Image

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് രമണ പിന്‍മാറി

Published on 25 April, 2019
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് രമണ പിന്‍മാറി

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണ പരാതി പരിഗണിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍ വി രമണ പിന്‍മാറി. രമണയ്ക്ക് എതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റം. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും പരാതിക്കാരി സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‍ഡെക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

'ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്‍റെ കുടുംബാംഗമെന്നോണം വസതിയിലെ നിത്യസന്ദര്‍ശകനുമായ എന്‍ വി രമണയെയുമാണ്' ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് എസ് എ ബോബ്‍ഡെയ്ക്ക് നല്‍കിയ കത്തില്‍ പരാതിക്കാരി പറയുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബഞ്ച് പരാതി പരിഹരിക്കുമെന്നായിരുന്നു നേരത്തേ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്‍ വി രമണയ്ക്ക് പകരം ആരാകും ബഞ്ചില്‍ വരിക എന്നത് വ്യക്തമല്ല.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അദ്ധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാന്‍ വേറൊരു ബഞ്ച് സുപ്രീംകോടതി രൂപീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴി വച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിലെ ഗൂഢാലോചന വേറെയും ലൈംഗികാരോപണം വേറെയും അന്വേഷിക്കാനായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയില്‍ സുപ്രീംകോടതിയില്‍ ചേര്‍ന്ന അപൂര്‍വ സിറ്റിംഗിലായിരുന്നു ഈ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക