Image

യാത്രക്കാരെ ആക്രമിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Published on 23 April, 2019
യാത്രക്കാരെ ആക്രമിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവര്‍ സമ്മതിച്ചിരുന്നു. നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതര്‍ ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നു കല്ലട ട്രാവല്‍സ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്ബനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയില്‍ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസില്‍ മര്‍ദിച്ച കേസില്‍ കമ്ബനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, കല്ലട ബസില്‍ നടന്നത് അതിക്രൂരമായ അക്രമമെന്നു സംഭവം പുറംലോകത്തെ അറിയിച്ച ഡോ. ജേക്കബ് ഫിലിപ് പറഞ്ഞു. യുവാക്കളെ റോഡില്‍ ഓടിച്ചിട്ട് അടിച്ചു. തലമുടി വലിച്ച്‌ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ശ്രമിച്ചതും കണ്ടു. ജീവനക്കാര്‍ തന്നെ ഫോണില്‍ വിളിക്കുകയും ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യതെന്നും അദ്ദേഹം പറഞ്ഞു.

കല്ലട ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികള്‍ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക