Image

മോദി ഭരണം അവസാനിപ്പിച്ചേ മതിയാകൂ: ടി എന്‍ പ്രതാപന്‍ (അഭിമുഖം-വിജയ് സി.എച്ച്)

Published on 21 April, 2019
മോദി ഭരണം അവസാനിപ്പിച്ചേ മതിയാകൂ: ടി എന്‍ പ്രതാപന്‍ (അഭിമുഖം-വിജയ് സി.എച്ച്)
ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ്. സമയം, നട്ടുച്ച. വെള്ളരിക്കയും കുമ്പളങ്ങയും അവ വില്‍ക്കാന്‍വച്ചിരിക്കുന്ന കുട്ടയിലിരുന്നുതന്നെ പാതിയിലധികം വേവുന്ന ചൂട്!

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് ടെര്‍മിനസായ ശക്തന്‍ സ്റ്റാന്റ്റും, വിശാലമായ ശക്തന്‍ മത്സ്യ- മാംസ മാര്‍ക്കറ്റും, സ്റ്റാര്‍ ഹോട്ടലുകളുമടക്കമുള്ള ശക്തന്‍ നഗറില്‍, നിശ്ചലമാണെന്നു തോന്നിയ വായുവിന്റെ താപനില അനുനിമിഷം മേലോട്ടുയരുന്നു.

ഉഷ്ണവും സൂര്യാഘാതവും മനുഷ്യരേക്കാള്‍ ദോഷം ചെയ്യുന്നത് കായ്കനികള്‍ക്കുതന്നെ. വിയര്‍ത്തൊലിച്ച്, ഉച്ചത്തില്‍ സംസാരിച്ചു പ്രതിഷേധം അറിയിക്കാനെങ്കിലും നമുക്കു കഴിയുമല്ലൊ!

കായ്കറി അങ്ങാടിയുടെ അകത്തുള്ള ഇടുങ്ങിയ തെരുവുകളിലൂടെ തലങ്ങും വിലങ്ങും കുറെ നടന്നാലെത്തുന്ന ഒരു കൊച്ചു കടയില്‍ പച്ചക്കറികള്‍ക്കു പുറമെ see-through കുപ്പികളില്‍ അല്‍പ്പം നാടന്‍ മിഠായിത്തരങ്ങളുമുണ്ട്. പ്രായമായൊരു സ്ത്രീ ആ കടയുടെ ഉടമ. അവരോട് ഖദര്‍ ധരിച്ച ഒരാള്‍ ആവേശത്തോടെ സംസാരിക്കുന്നു:

'അമ്മ ഇപ്പോള്‍ എനിക്കൊരു മിഠായി തന്നു. അതെന്റെ വായിലുണ്ട്. ഇനി ഞാന്‍ ജയിച്ചിട്ട് ഇവിടെ വീണ്ടും വരും. അപ്പോള്‍ അമ്മ എനിക്ക് ഒരു മിഠായികൂടി തരണം...'

'തീര്‍ച്ചയായും തരാം, മോനേ... ജയിച്ചിട്ടു വായോ,' ആ സ്ത്രി ഖദറിട്ട വ്യക്തിയുടെ തലയില്‍തൊട്ട് അനുഗ്രഹിക്കുന്നു.

തൃശ്ശൂരില്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ജനകീയ മുഖമാണ്, തുടര്‍ച്ചയായി മൂന്നു തവണ കേരള നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട, 'പ്രതാപേട്ടന്‍' എന്ന് എല്ലാവരും വിളിക്കുന്ന, ടി. എന്‍ പ്രതാപന്‍.

രണ്ടു തവണ നാട്ടികയേയും, അതിനുശേഷം കൊടുങ്ങല്ലൂരിനേയും പ്രതിനിധീകരിച്ച പ്രതാപേട്ടന്റെ ലോക സഭയിലേക്കുള്ള കന്നിയങ്കമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹം മത്സരിച്ചിരുന്നല്ല.

ഇവിടെത്തന്നെ ജനങ്ങളുടെ ഇടയില്‍ ഊടും പാവും പോലെ ഇഴചേര്‍ന്നു പോകുകയായിരുന്നല്ലോ! പെട്ടെന്ന് എന്താ ഡെല്‍ഹിക്കുള്ളൊരു ചിന്ത, പ്രതാപേട്ടാ?

'ഞാന്‍ എവിടെപ്പോയാലും ഇവിടെത്തന്നെ കാണും... പക്ഷെ, ഇപ്പൊ, ഡല്‍ഹീല് കൊറച്ച് പണി ഇണ്ട്...'

എന്തു പണി, പ്രതാപേട്ടാ?

'രാജ്യത്തിന് പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു...'

എന്തൊക്കെയാണത്?

'ജനാധിപത്യ മൂല്യങ്ങള്‍, സഹിഷ്ണുത, മതസൗഹാര്‍ദ്ദം...'

ആരാണിതിനു ഉത്തരവാദി?

'ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍. മോദി സര്‍ക്കാര്‍ രാജ്യത്ത് ജാതിയുടേയും മതത്തിന്റേയും പേരില്‍ വേലികള്‍ കെട്ടുന്നു. ഇതെല്ലാം തല്ലിത്തകര്‍ക്കണം.'

അപ്പോള്‍, ഡെല്‍ഹിയില്‍ ഒരു ഭരണമാറ്റമാണ് പ്രതാപേട്ടന്‍ ഉദ്ദേശിക്കുന്നത്. നിയമ സഭവിട്ട്, ലോക സഭയിലെത്താന്‍ ഉദ്ദേശിക്കുന്നതും അതുകൊണ്ടാണല്ലേ?

'അതെ, ജനം എല്ലാ തുറകളിലും കഷ്ടതകള്‍ അനുഭവിക്കുന്നു. അതിന് ഒരു അറുതി വരുത്തണം. മോദി ഭരണം അവസാനിപ്പിച്ചേ മതിയാകൂ...'

എന്തൊക്കെയാണ് NDA സര്‍ക്കാറിന്റെ ഗുരുതരമായ തെറ്റുകള്‍?

'നോട്ടു നിരോധനം മുതല്‍ GST വരേയുള്ളതെല്ലാം ജനദ്രോഹപരമായ നടപടികളായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തീപ്പിടിച്ച വില. പൊതുജന ജീവിതം ദുസ്സഹമായിരിക്കുന്നു. ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കുമാത്രമേ ഗുണം ചെയ്തിട്ടുള്ളൂ.'

മോദിയെ അധികാരത്തില്‍നിന്നു നീക്കുക എന്ന one-point-agenda ക്കപ്പുറം, രാജ്യത്തിന്റെ നന്മക്കായി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കര്‍മ്മപരിപാടികള്‍ എന്തൊക്കെയാണ്?

'എല്ലാം പ്രകടന പത്രികയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാം ഞങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.'

കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു കമ്യൂണിസ്റ്റാകുന്നു. തൃശ്ശൂരില്‍ പ്രതാപേട്ടനെതിരെയും, വയനാട്ടില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെപോലും അവര്‍ മത്സരിക്കുന്നു. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ ജയിച്ചു ലോകസഭയിലെത്തിയാല്‍, അവരുടെ സഹായം കോണ്‍ഗ്രസ്സ് സ്വീകരിക്കുമെന്നറിയുന്നു. പ്രതാപേട്ടാ, മൊത്തത്തിലൊരു തത്ത്വദീക്ഷയില്ലായ്മ അനുഭവപ്പെടുന്നു...

'കൂട്ടുമുന്നണികളും, അവയുടെ ദേശീയവും പ്രാദേശീയവുമായ താല്‍പര്യങ്ങളും ഏകീകരിക്കപ്പെടുമ്പോള്‍ ചില വീട്ടുവീഴ്ച്ചകള്‍ അനിവാര്യമാണ്. ഇതൊരു ജനാധിപത്യരീതിയുമാണ്. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല.'

ശബരിമലയിലെ ആചാര സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് പ്രത്യേകിച്ചൊരു നയമില്ല, ബി ജെ പി ആചാര സംരക്ഷണം ഏറ്റെടുത്തപ്പോള്‍, രാഷ്ട്രീയ കാരണംകൊണ്ടുമാത്രമാണ് കോണ്‍ഗ്രസ്സും അത് ഏറ്റുപിടിച്ചതെന്ന വിമര്‍ശനത്തോട് പ്രതാപേട്ടന്‍ എങ്ങിനെ പ്രതികരിക്കുന്നു?

'ദേശീയവും പ്രാദേശീകവുമായ കാഴ്ച്ചപ്പാടുകളിലെ കുറഞ്ഞ വ്യത്യാസം മാത്രമാണിത്. ദേശീയ തലത്തില്‍ വനിതാ വിവേചനം കോണ്‍ഗ്രസ്സിന്റെ നയമല്ല. എന്നാല്‍, ആചാരങ്ങള്‍ പ്രാദേശീകമായ ജനവികാരമാണ്. അതു മാനിക്കുന്നതും കോണ്‍ഗ്രസ്സിന്റെ ചുമതലയാണ്. ഞങ്ങള്‍ അതുമാത്രമേ ചെയ്തുള്ളൂ.'

ഗോദയിലുള്ള മറ്റുള്ളവരേക്കാള്‍ താനാണ് തിരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയെന്ന് പ്രതാപേട്ടന്‍ കരുതുന്നുണ്ടോ?

'ഇല്ല, അങ്ങിനെ ഞാന്‍ ചിന്തിക്കുന്നേയില്ല. അവരെല്ലാവരും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്നോടാര്‍ക്കും ഇഷ്ടക്കേടുണ്ടാവാന്‍ സാദ്ധ്യതയില്ല. എനിക്കാരോടും ഇഷ്ടക്കേടുമില്ല. എന്നെ കുറ്റം പറയുന്നവരെക്കുറിച്ചുപോലും ഞാന്‍ നല്ലതുമാത്രമേ പറയുകയുള്ളൂ.'

'എന്നെപ്പോലെ മറ്റു സ്ഥാനാര്‍ത്ഥികളും ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നു. തിരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയെ ജനം തിരഞ്ഞെടുക്കും.'
മോദി ഭരണം അവസാനിപ്പിച്ചേ മതിയാകൂ: ടി എന്‍ പ്രതാപന്‍ (അഭിമുഖം-വിജയ് സി.എച്ച്)മോദി ഭരണം അവസാനിപ്പിച്ചേ മതിയാകൂ: ടി എന്‍ പ്രതാപന്‍ (അഭിമുഖം-വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക