Image

മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഫ്‌ളോറിഡ വേദിയാകും

സജി കരിമ്പന്നൂര്‍ Published on 25 April, 2019
മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഫ്‌ളോറിഡ വേദിയാകും
ബ്രാന്‍ഡന്‍: മെയ് 25,26 തീയതികളില്‍ 216 നോര്‍ത്ത് പേഴ്‌സണ്‍ ഈവ്, ബ്രാന്‍ഡന്‍, ഫ്‌ളോറിഡയില്‍ വച്ചു നടക്കുന്ന മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് അമേരിക്കയുടെ ദേശീയ സംഗമമാകും.

രണ്ടു ദിനങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ തീപാറുന്ന മത്സരങ്ങള്‍ക്കാകും നഗരം വേദിയാകുക. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള ഒട്ടനവധി ടീമുകള്‍ ഈ ദേശീയ മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

റ്റാമ്പാ ടൈഗേഴ്‌സും, ക്ലബ് ടസ്‌കേഴ്‌സും അണിയറ ശില്‍പികളായി പ്രവര്‍ത്തിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ചെയര്‍പേഴ്‌സണ്‍ ജയിംസ് ഇല്ലിക്കലാണ്.

ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ മീഡിയ പാര്‍ട്ണര്‍ ആകുന്ന ഈ ഗെയിംസിന്റെ ദേശീയ സംപ്രേഷണം അമേരിക്കയിലും ഇന്ത്യയിലും ഇരുന്ന് ദര്‍ശിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരിക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും ട്രോഫികളുമാണ്.

മെയ് 26-ന് നടക്കുന്ന കലാശക്കൊട്ടോടെ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിനു കൊടിയിറങ്ങും. തുടര്‍ന്ന് റ്റാമ്പാ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഗംഭീര വിരുന്നു സത്കാരവും (ബാങ്ക്വറ്റ്) നടക്കും.

വലിയ ജനാവലിയെ കാണികളായി പ്രതീക്ഷിക്കുന്നതിനാല്‍ കുറ്റമറ്റ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതാണ്.

അമേരിക്കന്‍ മലയാളികളുടെ കായിക ഭൂപടത്തില്‍ ഒരു നാഴിക കല്ലായി മാറുന്ന ഈ നാഷണല്‍ ഗെയിംസ് ഒരു സമര്‍പ്പണം ആക്കിത്തീര്‍ക്കുവാന്‍ റ്റാമ്പാ നിവാസികള്‍ ഒരു മെയ്യോടെയാണ് പ്രവര്‍ത്തിക്കുന്നത്.

മുപ്പത്തൊന്നാമത് ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഫ്‌ളോറിഡ വേദിയാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക