Image

ഒരു യമണ്ടന്‍ ചിരിപ്പടം

Published on 25 April, 2019
 ഒരു യമണ്ടന്‍ ചിരിപ്പടം
ദുല്‍ഖര്‍ സല്‍മാന്‍ ഒരിടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തിയ ചിത്രമാണ്‌ ഒരു യമണ്ടന്‍ പ്രേമകഥ. തിരിച്ചു വരവ്‌ തന്നെ ഇഷ്‌ടപ്പെടുന്ന ആരാധകര്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ തന്നെ ദുല്‍ഖര്‍ ഒരുക്കിയിട്ടുണ്ട്‌. ശരിക്കും ഒരു കോമഡി ത്രില്ലര്‍.

ആന്റോ ജോസഫ്‌ നിര്‍മ്മിച്ച്‌ നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്‌ത ചിത്രമാണ്‌ ഒരു യമണ്ടന്‍ പ്രേമകഥ. കോമഡി മാത്രമല്ല, അതില്‍ പ്രണയവും സെന്റിമെന്റ്‌സും കൃത്യമായി ചേര്‍ത്തിട്ടുണ്ട്‌.

അതുകൊണ്ടു തന്നെ കാഴ്‌ചയ്‌ക്ക്‌ സുഖവുമുണ്ട്‌. ഏറ്റവും ആകര്‍ഷകമായ ഘടകം നമ്മുടെ ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ കാണുന്ന കാഴ്‌ചകളും മനുഷ്യരും തന്നെയാണ്‌ ഈ ചിത്രത്തിലുമുള്ളത്‌ എന്നതാണ്‌. നാട്ടിന്‍പുറത്തെ ജീവിതവും അവിടെയുള്ള ചെറുപ്പക്കാരും അവരുടെ ലോകവുമെല്ലാം വളരെ ഒറിജിനലായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

ലല്ലു നാട്ടിലെ നല്ലൊരു കുടുംബത്തില്‍ പിറന്ന ചെറുപ്പക്കാരനാണ്‌. എന്നാല്‍ ചുററുപാടുമുള്ള കുറേ ലോക്കല്‍ പയ്യന്‍മാരുമായി കൂട്ടുകൂടി ഉഴപ്പനായി നടക്കുകയാണ്‌ അയാള്‍. പെയിന്റിങ്ങ്‌ തൊഴിലാളിയായ പാഞ്ചിയുടെ കൂടെ ജോലി ചെയ്യുന്നവരാണ്‌ ലല്ലുവും അവന്റെ കൂട്ടുകാരും.

യാതൊരു ഉത്തരവാദിത്വങ്ങളുമില്ലാതെ നടക്കുന്ന ലല്ലുവിനെ വീട്ടില്‍ കൊള്ളുന്നവനാക്കാന്‍ അവന്റെ വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അവരുടെ പരിശ്രമങ്ങളെല്ലാം പാഴാവുകയാണ്‌. അതോടെ ലല്ലുവിനെ പെണ്ണ്‌ കെട്ടിക്കാനുള്ള ദൗത്യം അവന്റെ കൂട്ടുകാരെ ഏല്‍പ്പിക്കുകയാണ്‌ ലല്ലുവിന്റെ വീട്ടുകാര്‍.

ഇവിടെ സിനിമയുടെ ആദ്യ പകുതി അവസാനിക്കുകയാണ്‌. നല്ല നര്‍മ്മവും ഒഴുക്കുള്ള കഥയുമായാണ്‌ ഇവിടെ വരെയെത്തുന്നത്‌. കല്യാണത്തോട്‌ മുഖം തിരിച്ചു നിന്നെങ്കിലും ഇതിനിടയില്‍ ഒരു പെണ്ണ്‌ ലല്ലുവിന്റെ ഹൃദയത്തില്‍ ചേക്കേറുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ വരവോടെ ലല്ലുവിന്റെയും കൂട്ടുകാരുടേയും ജീവിതത്തില്‍ ചില ആകസ്‌മിക സംഭവങ്ങള്‍ അരങ്ങേറുകയും അവരുടെ ജീവിതത്തിന്‌ പൊടുന്നനവേ ചടുലത കൈവരിക്കുകയുമാണ്‌. അതോടൊപ്പം ചില ദുരൂഹതകള്‍ കൂടി അവര്‍ക്കിടയില്‍ പുകയുന്നു. അതിന്റെ പിന്നിലെ മറ നീക്കാന്‍ ലല്ലുവും കൂട്ടരും ശ്രമിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗം സജീവമാക്കുന്നത്‌. അവസാന ഭാഗത്തെ ട്വിസ്റ്റും വളരെ മനോഹരമായി. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നും ചിത്രം പറഞ്ഞു വയ്‌ക്കുന്നു.

ദുല്‍ഖറിന്റെ കിടിലന്‍ പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. നമ്മുടെ നാട്ടിന്‍ പുറത്ത്‌ കാണുന്ന സാധാരണ പയ്യന്‍സ്‌ ലുക്കില്‍ ദുല്‍ഖര്‍ കലക്കിയിട്ടുണ്ട്‌. ഒട്ടും ഏച്ചുകെട്ടില്ലാതെയാണ്‌ ലല്ലുവിനെ ദുല്‍ഖര്‍ സ്‌ക്രീനില്‍ പകര്‍ത്തിയത്‌. സംഭാഷണത്തിലും മൊത്തത്തിലുള്ള ശരീരഭാഷയിലും അത്‌ തെളിഞ്ഞു നില്‍ക്കുന്നു.

കൂട്ടുകാരായെത്തിയ വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ബിബിന്‍ ജോര്‍ജ്ജും തങ്ങളുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കിയിട്ടുണ്ട്‌. രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അതിന്റെ ദൈര്‍ഘ്യമറിയിക്കാതെ പ്രേക്ഷകനെ കൂടെ കൊണ്ടുപോകുന്നത്‌ സ്വാഭാവിക നല്‍മ്മമാണ്‌. ചിരിയുടെ വെടിക്കെട്ടിനു നേതൃത്വം നല്‍കുന്നത്‌ സലിംകുമാര്‍.

കൂടെ സൗബിനും വിഷ്‌ണവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചേരുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി കേള്‍ക്കാം. കോമഡി രംഗത്തു നിന്നും അസാമാന്യ മെയ്‌ വഴക്കത്തോടെ വികാരനിര്‍ഭരമായ അഭിനയ മുഹൂര്‌ത്തം കാഴ്‌ച വയ്‌ക്കുന്ന സലിം കുമാറിന്‌ പ്രേക്ഷകര്‍ കൈയ്യടിച്ച്‌ അഭിനന്ദനം നല്‍കുന്നുണ്ട്‌.

അല്‍പ നേരത്തേക്കു മാത്രം വന്ന്‌ മികച്ച പ്രകടനം നടത്തുന്ന സുരാജ്‌ വെഞ്ഞാറമൂടാണ്‌ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മറ്റൊരു താരം. സംയുക്ത മേനോന്‌ അത്ര കാര്യമായ അഭിനയ സാധ്യതകള്‍ പ്രകടിപ്പിക്കാനുള്ള അവസരമൊന്നും ഈ ചിത്രത്തിലില്ല എങ്കിലും വളരെ സ്വാഭാവികമായ അഭിനയം അവര്‍ കാഴ്‌ച വച്ചിട്ടുണ്ട്‌.

നവാഗതന്‍ എന്ന നിലില്‍ നൗഫല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. താരരാജാക്കന്‍മാരുടെ മധുരരാജയും ലൂസിഫറുമെല്ലാം അരങ്ങു തകര്‍ത്താടുന്ന വേളയില്‍ പ്രേക്ഷകനെ സ്വന്തം മണ്ണില്‍ പിടിച്ചുനിര്‍ത്തുന്ന ഗ്രാമീണ ചിത്രമൊരുക്കിയതിന്‌ ഒരു നല്ല കൈയ്യടി കൊടുക്കുക തന്നെ വേണം. നാദിര്‍ഷായുടെ ഗാനങ്ങള്‍ ചിത്രത്തിന്റെ ആകെയുള്ള മൂഡിന്‌ അനുയോജ്യമാണ്‌. കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യം സുകുമാറിന്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്‌. അധികം പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ രണ്ടേ മുക്കാല്‍ മണിക്കൂര്‍ സന്തോഷമായി കാണാന്‍ കഴിയുന്ന ചിത്രമാണ്‌ ഒരു യമണ്ടന്‍ പ്രേമകഥ.















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക