Image

കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ ഏപ്രില്‍ 27 നു തുടക്കം

ജിനേഷ് തമ്പി Published on 23 April, 2019
കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ ഏപ്രില്‍ 27 നു തുടക്കം
ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ് ലീഗിന്റെ അഞ്ചാം സീസണിന് ഏപ്രില്‍ 27 നു തുടക്കം കുറിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി തണുപ്പിന്റെയും മഞ്ഞിന്റെയും ആലസ്യത്തില്‍ മയങ്ങി കിടന്ന ട്രൈസ്റ്റേറ്റ് സമൂഹത്തിനു പുത്തന്‍ ഉണര്‍വ് സമ്മാനിച്ച് ഇനി കാത്തിരിക്കുന്നത് ആറു മാസം നീളുന്ന ആവേശോജ്വലമായ ക്രിക്കറ്റ് ദിനങ്ങള്‍. ഏപ്രില്‍ 13ന് നടന്ന വര്‍ണശബളമായ ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പം ലീഗിലുളള വിവിധ ടീമുകളിലെ കളിക്കാരെ കോര്‍ത്തിണക്കി സംഘടിപ്പിച്ച പ്‌ളേയേഴ്‌സ് കപ്പ് ഗെയിമുകളോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു .സമൂഹത്തിലെ പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക നായകരും , മലയാളി സംഘടനാ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു .ഇവരെ കൂടാതെ ലീഗിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയ സ്‌പെക്ട്രം ഓട്ടോ ഭാരവാഹികളായ ബിനു ബേബി ,പ്രിന്‍സ് ബേബി എന്നിവരും  പ്ലാറ്റിനം സ്‌പോണ്‍സഴ്‌സ് ഗ്ലോബല്‍ ഐ റ്റി ചെയര്‍മാന്‍ സജിത്ത് നായര്‍,   സണ്‍ റണ്‍ എന്നിവരുടെ പ്രതിനിധികളും ,മറ്റു സ്‌പോണ്‍സര്‍മാരായ  ഗ്രാന്‍ഡ് റെസ്റ്റോറന്റ്  ,   ഇവന്റ് ഗ്രാം  സിഇഒ ജോജോ കൊട്ടാരക്കര, ജിബി എം തോമസ് ക്വളിറ്റി മോര്‍ട്ടഗേജ് , ടോം ജോസഫ് ഇമേജിന് ഡിജിറ്റല്‍ , ലുസൈഡ്‌സെവെന്‍ പ്രൊഡക്ഷന്‍സ് ബേസില്‍ കുര്യാക്കോസ് എന്നിവരും  ഉദ്ഘാടന ചടങ്ങില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഈ വര്‍ഷം പത്ത് ടീമുകളാണ്  കെ.സി.എല്‍ ട്രോഫിക്കായി മാറ്റുരക്കുന്നതു എന്നത് കുറഞ്ഞ കാലയളവില്‍ ലീഗിനുണ്ടായ വന്‍ സ്വീകാര്യതയുടെയും വളര്‍ച്ചയുടേയും നേര്‍ക്കാഴ്ചയാണ്.
                  
ഏതാനും മാസങ്ങളായി തീവ്രമായ പ്രാക്ടീസ് സെഷനുകളിലൂടെ തങ്ങളുടെ കഴിവുകള്‍ രാകി മിനുക്കി എടുത്തുകൊണ്ടിരുന്ന മുന്നൂറില്‍ പരം ക്രിക്കറ്റ് പ്രതിഭകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ അത് വേനല്‍ച്ചൂടിനെയും കവച്ചു വയ്ക്കുന്ന ക്രിക്കറ്റ് ആവേശച്ചൂടിലേയ്ക്ക് വഴി മാറുമെന്നതില്‍ സംശയമില്ല. കൂറ്റന്‍ സിക്‌സറുകളുടെ ഇടിമുഴക്കത്തിനായും വിക്കറ്റ് വീഴ്ച്ചകളുടെ ആവേശത്തിമിര്‍പ്പിനായും , മാസ്മരിക  ഫീല്‍ഡിങ്  പ്രകടനങ്ങളുടെ  ദൃശ്യവിരുന്നിനായും കേരളാ ക്രിക്കറ്റ് ലീഗ്  ആരാധകര്‍ വമ്പിച്ച പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക