Image

ഗംഗാ തീരത്തേക്ക് ഒരു മടക്കയാത്ര ( ഗംഗയെ അറിയാന്‍ 9: മിനി വിശ്വനാഥന്‍)

Published on 23 April, 2019
ഗംഗാ തീരത്തേക്ക് ഒരു മടക്കയാത്ര ( ഗംഗയെ അറിയാന്‍ 9:  മിനി വിശ്വനാഥന്‍)
ഇന്ന് മാര്‍ച്ച് നാല്, മഹാശിവരാത്രി ; ഞങ്ങള്‍ കുംഭനഗരിയിലാണ്..
കുംഭമേളയിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന  കുംഭീമുഖാലംകൃതമായ വലിയ കവാടം കടന്ന് വിശാലമായ മണല്‍പ്പരപ്പിലെത്തി ഞങ്ങള്‍. നല്ല തണുത്ത കാറ്റിന്റെ അകമ്പടിയോടെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ട് സാവധാനം നടന്നു. കുംഭമേളയില്‍ പങ്കെടുക്കുക എന്ന അതിവിദൂര സ്വപ്നങ്ങളില്‍ ഒന്നാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. അതിന്റെ അത്യാഹ്‌ളാദവും  കൗതുകവും മനസ്സില്‍ നിറഞ്ഞു എന്നത് സത്യം തന്നെ. മണല്‍പ്പരപ്പ് നിറയെ ജനങ്ങളാണ്. അനാവശ്യമായ തിടുക്കമോ ബഹളമോ ഇല്ല ആര്‍ക്കും.(ക്യുവില്‍ നില്‍ക്കുന്ന ഓരോ പ്രാവശ്യവും ഓര്‍ക്കുന്നതാണ് ഞാനിത് ) സ്‌നാനം കഴിഞ്ഞവര്‍ ഹനുമാന്‍ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു.

വിവിധ നിറത്തിലുള്ള നൂലുകളും  വര്‍ണ്ണക്കുങ്കുമങ്ങളുമായി ചെറുകിട കച്ചവടക്കാര്‍ മണല്‍ത്തിട്ടില്‍  ഇരുന്നു കച്ചവടം നടത്തുകയും സ്‌നാനം കഴിഞ്ഞ് വരുന്നവര്‍ അവര്‍ക്ക് ചുറ്റും കൂടി നിന്നു അവയൊക്കെ വാങ്ങുകയും അവിടെ വെച്ച് തന്നെ അണിയുകയും ചെയ്തു.

ഗംഗാ പൂജക്കായി പൂക്കളുംകൂവള ഇലകളും, മണ്‍ചെരാതിലെ ദീപങ്ങളുമായി വില്‍പ്പനക്കാരായ
സ്ത്രീകളും അവിടെ  തമ്പടിച്ചിട്ടുണ്ടായിരുന്നു.

ഏകദേശം പന്ത്രണ്ട് കോടിയോളം ജനങ്ങള്‍ സന്ദര്‍ശിച്ച് സ്‌നാനം നടത്തി തിരിച്ചു പോയ പ്രദേശമാണിതെന്ന് ആരും പറയില്ല. അത്രമാത്രം മാലിന്യ മുക്തമായിരുന്നു അവിടം. സദാ സന്നദ്ധരായ, സഹായമനസ്കരായ നൂറുകണക്കിന്  വളണ്ടിയര്‍മാരും സംഗമ തീരത്തും ചുറ്റുവട്ടത്തും ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞ് വേഷം മാറ്റാനുള്ള ടെന്‍റുകളും മറ്റ് സൗകര്യങ്ങളും ഇഷ്ടം പോലെ. നിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി വനിതാ പോലീസുകാരും .

കുംഭനഗരിയില്‍ പ്രവേശിച്ചതു മുതല്‍ എന്റെ  മനസ്സിനൊരു ചാഞ്ചല്യം. അര്‍ഹതയില്ലാത്തതെന്തോ  കൈയില്‍ വന്നെത്തിയ അങ്കലാപ്പ്. എന്റെ സംഘര്‍ഷം അജിത്തിന് മനസ്സിലാവുകയും സമാധാനിപ്പിക്കുകയും ചെയ്തു. വിശാലമായ മണല്‍പ്പരപ്പ് നിറയെ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ മാത്രം. ആ കൂട്ടത്തിലൊരാളായി ഞാനും ഒഴുകി.

പുണ്യനദീസംഗമത്തിന് മുന്നില്‍ ഒരു നിമിഷം കണ്ണുകളടച്ചു നിന്നു. ത്രിവേണീസംഗമത്തെ കണ്ണ് തുറന്ന് കണ്‍നിറയെ നോക്കി. ഗംഗാ, യമുന, അദൃശ്യയായി ഒഴുകുന്ന സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനമാണിത്. പുണ്യസ്‌നാനത്തിനായി സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടങ്ങുന്ന ജനസഹസ്രങ്ങള്‍ ശിവനാമജപത്തോടെയും ഗംഗാ നാമ ജപത്തോടെയും ഇരുകരകളിലുമായി നിരന്നിരിക്കുകയാണ്. ഇതിനിടയില്‍ വെള്ളക്കൊക്കുകള്‍ പാറി നടക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍ഭയരായി പശുക്കളും  അലഞ്ഞ് തിരിയുന്നുണ്ട്. ഞാനും വിശ്വേട്ടനും ആദ്യമായി സ്‌നാനത്തിറങ്ങാമെന്ന് അജിത്ത് നിര്‍ദ്ദേശിച്ചു.വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന ബാരിക്കേഡുകള്‍ എന്നെപ്പോലുള്ളവര്‍ക്ക് സമാധാനം നല്‍കി. പുണ്യസ്‌നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. സ്വയം സമര്‍പ്പിച്ച് അമൃത സമാനമായ നദീജലത്തില്‍ മുങ്ങി നിവരണം .. പാപവിമുക്തിയും ജന്മാന്തര കെട്ടുപാടുകളുടെ ബന്ധനത്തില്‍ നിന്നുള്ള മോചനവുമാണ് ഫലപ്രാപ്തി. ദമ്പതികള്‍ നദീ പൂജ ചെയ്യേണ്ടത് കൈകോര്‍ത്ത് പിടിച്ച്, കിഴക്ക് ദര്‍ശനമായിട്ടാണ്.

അതിനു മുമ്പ് രണ്ടു മൂന്ന് ആത്മാക്കള്‍ക്ക് ഞാന്‍ കൊടുത്ത വാഗ്ദാനം പാലിക്കാനുണ്ടായിരുന്നു. എല്ലാവരെയും പ്രത്യേകം ഓര്‍ത്ത് മൂന്ന് മൂന്ന് തവണ മുങ്ങി നിവര്‍ന്നു.. അകാലത്തില്‍ വിട പറഞ്ഞ ജയേട്ടനെയും കൃഷ്‌ണേട്ടനെയും കണ്ണുനീരോടെ സ്മരിച്ചു. ഒരു അനിയത്തിക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ അര്‍ച്ചന അവിടെ ഞാന്‍ നടത്തി.

ഒട്ടും പേടിക്കാനുണ്ടായിരുന്നില്ല. നീന്താനറിയാത്ത എന്നെപ്പോലുള്ള  ഹൈഡ്രോഫോബിയക്കാര്‍ക്ക് മുതല്‍ കൊച്ചു കുട്ടികള്‍ക്ക് വരെ സുരക്ഷിതമായി മുങ്ങി നിവരാനാവുമായിരുന്നു അവിടെ. കാലുറപ്പിച്ച് നിന്ന് സ്‌നാനത്തില്‍ പങ്കെടുക്കാനുള്ള  ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു ...
ഒടുവില്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ച് ഞങ്ങളും മൂന്ന് തവണ മുങ്ങി നിവര്‍ന്നു. ഐസ് പോലെ തണുത്ത വെള്ളത്തില്‍ ആദ്യ വട്ടം മുങ്ങിയപ്പോള്‍ ശരീരത്തിന്റെ ഓരോ അംശവും ഉണര്‍ന്നു .. തണുപ്പ് പറപറന്നു .. ത്രിവേണീ സംഗമത്തില്‍ നിന്ന് ഞങ്ങള്‍ കയറി, അജിത്തും ഭാര്യയും അവിടേക്ക് ഇറങ്ങി.

നദീതീരത്ത് മുഴുവന്‍ പുല്ല് വിരിച്ചിരുന്നു.അതു കൊണ്ട് തന്നെ ചളി ഉണ്ടായിരുന്നില്ല. തുണി മാറാനായി ടെന്‍റുകള്‍ നോക്കി നടക്കുന്നതിനിടെ സ്ത്രീകള്‍ പരസ്പരം മറവുണ്ടാക്കി നനഞ്ഞ തുണി മാറുന്നത് കണ്ടു. കൂട്ടത്തിലൊരു മറവില്‍ ഞാനും ചേര്‍ന്നു. തുറിച്ചു നോട്ടങ്ങളോ, ശല്യപ്പെടുത്തലുകളാ ഇല്ലാതെ ഞങ്ങള്‍ ഒരു പരിചയവുമില്ലാത്ത  സ്ത്രീകള്‍ പരസ്പര സൗഹാര്‍ദ്ദത്തോടെ വേഷം മാറുകയും കാവല്‍ നില്‍ക്കുകയും ചെയ്തു... കുളിച്ച് മാറ്റി പുതിയ ഉണര്‍വ്വില്‍, പുതു ജീവനില്‍  തിരിച്ചു നടന്നു.
വെളുത്ത പക്ഷികള്‍ പാറി നടക്കുന്ന ആ തീരത്ത് നിന്ന് വീശിയടിച്ച കാറ്റിന് തണുപ്പൊട്ടുമുണ്ടായിരുന്നില്ല അപ്പോള്‍ ...
ഞങ്ങളും എല്ലാവരെയും പോലെ ഹനുമാന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. കുംഭം പൂര്‍ണ്ണമാവാന്‍ അതും കൂടി വേണം...

ഗംഗാറാം എന്ന െ്രെഡവര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു...
 ഗംഗയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു..
 ഇനിയും ഗംഗാ സ്‌നാനം ബാക്കിയാണ്...
ഗംഗാ തീരത്തേക്ക് ഒരു മടക്കയാത്ര വീണ്ടും.....
ശിവരാത്രിയാണ്....
ശിവപാര്‍വ്വതിമാരുടെ മംഗല്യമാണ്,
കാശിവിശ്വനാഥനെയും ഒന്നു കൂടി കാണണം.

യാത്ര തുടരുന്നു.

ഗംഗാ തീരത്തേക്ക് ഒരു മടക്കയാത്ര ( ഗംഗയെ അറിയാന്‍ 9:  മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക