Image

കല്ലട ബസില്‍ യാത്രക്കാരെ അക്രമിച്ച സംഭവം; മൂന്ന്‌ ജീവനക്കാര്‍ക്കെതിരെ കേസ്‌

Published on 22 April, 2019
കല്ലട ബസില്‍ യാത്രക്കാരെ അക്രമിച്ച സംഭവം; മൂന്ന്‌ ജീവനക്കാര്‍ക്കെതിരെ കേസ്‌

കൊച്ചി: ഇന്നലെ തിരുവനന്തപുരത്തു നിന്ന്‌ ബെംഗളൂരുവിലേക്കു പുറപ്പെട്ട കല്ലട ട്രാവല്‍സ്‌ ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന്‌ ജീവനക്കാര്‍ക്കെതിരെ മരട്‌ പൊലീസ്‌ കേസെടുത്തു. അന്തര്‍സംസ്ഥാന സര്‍വീസ്‌ നടത്തുന്ന സുരേഷ്‌ കല്ലട ബസ്‌ കമ്പനിയിലെ മൂന്ന്‌ ജീവനക്കാര്‍ക്കെതിരെയാണ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌.

സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെയും റെഡ്‌ബസിന്റെയും പേജിലും പ്ലേ സ്റ്റോര്‍ ആപ്പുകളിലും സോഷ്യല്‍മീഡിയ ക്യാംപെയ്‌ന്‍ നടക്കുന്നുണ്ട്‌.

പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ്‌ ഘോഷ്‌ എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്‌. ബസില്‍ ഉണ്ടായിരുന്ന ജേക്കബ്‌ ഫിലിപ്പ്‌ എന്ന യാത്രക്കാരന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌ത ദൃശ്യങ്ങളിലൂടെയാണ്‌ അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്‌.

ശനിയാഴ്‌ച രാത്രിയോടെ തിരുവനന്തപുരത്ത്‌ നിന്ന്‌ പുറപ്പെട്ട ബസ്‌ ഹരിപ്പാട്‌ വച്ച്‌ കേടായതിന്‌ പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ ഇടപെട്ട്‌ പകരം ബസ്‌ എത്തിച്ച്‌ യാത്ര തുടരുകയായിരുന്നു.

എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട്‌ വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക്‌ കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക