Image

തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)

Published on 24 April, 2019
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
കോട്ടയത്ത് എന്റെ അയല്‍ക്കാരനായിരുന്നു തോമസ് മുളക്കല്‍. പത്രപ്രവര്‍ത്തകനായി ലോകം കീഴടക്കിയിട്ടും ജനിച്ച നാട്ടില്‍ ജീവിച്ചു കൊതി തീര്‍ക്കാനായി എല്ലാവര്‍ഷവും ന്യൂ യോര്‍ക്കില്‍ നിന്നു ഭാര്യ മേരിക്കുട്ടിടൊപ്പം പറന്നെത്തും. പ്രായം എണ്‍പതു കഴിഞ്ഞിട്ടും വീണ്ടുമൊരു അങ്കത്തിനു ബാല്യം ഉണ്ടെന്നു വാക്കിലും പ്രവര്‍ത്തിയിലും തെളിയിച്ചു.

ഒരു കാന്‍ ബിയറും ഒരു ഡിഷ് കാഷ്യു നട് സുമായി അദ്ദേഹം തന്റെ സാഹസങ്ങള്‍ വിവരിക്കുന്നത് ആരും കേട്ടിരുന്നു പോവും. അഞ്ചു വര്‍ഷം കേട്ടുകേട്ടിരുന്നപ്പോള്‍ പൊഴിഞ്ഞു വീണ ചില സ്വര്‍ണ്ണത്തരികള്‍ ഇതാ:

കേരളീയ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ചാണെങ്കില്‍ ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട ആളാണ് ഞാന്‍..പുറത്തിറങ്ങി ഓടിച്ചാടി നടക്കുന്നതു കൊണ്ടാവാം അത്രയും പൂര്‍ണചന്ദ്രന്മാരെ കാണാന്‍ കഴിഞ്ഞത്. എന്റെ പ്രായത്തില്‍ പലരും ഏസി മുറിയിലോ ഐസിയുവിലോ കഴിയുന്നവര്‍ ആയതിനാല്‍ എങ്ങിനെ പൂര്‍ണ ചന്ദ്രനെ കാണാന്‍ കഴിയും?

ജീവിതത്തിനെ എല്ലാ പടവുകളും കടന്നെത്തി , എല്ലാ വൈതരണികളും തരണം ചെയ്തു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും എല്ലാ നന്മകളും തൊട്ടറിഞ്ഞു ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന ആളാണ് ഞാന്‍. ഓഗസ്‌റ് മുപ്പതിന് 88 തികയും. അരനൂറ്റാണ്ടിലേറെയായി എന്നോടൊപ്പമുള്ള സ്‌നേഹവതിയായ ജീവിത സഖിയും ഏറെ സ്‌നേഹം തരുന്ന മക്കളും കൊച്ചു മക്കളും ചേര്‍ന്ന സന്തുഷ്ട കുടുംബം. പലരുടെയും സ്വകാര്യ ദുഖങ്ങള്‍ കേള്‍ക്കുമ്പോള്‍ പരമ കാരുണികനായ ദൈവം ഞങ്ങളെ എത്രമാത്രം അനുഗ്രഹിച്ചു എന്ന് ഞാന്‍ ഓര്‍ത്തു പോകുന്നു.

ജീവിതത്തില്‍ ഇങ്ങിനെയൊരു ഹംസഗാനം--സ്വാന്‍ സോങ്-- പാടുന്നതിനു സാംഗത്യം ഉണ്ടോ എന്ന് വളരെക്കാലം ചിന്തിച്ചു നോക്കി. പേനയും കടലാസുമായി തുടങ്ങിയ യവ്വനകാലം ടൈപ്പ് റൈറ്ററിലേക്കു മാറിയപ്പോള്‍ ഉണ്ടായ ത്രില്‍, കംപ്യുട്ടര്‍ മൊബൈലിലേക്കും മൊബൈല്‍ ഐപ്പാഡിലേക്കും ഐപ്പാഡ് ഫ്യൂഷ്യന്‍ ടെക്‌നൊളജിയിലേക്കും മാറിയപ്പോള്‍ എനിക്കുണ്ടായില്ല. കാരണം ഞാന്‍ ജീവിച്ച ലോകത്തെ ചക്രവര്‍ത്തിയായിരുന്നു ഞാന്‍.

ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്ത ഏജന്‍സികളില്‍ ഒന്നായ എ.എഫ്.പി ക്കുവേണ്ടി ന്യൂ ഡല്‍ഹിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. സ്‌തോഭജനകമായ ചിരിത്രമുഹൂര്‍ത്തകളിലൂടെ ഞാനും കടന്നു പോയി. നെഹ്റു, ശാസ്ത്രി, ഇന്ദിര യുഗം. ചൈനീസ് ആക്രമണം, അടിയന്തിരാവസ്ഥ, ബംഗ്‌ളദേശ് വിമോചനം, പോഖ്റാനിലെ അണു വിസ്‌ഫോടനം ഇവക്കെല്ലാം ഞാന്‍ സാക്ഷിയായിരുന്നു.

ഒരു നൂറ്റാണ്ടു മുമ്പ് അയിത്തം ആചരിച്ചിരുന്ന തിരുവിതാംകൂറിലെ ഒരു ശുദ്ധ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ സ്വാതന്ത്ര്യത്തിനായുള്ള പടയോട്ടത്തില്‍ എന്റെ ഗ്രാമവും കിടങ്ങൂരിലെ എന്റെ സെന്റ് മേരിസ് സ്‌കൂളും പങ്കെടുത്തു. പാലായിലെ എന്റെ കോളജിലും അതിന്റെ അലയൊലികള്‍ ഉണ്ടായി. വൈക്കം സത്യാഗ്രഹത്തിനെത്തിയ മഹാത്മജിയോടുള്ള ആദരവ് മൂലം ഞാന്‍ ഖദര്‍ ധരിച്ച് തുടങ്ങി. ലളിത ജീവിതം മുഖമുദ്രയായി.

ഡല്‍ഹിയിലെ അലയന്‍സ് ഫ്രാന്‍സ്വയില്‍ നിന്ന് പഠിച്ച ഫ്രഞ്ച് ആണ് എന്റെ രക്ഷക്കെത്തിയത്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരിപാലിക്കുന്ന ഫ്രാന്‍സിസ്ലെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ചേരാന്‍ ഇത് സഹായിച്ചു. ഫ്രഞ്ച് കുലീനത്വവും മലയാളി കുലീനത്വവും സമഞ്ജസമായി സമ്മേളിപ്പിച്ച് ഞങ്ങള്‍ ഡല്‍ഹിയില്‍ പടവുകള്‍ കയറി. ബ്യുറോ ചീഫ് ആയി. വികെ മാധവന്‍കുട്ടി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് ക്രൈസ്ലര്‍ കാറുണ്ടായിരുന്നു.

ടിബറ്റില്‍ നിന്ന് ആയിരക്കണക്കിന് അനുയായികളുമായി ഓടിപ്പോന്ന ദലൈലാമയുമായി അഭിമുഖ സംഭാഷണം നടത്തിയ ആദ്യ മലയാളി ഞാന്‍ ആയിരുന്നു. 2014 ല്‍ ഞാന്‍ കോട്ടയത്തായിരിക്കുമ്പോള്‍ ദലൈലാമയുടെ ഒരു അനുയായി ധര്‍മ്മ ശാലയില്‍ നിന്നു വീട്ടിലെത്തി എന്നെ അവരുടെ ഉത്തരീയം അണിയിച്ചപ്പോള്‍ ഞാന്‍ കോള്‍മയിര്‍ കൊണ്ടു.

നെഹ്റു, ശാസ്ത്രി, വാജ്‌പേയി, ഇന്ദിര എന്നീ നാല് പ്രധാനമന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥം അടക്കി വാണപ്പോള്‍ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ആയിരു ഞാന്‍. ഇന്ത്യ-ചൈന യുദ്ധം, അടിയതിരാവസ്ഥ, , ബാങ്ക് ദേശസാല്‍ക്കരണം, ബംഗ്‌ളദേശ് വിമോചനം, പൊഖ്റാനിലെ ആണവ പരീക്ഷണം ഒക്കെ ഈ കാലത്താണ് നടന്നത്. ബംഗ്‌ളദേശ് യുദ്ധം കവര്‍ ചെയ്യാന്‍ പലവുരു ഞാന്‍ കല്‍ക്കട്ടയിലേക്കു പോയി.

അമേരിക്കയില്‍ മികവ് തെളിയിച്ച ആറു പ്രസിഡന്റ് മാരുടെ നേട്ടങ്ങളും കോട്ടങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞ ആളാണ് ഞാന്‍. ഹാരിയറ്റ് ബീചര്‍ സ്റ്റോവിന്റെ അങ്കിള്‍ ടോംസ് കാബിന്‍ വായിച്ച് തരള ഹൃദയനായി അമേരിക്കയില്‍ എത്തിയ എനിക്ക് ബരാക് ഒബാമയെ ശരിക്കും ഇഷ്ട് മായി എന്നു പറഞാല്‍ ഒട്ടും അതിശയോക്തി ഇല്ല. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ പ്രസംഗം വാഷിങ്ങ്ടണില്‍ പോയി നേരിട്ട് കേട്ടു. 

തീവ്ര വാദികള്‍ 2001 സെപ്റ്റംബര്‍ 9 നു തകര്‍ത്ത വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒന്നില്‍ കുറേക്കാലം ജോലിചെയ്തിരുന്ന ഞാന്‍ ആ സംഭവം നടക്കുബോള്‍ നാട്ടില്‍ കിടങ്ങൂരിലെ തറവാട്ടില്‍ ആയിരുന്നു. ''തോമാച്ചാ ഓടിവാ, ടിവി നോക്ക്!'' 91 -വയസുള്ള എന്റെ ചേട്ടന്‍ ഫിലിപ്പോസ് ആക്രോശിച്ചു. . ഓടിച്ചെന്നപ്പോള്‍ ആ കാഴ്ച്ച കണ്ടു ഞാന്‍ അസ്തപ്രജ്ഞനായിപ്പോയി.

ഇളയമകന്‍ സൈജനു അന്ന് മന്‍ഹാറ്റനില്‍ ജോലിയായിരുന്നു. അവന്റെ വിവരം അറിയാന്‍ ഉല്‍ക്കണ്ഠയോടെ കാത്തിരുന്നത് മണിക്കൂറുകള്‍. സബ്വേ കിട്ടാതെ വന്നപ്പോള്‍ ബസിലും ടാക്‌സിയിലും ട്രെയ്നിലും മാറിക്കയറി ഫ്ളെഷിങ്ങിലെ വീട്ടിലെത്തിയിട്ട് സൈജന്‍ വിളിച്ചു , ''അപ്പാ ഞാന്‍ രക്ഷപെട്ടു!''

ഏതു തൊഴിലായാലും ഏതു സ്ഥാപനമായാലും ആതൊഴിലിനോടും സ്ഥാപനത്തോടും അവസാനം വരെ കൂറു കാണിക്കണം,'' ഇതായിരുന്നു മുളക്കലിന്റെ ജീവിത സമവാക്യം.

പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്‌ക്കാരങ്ങളെ സഞ്ചയിപ്പിച്ചു ന്യൂയോര്‍ക്കില്‍ ജീവിതത്തിന്റെ സായാഹ്നം കഴിക്കുകയും അവിടെ സ്വന്തം സമൂഹത്തില്‍ സ്‌നേഹത്തിന്റെ കോട്ടകള്‍ പണിയുകയും ചെയ്ത മുളക്കലിനു സമാനമായി മുളക്കല്‍ മാത്രം. 

സംഭവബഹുലമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ആത്മകഥ എഴുതിപൂര്‍ത്തിയാക്കിയ ശേഷഷമാണ് ഒടുവില്‍ അദ്ദേഹം ന്യൂ യോര്‍ക്കിലേക്കു തിരികെ പോയത്. പുസ്തകം നൂറോളം ചിത്രങ്ങളുമായി അച്ചടിക്കാന്‍ റെഡിയായപ്പോഴായിരുന്നു മടക്കം.

കൊച്ചുന്നാളില്‍ കൂടെപ്പഠിച്ചവരെക്കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നു അദ്ദേഹത്തിന് നിര്‍ബന്ധം' , മലങ്കരസഭയിലെ ഫാ. ജേക്കബ് ചുണ്ടേവാലെലിന്റെ മകള്‍ സാറാമ്മയായിരുന്നു അന്ന് കിടങ്ങൂര്‍ സ്‌കൂളിലെ താരം. അറിയപ്പെടുന്ന സുന്ദരി. മലങ്കരസഭയുടെ തിരുവല്ല മെത്രാസന മന്ദിരത്തിനു പിന്നിലെ കോണ്‍വെന്റില്‍ അവരുണ്ടെന്നു കണ്ടെത്തി--സിസ്റ്റര്‍ ജയിന്‍ ആയി. ഫാ. ചുണ്ടേവാലേല്‍ ബിഷപ്പായി റിട്ടയര്‍ ചെയ്തു. ഒരു കൂട നിറയെ ആപ്പിളും ഓറഞ്ചുമായി മഠത്തില്‍ പോയി.

സിസ്റ്റര്‍ ജയിന്‍ കുറേനേരം മുളക്കലിനെ സൂക്ഷിച്ചു നോക്കി. എന്നിട്ടു പുഞ്ചിരിച്ചു. കാലം എത്ര കഴിഞ്ഞാലും ഇഷ്ടപെട്ടവരെ മറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് മുളക്കലിനെ ആലിംഗനം ചെയ്തു. സിസ്റ്റര്‍ക്കു എണ്‍പതു വയസായി. നടക്കാന്‍ ബുധ്ധിമുട്ടുണ്ട്. പക്ഷെ പ്രസരിപ്പിനു ഒട്ടുംകുറവില്ല. ചായയും പലഹാരവും വിളമ്പിക്കൊണ്ടിരുന്ന ഒരു കൊച്ചു കന്യാസ്ത്രീ അടക്കത്തില്‍ ചോദിച്ചു. എന്താ വിശേഷം? സ്‌കൂളില്‍ പഠിക്കുന്ന കാലത്തു ഇവര്‍ തമ്മില്‍ പ്രേമം ആയിരുന്നു. മറുപടി കേട്ട് അവര്‍ നാണത്തോടെ ഉള്ളിലേക്ക് പാഞ്ഞു. മടങ്ങി വന്നു, പക്ഷെ ചിരി അടക്കാനാവുന്നില്ല.

മുളക്കലിന്റെ ആത്മകഥയില്‍ ചേര്‍ക്കാന്‍ ന്യൂയോര്‍ക്കിലെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ജോസ് തയ്യില്‍ എഴുതിയ ഒരു കുറിപ്പോടെ ഈ അനുസ്മരണം അവസാനിപ്പിക്കുകയാണ്:

പ്രിയപ്പെട്ട മുളക്കല്‍,
ഇത് താങ്കളെക്കുറിച്ചുള്ള ചെറിയൊരു ഓര്‍മ്മക്കുറിപ്പാണ്. ന്യൂയോര്‍ക്കില്‍ എത്തിയ ശേഷം താങ്കളെ ആദ്യം പരിചയപ്പെടുന്നതു വാഷിങ്ങ്ടണില്‍ വച്ചാണ്. അന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫോര്‍ പൊളിറ്റിക്കല്‍ എഡ്യൂക്കേഷന്‍ എന്ന അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനത്തിനാണ് നമ്മള്‍ മീറ്റ് ചെയ്തത്. ഡോ. ജോയ് ചെറിയാന്റെ നേതൃത്വത്തിലാണ് അസോസിയേഷന്‍ ഉണ്ടാക്കിയത്. പ്രസിഡന്റ് റെയ്ഗന്റെ ഭരണകാലത്ത് അദ്ദേഹത്തെ ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി കമ്മീഷണറായി നിയമിച്ചിരുന്നു.അന്നത്തെ മീറ്റിംഗ് കഴിഞ്ഞു ന്യൂയോര്‍ക്കിലേക്ക് പോരും വഴി ഞാന്‍ താങ്കളോട് ചോദിച്ചു, നമ്മുടെ പുതിയ നേതാവിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്? ആരംഭ ശൂ രത്വം മാത്രമേ ഉള്ളോ അതോ പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടാകുമോ?

മുളയ്ക്കല്‍ജി പറഞ്ഞു: ഈ ചെറിയ ഇന്ത്യന്‍ സമൂഹത്തിനു ഒരു ലീഡറെ ആവശ്യമുണ്ട്. ലീഡര്‍ ഇല്ലാത്ത സൊസൈറ്റി കുത്തഴിഞ്ഞ പുസ്തകം പോലെയിരിക്കും. എന്തായാലും അദ്ദേഹം രാജ്യത്തിന്റെ സിരാകേന്ദ്രത്തില്‍ നിന്നാണ് കളിക്കാന്‍ പോവുന്നത്. അതുകൊണ്ടു നമുക്കാവും വിധം അദ്ദേഹത്തെ പിന്തുണക്കണം. പിന്നീട് പല മീറ്റിങ്ങുകളിലും നാം ഒന്നിച്ച് പങ്കെടുക്കുകയും റിപ്പോര്‍ട്ടുകള്‍ എഴുതുകയും ചെയ്തു. ചിലവേളകളില്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ പോരെന്നു തോന്നുമ്പോള്‍ അവരെ ശാസിക്കുന്ന രീതി ഒരു പത്രപ്രവര്‍ത്തകന്റെ രീതിയിലായിരുന്നു. കമ്മ്യൂണിറ്റിയുടെ മതത്തോടുള്ള അമിതപ്രേമത്തെ താങ്കള്‍ നീരസത്തോടെയാണ് വീക്ഷിച്ചിരുന്നത്.

മറ്റൊന്ന്, ജീവിതത്തെ ഒരു പോസിറ്റീവ് ആംഗിളില്‍ കാണാന്‍ താങ്കള്‍ക്കു എന്നും കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, താങ്കളുടെ മുഖത്ത് നോക്കിയാല്‍ ജീവിതത്തില്‍ ഒരു പ്രശ്‌നവുമില്ലാത്ത ആള്‍. എന്താണ് ഇതിന്റെ സീക്രട്ട് ? പ്രശ്‌നങ്ങളോ? ഞാന്‍ അവനെ എന്റെ ഏഴയലത്ത് പോലും അടുപ്പിക്കില്ല. അവനെ ഞാന്‍ ചിരിച്ചുകൊണ്ട് ഓടിക്കും. ഞാന്‍ കരഞ്ഞിട്ട് വേണ്ടേ അവന്‍ സന്തോഷിക്കാന്‍. അതിനു എന്നെ കിട്ടില്ല.

പിന്നൊരിക്കല്‍ താങ്കള്‍ പറഞ്ഞു, ''നമ്മളെല്ലാം ട്രാന്‌സിറ് പാസഞ്ചേഴ്‌സ് ആണ്. ദല്‍ഹി വഴി ന്യൂയോര്‍ക്കില്‍ പോകും പോലെ ഭൂമി വഴി നമ്മള്‍ എങ്ങോട്ടോ പോയിക്കൊണ്ടിരിക്കുവാ. നമ്മളുടെ അമരക്കാരന്‍ നമ്മോടൊത്തുണ്ട്. പിന്നെന്തിന് നമ്മള്‍ വിഷമിക്കണം? ..പൊട്ടിക്കരഞ്ഞുകൊണ്ട് വന്നു, പൊട്ടിച്ചിരിച്ചുകൊണ്ടു പോകും. എന്റെ സ്രഷ്ട്ടാവിനോട് ഞാന്‍ നീതി പുലര്‍ത്തിയോ? ഇതാണ് എന്റെ സന്തോഷകരമായ ജീവിത രഹസ്യം. എപ്പോഴും ചിരിക്കുക, പൊട്ടിച്ചിരിക്കുക. സകല പിശാചും അവരുടെ പ്രശ്‌നങ്ങളുമായി ഓടിയൊളിക്കും''. അതാണ് തോമസ് മുളക്കല്‍.

സസ്‌നേഹം, ജോസ് തയ്യില്‍, ന്യൂ യോര്‍ക്ക്.
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
തോമസ് മുളക്കല്‍ --ആത്മകഥയുടെ കവര്‍
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
കിടങ്ങൂരില്‍ തറവാട്ടിലെത്തിയപ്പോള്‍
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ജാക്വലിന്‍ കെന്നഡി ഡല്‍ഹി സന്ദര്‍ശിച്ച കാലത്ത്
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
മാര്‍ ജോസഫ് കുന്നശേരി സ്മൃതിപഥം എന്ന തന്റെ ആത്മകഥ സമ്മാനിക്കുന്നു.
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ന്യൂയോര്‍ക് ടൈംസിന്റെ ലണ്ടന്‍ പതിപ്പുമായി
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അവാര്‍ഡ് ന്യു യോര്‍ക്കില്‍ വച്ച് മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബില്‍ നിന്നു ഏറ്റു വാങ്ങുന്നു.
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ന്യൂയോര്‍ക്കിലെ രംഗങ്ങള്‍
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ശതാബ്ദി പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാലയം കിടങ്ങൂര്‍ സെന്റ് മേരിസ് ഹൈസ്‌കൂള്‍
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
കുടുംബവും സുഹൃത്തുക്കളും ന്യൂയോര്‍ക്കില്‍
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ആത്മകഥയുടെ പ്രിന്റ് റെഡി കോപ്പി സുഹൃത്ത് ഫാ.സിറിയക് പെരുങ്ങോലിലിനു കൈമാറുന്നു.
തോമസ് മുളക്കല്‍: ഒരു ന്യൂസ്ബ്രേക്കരുടെ ലോകായനം (കുര്യന്‍ പാമ്പാടി)
ഏതാനും മാസം മുന്‍പ് ഭാര്യ മേരിക്കുട്ടിയുമൊത്ത് ന്യു യോര്‍ക്കിലെ വസതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക