Image

സ്‌പൈസ്‌ ജെറ്റ്‌ 28 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

Published on 24 April, 2019
സ്‌പൈസ്‌ ജെറ്റ്‌ 28 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും

ജെറ്റ്‌ എയര്‍വെയ്‌സ്‌ സര്‍വീസ്‌ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തിലും സ്‌പൈസ്‌ ജെറ്റ്‌ ആഭ്യന്തര സെക്ടറില്‍ 28 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. ജെറ്റ്‌ എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍.

ഇവയുടെ അറ്റകുറ്റപണികള്‍ പുരോഗമിച്ചു വരികയാണെന്ന്‌ സ്‌പൈസ്‌ ജെറ്റ്‌ അറിയിച്ചു. ഏപ്രില്‍ 17 നാണ്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌ സര്‍വീസ്‌ താത്‌കാലികമായി നിര്‍ത്തിയത്‌.

മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ്‌ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌. മുംബൈയില്‍ നിന്ന്‌ അമൃതസര്‍, മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന്‌ തിരിച്ചുമാണ്‌ സര്‍വീസ്‌.

ദില്ലിയില്‍ നിന്ന്‌ മുംബൈയിലേക്കും ബാംഗ്ലൂരിലേക്കുമാണ്‌ സര്‍വീസ്‌. ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക്‌ തുടക്കമാകും. 14 വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട്‌ വിമാനങ്ങള്‍ ദില്ലി കേന്ദ്രീകരിച്ചും സര്‍വീസ്‌ ആരംഭിക്കും. ദില്ലി- മുംബൈ- ദില്ലി മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും സ്‌പൈസ്‌ ജെറ്റ്‌ അധികൃതര്‍ വ്യക്തമാക്കി.

ഇതിനു പുറമെ ഹോങ്കോങ്‌, ദുബായ്‌ , ജിദ്ദ, ധാക്ക, കൊളംബോ, റിയാദ്‌, ബാങ്കോക്‌ എന്നീ നഗരങ്ങളിലേക്ക്‌ പുതിയ സര്‍വീസ്‌ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. മെയ്‌ മാസം മുതല്‍ മുംബയില്‍ നിന്നാണ്‌ പുതിയ രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുക.

സ്‌പൈസ്‌ ജെറ്റ്‌, ഇന്‍ഡിഗോ തുടങ്ങിയ വിമാന കമ്പനികള്‍ക്ക്‌ പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയുമുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക