Image

ടെക്‌സസ് സ്‌കൂളുകളില്‍ നിന്ന് 17,000 ഡ്രീമേഴ്‌സ് (ഏബ്രഹാം തോമസ്)

Published on 26 April, 2019
ടെക്‌സസ് സ്‌കൂളുകളില്‍ നിന്ന് 17,000 ഡ്രീമേഴ്‌സ് (ഏബ്രഹാം തോമസ്)
ഇനി സ്‌കൂളുകളിലും കോളേജുകളിലും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ ദിനങ്ങളാണ്. ഗ്രാജുവേഷന്‍ (കമന്‍സ്‌മെന്റ്) സെറിമണികളില്‍ ഇപ്രാവശ്യം ടെക്‌സസ് ഹൈസ്‌കൂളുകളില്‍ നിന്നു പുറത്ത് വരിക 17,000 ഡ്രീമേഴ്‌സാണ്. കുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒപ്പം നിയമപരമല്ലാതെ അമേരിക്കയിലെത്തിയ ഇവര്‍ അനിശ്ചിതത്വവും പ്രതിസന്ധികളും നേരിട്ടാണ് പഠനം പൂര്‍ത്തിയാക്കി ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ കരസ്ഥമാക്കുക.

18 വയസുള്ള ജൂഡിത്ത് ഹൂവാരസ് ഡാലസ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിലെ പ്രശസ്തമായ മാഗ്നെറ്റ് സ്‌കൂളുകളിലൊന്നിലാണ് 12-ാം തരം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് പല തവണ പഠനം ഉപേക്ഷിക്കുന്നതിനെ ക്കുറിച്ച് അവള്‍ ആലോചിച്ചു. പഠനത്തില്‍ മോശം ആയത് കൊണ്ടായിരുന്നില്ല ഇത്. ഓരോ ക്ലാസിലും മികച്ച വിജയം നേടിയാണ് അവള്‍ മുന്നേറിയത്. 18 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവളെ അമേരിക്കയില്‍ കൊണ്ടുവന്നത്.
എതിര്‍ ചിന്തകളെ എല്ലാം നേരിട്ട് അവള്‍ ഗ്രാജുവേറ്റ് ചെയ്യുന്ന 17,000 ഡ്രീമേഴ്‌സില്‍ ഒരുവളായി മാറുമെന്ന് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിട്യൂട്ട് അറിയിച്ചു.
യുഎസില്‍ 36 ലക്ഷം ഡ്രീമേഴ്‌സ് ഉണ്ടാകാം എന്നാണ് കണക്കുകള്‍ പറയുന്നത്. ഇവര്‍ അമേരിക്കയിലെയും ടെക്‌സസിലെയും തൊഴില്‍ രംഗം വീണ്ടും നിറയ്ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതു എല്ലാ മേഖലയ്ക്കും ബാധകമായിരിക്കും. അമേരിക്കയുടെയും ടെക്‌സസിന്റെയും സാമ്പത്തിക രംഗത്ത് ഇവര്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കും.

ഡി ഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാക) പ്രകാരം രണ്ട് വര്‍ഷത്തേയ്ക്ക് വര്‍ക്ക് പെര്‍മിറ്റുകളും നാട് കടത്തല്‍ ഒഴിവാക്കലും ചില മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്നതുമൂലം ടെക്‌സസിന്റെ സാമ്പത്തിക ഉത്പന്നത്തിന് വലിയ സംഭാവന ഉണ്ടായതായി സാമ്പത്തിക വിദഗ്ദ്ധന്‍ റേ പെറിമന്‍ പറഞ്ഞു.

ഓരോ വര്‍ഷവും അമേരിക്കയില്‍ 98,000 ഡ്രീമേഴ്‌സ് ഹൈസ്‌കൂളുകളില്‍ നിന്ന് ഗ്രാജുവേറ്റ് ചെയ്യുന്നതായി മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ള 1,25,000 ഡ്രീമേഴ്‌സ് ഗ്രാജുവേറ്റ് ചെയ്യേണ്ടതാണ്.
സെന്‍സസ് ബ്യൂറോ ഓഫ് അമേരിക്കയുടെ അമേരിക്കന്‍ കമ്മ്യൂണിറ്റീസ് സര്‍വേയില്‍ നിന്നും സര്‍വേ ഓഫ് ഇന്‍കം ആന്റ് പാട്ടിസിപ്പേഷനില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇന്‍സ്റ്റിട്യൂട്ടിന് വേണ്ടി ജീന്‍ ബാറ്റലോവയും ജീ സോംഗും പറഞ്ഞതാണ് ഇത്.
2001 ലെ ടെക്‌സസ് ഡ്രീം ആക്ട് അനുസരിച്ച് ടെക്‌സസ് ഹൈസ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ടെക്‌സാസ് കോളേജുകളില്‍ ഉപരിപഠനത്തിന് എത്തുന്ന നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ ഇന്‍സ്റ്റേറ്റ് ട്യൂഷന്‍ ഫീസ് നല്‍കിയാല്‍ മതി. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന വര്‍ധിച്ച ഫീസ് നല്‍കേണ്ടതില്ല. ഇത് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുവാനും കോളേജുകളില്‍ പഠനം തുടരുവാനും ഡ്രീമേഴ്‌സിന് പ്രേരണ നല്‍കുമെന്ന് ബാറ്റലോവ പറഞ്ഞു.
കാലിഫോര്‍ണിയായിലാണ് ഏറ്റവും കൂടുതല്‍ ഡ്രീമേഴ്‌സ് ഉള്ളത്. 27,000 , ഫ്‌ലോറിഡ- 5000, ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും 4000 വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
ഡാക ഇപ്പോഴും സജീവമായി നിര്‍ത്തുന്നത് ഫെഡറല്‍ കോടതികളുടെ വിധികളാണ്. 2017 സെപ്റ്റംബറില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിറുത്തുവാന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചതാണ്. ഇപ്പോള്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ട്രംപ് കോണ്‍ഗ്രസിനോട് ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി ട്രംപിന്റെ നിര്‍ദേശം അവഗണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇതൊരു പ്രധാന വിഷയമായിരിക്കും. ചില ഡാക വര്‍ക്ക് പെര്‍മിറ്റുകള്‍ അടുത്ത പ്രസിഡന്റിന്റെ കാലത്തും തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക