Image

രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരായ പരാതി; ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരേയും പൊലീസ്‌ കമ്മീഷണറേയും ജഡ്‌ജിമാരുടെ ചേമ്പറിലേക്ക്‌ വിളിപ്പിച്ചു

Published on 24 April, 2019
രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരായ പരാതി; ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരേയും  പൊലീസ്‌ കമ്മീഷണറേയും ജഡ്‌ജിമാരുടെ ചേമ്പറിലേക്ക്‌ വിളിപ്പിച്ചു


ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക അതിക്രമ പരാതി കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചേക്കും. സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥന്‍, ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥന്‍, ദല്‍ഹി പൊലീസ്‌ കമ്മീഷണര്‍ എന്നിവരെ ഇന്ന്‌ ഉച്ചക്ക്‌ ജഡ്‌ജിമാരുടെ ചേമ്പറിലേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌.

സാധ്യമെങ്കില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനോടും ഹാജരാകാന്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്ര, ജസ്റ്റിസ്‌ റോഹിങ്‌ടന്‍ നരിമാന്‍, ജസ്റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവര്‍ അടങ്ങുന്ന ബെഞ്ച്‌ നിര്‍ദേശിച്ചു. കേസ്‌ മൂന്ന്‌ മണിക്ക്‌ വീണ്ടും പരിഗണിക്കും.

രാജ്യത്തെ ഒരു കോര്‍പറേറ്റ്‌ സ്ഥാപനമാണ്‌ ചീഫ്‌ ജസ്റ്റിസിന്‌ എതിരായ ആരോപണത്തിന്‌ പിന്നിലെന്ന അഭിഭാഷകന്‍ ഉത്സവ്‌ സിംഗ്‌ ബയന്‍സ്‌ നല്‍കിയ സത്യവാങ്‌ മൂലം പരിഗണിച്ചാണ്‌ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്‌.

അഡ്വ. ഉത്സവ്‌ ബയിന്‍സിന്‌ പൊലീസ്‌ സംരക്ഷണം നല്‍കാനും ജസ്റ്റിസ്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചു. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഉത്സവ്‌ സിംഗ്‌ കോടതിക്ക്‌ കൈമാറി.

ചില ശക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരു ചീഫ്‌ ജസ്റ്റിസിനും ഇതേവരെ സാധിച്ചിട്ടില്ലെന്നും നിയമ സംവിധാനത്തെ ശുദ്ധീകരിക്കാനാണ്‌ നിലവിലെ ചീഫ്‌ ജസ്റ്റിസിന്റെ ശ്രമമെന്നും ജസ്റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു.

അതേസമയം, സി.ബി.ഐ ജോയിന്റ്‌ ഡയറക്ടറെ അയക്കാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു

ചീഫ്‌ ജസ്റ്റിസിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച യുവതിയോട്‌ ഏപ്രില്‍ 26ന്‌ ഹാജരാകാന്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അറിയിച്ചിരുന്നു. ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയാണ്‌ യുവതിയോട്‌ ഹാജരാകാന്‍ കാണിച്ച്‌ നോട്ടീസ്‌ അയച്ചത്‌.

പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സമിതി സുപ്രീം കോടതി രജിസ്‌ട്രര്‍ ജനറലിനോട്‌ നിര്‍ദേശിച്ചിട്ടുമുണ്ട്‌. ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ഡെ, ജസ്റ്റിസ്‌മാരായ എന്‍.വി രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ്‌ സമിതി.

ചീഫ്‌ ജസ്റ്റിസ്‌ അദ്ദേഹത്തിന്റെ റസിഡന്‍സ്‌ ഓഫീസില്‍വെച്ച്‌ ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു ആരോപണം. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട്‌ അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ്‌ ആരോപണം ഉ്‌നയിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക