെ, പാവപ്പെട്ടവരെ, സാധാരണക്കാരെ നന്നായി സഹായിക്കുന്ന സുരേഷ് ഗോപി എന്ന മനുഷ്യന്‍. സുരേഷ്ഗോപിയുടെ മനുഷ്യത്വത്തില്‍ ആര്‍ക്കും സംശയമില്ല തന്നെ. എന്നാല്‍ സുരേഷ് ഗോപി രാഷ്ട്രീയമായി നന്നേ എതിര്‍ക്കപ്പെട്ടു. ആ എതിര്‍പ്പിനെ ഉള്‍ക്കൊള്ളാന്‍ സുരേഷ്ഗോപിക്കൊപ്പം നിന്നവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്രയും നല്ല മനുഷ്യനെ എന്തിന് എതിര്‍ക്കുന്നു. 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്  തന്നെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ചു എന്നാണ് പറയുന്നത്. സുരേഷ്ഗോപി വന്നാല്‍ വര്‍ഗീയത ഉണ്ടാവും എന്ന് പറഞ്ഞു പരത്തി. സുരേഷ് ഗോപിയെ, എന്‍റെ അച്ഛനെ, തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെ പുണ്യപ്രവര്‍ത്തിയാണ് എന്ന് പ്രചരിപ്പിച്ചു. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്ട്രര്‍ ചെയ്തിനെ വിമര്‍ശിച്ചു. പോണ്ടിച്ചേരിയില്‍ കാര്‍ രജസ്ട്രര്‍ ചെയ്യുന്നത് കൊലക്കുറ്റമാണോ?. ഇതൊക്കെയാണ് ഗോകുല്‍ സുരേഷിന്‍റെ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ ഗോകുല്‍ സുരേഷിന്‍റെ മാത്രമല്ല സുരേഷ് ഗോപി എന്ന നന്മമരത്തെ പ്രതിനിധാനം ചെയ്യുന്നവരുടെയെല്ലാം ചോദ്യമാണ്. 
എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം അക്കമിട്ട് നൂറു ശതമാനം ശരിയാണ് എന്നാണ് ഗോകുലും ഗോകുലിന്‍റെ അഭിപ്രായമുള്ളവരും മനസിലാക്കേണ്ടത്. സുരേഷ് ഗോപി ചെയ്യുന്ന, ചെയ്തിട്ടുള്ള നന്മകള്‍ക്കല്ല അയാളുടെ രാഷ്ട്രീയത്തിന് അയാളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നയത്തിന് മാത്രമേ തിരഞ്ഞെടുപ്പില്‍ പ്രസക്തിയുള്ളു. അദ്ദേഹം മത്സരിക്കുന്നത് പഞ്ചായത്ത് മെമ്പറാകാനല്ല, മറിച്ച് ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് പോകനാണ്. തീര്‍ച്ചയായും അവിടെ രാഷ്ട്രീയം മാത്രമാണ് പ്രസക്തമാകുന്നത്. 
തീവ്രമതരാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തുക എന്നത് കേരളം പതിറ്റാണ്ടുകള്‍ക്കൊണ്ട് ആര്‍ജ്ജിച്ചെടുത്ത പോളസിയാണ്. ജനങ്ങളുടെ പോളസി. ആ പോളസി കൊണ്ട് തന്നെയാണ് നന്മമരം ആണെങ്കില്‍ കൂടി സുരേഷ് ഗോപി എതിര്‍ക്കപ്പെടുന്നത്. 
സുരേഷ് ഗോപി വന്നാല്‍ വര്‍ഗീയയുണ്ടാവും എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രസ്ഥാനം വര്‍ഗീയത നടപ്പാക്കും എന്ന് തന്നെയാണ്. മൂന്ന് ദിവസം കൊണ്ട് അയ്യായിരം മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്ത നെല്ലി കലാപത്തെക്കുറിച്ച്, സ്വതന്ത്ര്യ ഇന്ത്യയില്‍ തീപടര്‍ത്തി ബാബറി മസ്ജിദ് ധ്വംസനത്തെക്കുറിച്ച്, മൂവായിരം മുസ്ലിംങ്ങളുടെ ജീവനെടുത്ത ഒരുലക്ഷം മുസ്ലിംങ്ങളെ അഭയാര്‍ഥികളാക്കിയ ഗുജറാത്ത് കലാപകാലത്തെക്കുറിച്ച്, സമീപകാലത്ത് നടന്ന മുസാഫര്‍പൂര്‍ കലാപത്തെക്കുറിച്ച്, മെക്കാ മസ്ജിദ് സ്ഫോടനത്തെക്കുറിച്ച്, ഇന്നും തുടരുന്ന പശുകൊലപാതകങ്ങളെക്കുറിച്ച്, ദളിതന്‍റെ തൊലിയുരിച്ച് ശിക്ഷ നടത്തുന്ന സവര്‍ണ്ണ ബ്രാഹ്മണ രാഷ്ട്രീയത്തെക്കുറിച്ച് ഗോകുല്‍ വായിക്കുകയും അറിയുകയും ചെയ്യണം. 
അതൊന്നും ഇവിടെയില്ലല്ലോ, ഇത് കേരളമല്ലേ ഇവിടെ സുരേഷ് ഗോപി ഇതുവല്ലതും ചെയ്തോ എന്നാണ് മറു ചോദ്യമെങ്കില്‍, അതെ ഇത് കേരളമാണ്, ഈ കേരളത്തില്‍ ഇങ്ങനയൊന്നും സംഭവിക്കാതിരുന്നത് നവോത്ഥാന മൂല്യങ്ങളുടെ പാരമ്പര്യം പേറുന്ന ഒരു ജനത വര്‍ഗീയതയെ പടിക്ക് പുറത്ത് നിര്‍ത്തിയത് കൊണ്ടാണ് എന്ന് മനസിലാക്കണം. പടിക്ക് പുറത്ത് മാത്രം നിന്ന വര്‍ഗീയതയ്ക്ക് അകത്ത് കയറാന്‍ സുരേഷ് ഗോപിയുടെ കാലുകള്‍ ഉപയോഗപ്പെടുമെന്ന് കണ്ടാല്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കാനും തിരസ്കരിക്കാനും കേരളം തയാറാകുക തന്നെ ചെയ്യും. 
സുരേഷ് ഗോപിയെ പരാജയപ്പെടുത്തുന്നത് മെക്കയില്‍ പോകുന്നത് പോലെ പുണ്യ പ്രവര്‍ത്തിയാണെന്ന് ആരെങ്കിലും പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ ഉത്തമ ബോധ്യത്തില്‍ നിന്ന് തന്നെയാണ് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ. നടുക്കടലില്‍ നിസ്കരിക്കുന്നവരായി തീവ്രഹിന്ദുത്വവാദികളെ നിങ്ങള്‍ കണ്ടാലും വിശ്വസിച്ച് പോകരുതെന്ന് മുമ്പു തന്നെ പറഞ്ഞുവെച്ചവര്‍ ഇവിടെയുണ്ട്. അത് രാഷ്ട്രീയമായ തിരിച്ചറിവാണ്. 
പിന്നെ പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്ട്രര്‍ ചെയ്യുന്നത് കൊലക്കുറ്റമാണോ എന്ന കാര്യം. രാജ്യസഭയില്‍ എം.പിയായി എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. സ്വാഭാവികമായും ആഡംബര കാറുകള്‍ വാങ്ങാന്‍ മാത്രം സമ്പന്നനുമാണ്. കൂടാതെ രാജ്യസ്നേഹിയും രാജ്യത്തിന്‍റെ കാവല്‍ക്കാരനായ മോഡിജിയുടെ അടിമയുമാണ്. അങ്ങനെയൊരാള്‍ ടാക്സ് വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്ട്രേഷന്‍ നടത്തിയത് അത്ര നിസാരവല്‍കരിച്ചു കാണേണ്ട കാര്യമാണോ. അതും രാജ്യസ്നേഹത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ രാജ്യത്തിന്‍റെ പണം വെട്ടിക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ?. 
ഇനിയും കാര്യങ്ങള്‍ മനസിലാകാത്ത സുരേഷ് ഗോപി ഫാന്‍സിനോട് ചില വാസ്തുതകള്‍ കൂടി പറയേണ്ടതുണ്ട്. 
ഇന്ത്യന്‍ ജനാധിപത്യമെന്നാല്‍ ജനമല്ല, ജനാധിപത്യത്തില്‍ വോട്ടിംഗ് എന്ന പ്രക്രിയയില്‍ മാത്രമേ ഭൂരിപക്ഷ അഭിപ്രായത്തിന് പ്രസക്തിയുള്ളു. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ജനാധിപത്യമെന്നത് ഭൂരിപക്ഷ അഭിപ്രായമല്ല, മറിച്ച് അത് മൂല്യങ്ങളാണ്. തികച്ചും സോഷ്യലിസ്റ്റായ മതേതരമായ സ്വാതന്ത്ര്യപരമായ, ജനകീയമായ, പുരോഗമനപരമായ മൂല്യങ്ങള്‍. ആ മൂല്യങ്ങളാല്‍ രാഷ്ട്രത്തിന്‍റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാനം. 
ജനാധിപത്യ റിപ്പബ്ലിക്കിലെ ഭരണം നടത്തപ്പെടേണ്ടത് മേല്‍പ്പറഞ്ഞ രാഷ്ട്രീയ മൂല്യങ്ങളിലൂടെയാണ്. വികസനമെന്ന് പറയുമ്പോള്‍ മേല്‍പ്പറഞ്ഞ മൂല്യങ്ങളില്‍ അധിഷ്ഠിതമായ നയങ്ങളിലൂടെ നടത്തപ്പെടുന്ന വികസനമാണ്. 
എന്താണ് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഒരു എം.പിയുടെ റോള്‍ എന്ന് മനസിലാക്കുക എന്നത് പ്രാഥമികമാണ്. 
പാര്‍ലമെന്‍റില്‍ ഒരു എം.പിയുടെ റോള്‍ നിയമനിര്‍മ്മാണമാണ്. നിയമസഭകളും, പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നിയമനിര്‍മ്മാണ സഭകളാണ്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വവും അതാണ്. 
രണ്ടാമതായി ജനാധിപത്യത്തിന്‍റെ ആദ്യത്തെ തൂണായ എക്സിക്യുട്ടീവിന്‍റെ മേല്‍നോട്ടച്ചുമതലയാണ്. ഗവണ്‍മെന്‍റ് അതിന്‍റെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് വ്യക്തും കൃത്യവുമായി ഓഡിറ്റ് ചെയ്തുകൊണ്ടേയിരിക്കുക. അത് ജനങ്ങളുടെയും ഗവണ്‍മെന്‍റിനെയും അറിയിക്കുക. ശ്രദ്ധയില്‍ പെടുത്തണ്ടവ ഇരുകൂട്ടരുടെയും ശ്രദ്ധയില്‍പ്പെടുത്തുക. അതിനായി പോരാടിക്കൊണ്ടിരിക്കുക. 
ധനകാര്യ ചുമലതയാണ് മൂന്നാമത്തേത്. കേന്ദ്രസര്‍ക്കാരിന്‍റെ ചിലവുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്‍റ് അംഗീകരിക്കണം. ഓരോ നിര്‍ദേശങ്ങളും രാഷ്ട്രീയവും സാങ്കേതികവുമായും ഓഡിറ്റ് ചെയ്യുക. ഇന്ത്യന്‍ ഭരണഘടനയുടെ തത്ത്വങ്ങളോട് അവയെല്ലാം നീതി പുലര്‍ത്തുന്നു എന്ന് ഉറപ്പു വരുത്തുക. ഇതിന് പുറമെ താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പൗരന്‍മാരുടെ ചിന്തകളും അവസരങ്ങളും താത്പര്യങ്ങളും പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുക. 
അല്ലാതെ മണ്ഡലത്തില്‍ സോളാര്‍ പാനല്‍ സ്ട്രീറ്റ് ലൈറ്റ് പിടിപ്പിക്കുകയും അതിന് ചുവട്ടില്‍ തന്‍റെ പേരെഴുതി വെയ്ക്കുകയും ചെയ്യുന്നത് ഒരു എം.പിയുടെ പണിയല്ല. കലുങ്ക് നിര്‍മ്മാണവും തോട് വെട്ടുകയും അയാളുടെ ജോലിയല്ല. ഇത്തരം ജോലികളൊക്കെ ലോക്കല്‍ ബോഡികളുടെ ജോലിയാണ്. പക്ഷെ നമ്മുടെ എം.പിമാര്‍ അവരുടെ രാഷ്ട്രീയ അസ്തിത്വത്തിന്‍റെ ഭാഗമായി അതിലും ഇടപെടാറുണ്ട് എന്ന് മാത്രം. അപ്പോഴാണ് എം.പി ഫണ്ട് എന്ന സംഗതിയൊക്കെ കടന്നു വരുന്നത്. 
ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഇവിടെ പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ്. സര്‍ക്കാര്‍ തലത്തില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ക്ലറിക്കല്‍ ജോലികള്‍ എല്ലാം ഒരു മൈതാനത്ത് ആളെക്കൂട്ടി ഉമ്മന്‍ചാണ്ടി നേരിട്ട് വന്നിരുന്ന് നടപ്പാക്കുന്നു. അതുവഴി സഹായം കിട്ടുന്നവര്‍ ഉണ്ടാവുകയും ചെയ്യും. പക്ഷെ തഹദില്‍ദാരുടെ ജോലി ചെയ്യേണ്ട ആളല്ല മുഖ്യമന്ത്രി എന്ന വസ്തുതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ കൃത്യമായി ഫംങ്ഷന്‍ ചെയ്യിക്കുക എന്ന മുഖ്യമന്ത്രിയുടെ ജോലി നന്നായി നടന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയുടെ സാധ്യത തന്നെ ഇല്ലാതായി. എന്നാല്‍ നമുക്ക് താത്പര്യം തിരുനക്കര മൈതാനത്ത് കസേര ഇട്ടിരുന്ന് ആളെക്കൂട്ടി ആയിരവും രണ്ടായിരവും വിതരണം ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെയാണ്. അതൊരു രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ് എന്നതാണ് യഥാര്‍ഥ്യം. 
ആകായാല്‍ സുരേഷ് ഗോപിയുടെ വ്യക്തിപരമായ നന്മ പ്രവൃത്തികളുടെ പേരില്‍ അയാളെ പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുത്തുകൊള്ളണം എന്ന് ശഠിക്കുന്നത് പമ്പര വിഡ്ഡിത്തമാണ്. എന്നുവെച്ചാല്‍ കോടീശ്വരന്‍ പരിപാടിയല്ല പാര്‍ലമെന്‍റിലെ നിയമനിര്‍മ്മാണം. അയാളുടെ രാഷ്ട്രീയത്തെ പാര്‍ലമെന്‍റിലേക്ക് കേരളം തിരഞ്ഞെടുക്കണോ വേണ്ടയോ എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് ഉചിതമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്ന് തീര്‍ച്ചയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക