Image

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധനം; കേന്ദ്ര സര്‍ക്കാരിനും ഇ ഫാര്‍മസികള്‍ക്കും നോട്ടീസ്

Published on 25 April, 2019
മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധനം; കേന്ദ്ര സര്‍ക്കാരിനും ഇ ഫാര്‍മസികള്‍ക്കും നോട്ടീസ്

ദില്ലി: ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുകളുടെ വില്‍പ്പന നിരോധിച്ച കോടതി ഉത്തരവ് ലംഘിച്ച കേന്ദ സര്‍ക്കാരിനും ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. വില്‍പ്പന സ്റ്റേ ചെയ്ത കോടതി ഉത്തരവ് മറികടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.


ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് എ ജെ ഭാംബാനി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ഡല്‍ഹിയിലെ ഡ്രഗ്‌സ് കണ്‍ട്രോളര്‍, വിവിധ സ്വകാര്യ ഇ-ഫാര്‍മസികള്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടത്.

മരുന്നുകളുടെ അനധികൃത ഓണ്‍ലൈന്‍ വ്യാപാരം നിരോധിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കൂടി പരിഗണിച്ച്‌ കേസ് മെയ് 9ലേക്ക് കോടതി മാറ്റിവെച്ചു.

പരാതിക്കാരനായ സഹീര്‍ അഹമ്മദ് മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് നിഗം, നകുല്‍ മെഹ്ത എന്നിവര്‍ വഴിയാണ് കേസ് നല്‍കിയത്. മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരത്തെ എതിര്‍ക്കുന്ന കോടതി ഉത്തരവ് നിലനില്‍ക്കെ ഇപ്പോഴും സുലഭമായി ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ടെന്നും ഇത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള നടപടിയും മനപൂര്‍വം സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി വിധി അനുസരിക്കാതെ ഇ-ഫാര്‍മസികള്‍ ഓണ്‍ലൈനില്‍ മരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്നും ഇവര്‍ വാദിച്ചു.

ഇതേ പരാതിക്കാരന്റെ പൊതുതാല്‍പ്പര്യ ഹരജി പ്രകാരം ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പന കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി അനധികൃതമായി വില്‍ക്കുന്നതിലൂടെ മരുന്നുകളുടെ ദുരുപയോഗം, മരുന്നുകളുടെ അനാവശ്യ വ്യാപനം, അമിത ഉപയോഗം തുടങ്ങിയവ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുള്ള നിയമങ്ങള്‍ രൂപീകരിക്കുകയാണെന്നും അതിന്റെ ക്രമീകരണത്തിനായി ഇനിയും ചട്ടങ്ങള്‍ ഏര്‍പ്പെടുത്താനുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മരുന്നുകളുടെ ഓണ്‍ലൈന്‍ വില്പന സംബന്ധിച്ച നിരോധനം നീക്കം ചെയ്യണമെന്നും ലൈസന്‍സോടെയല്ലാതെ അനധികൃത വില്‍പ്പന നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫാര്‍മസികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഓണ്‍ലൈനില്‍ മരുന്നുകള്‍ വില്‍ക്കുന്നതിനുള്ള സ്റ്റേ ഒഴിവാക്കാന്‍ കോടതി വിസമ്മതിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക