Image

പ്രചരണത്തില്‍ നിന്നൊഴിഞ്ഞ് മോഹന്‍ലാല്‍ ജെമൈക്കയില്‍; ഇന്നച്ചന് വേണ്ടി കളത്തിലിറങ്ങി മമ്മൂട്ടി; ബിജു മേനോനും മമ്മൂട്ടിക്കും രണ്ട് നീതി (കല)

കല Published on 20 April, 2019
പ്രചരണത്തില്‍ നിന്നൊഴിഞ്ഞ് മോഹന്‍ലാല്‍ ജെമൈക്കയില്‍; ഇന്നച്ചന് വേണ്ടി കളത്തിലിറങ്ങി മമ്മൂട്ടി; ബിജു മേനോനും മമ്മൂട്ടിക്കും രണ്ട് നീതി  (കല)

ഇന്നസെന്‍റും സുരേഷ് ഗോപിയും... മലയാള സിനിമയിലെ രണ്ട് പ്രധാന വ്യക്തിത്വങ്ങളാണ് ഇക്കുറി മത്സര രംഗത്ത്. ഒരാള്‍ കാലങ്ങളായി അമ്മയെന്ന താരസംഘടനയുടെ പ്രസിഡന്‍റായിരുന്ന മലയാളത്തിലെ കാരണവരായ നടന്‍. ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ചാലക്കുടിയില്‍ നിന്ന് വിജയിച്ചു. ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുന്നു. 
സുരേഷ് ഗോപി മലയാള സിനിമയിലെ തന്നെ ആക്ഷന്‍ സൂപ്പര്‍ സ്റ്റായിരുന്ന നടന്‍. താരസംഘടനയുമായി അല്ലറ ചില്ലറ പിണക്കങ്ങളുണ്ടെങ്കിലും എല്ലാ താരങ്ങളുമായും നല്ല വ്യക്തി ബദ്ധം സൂക്ഷിക്കുന്ന വ്യക്തി. മമ്മൂട്ടിയോട് ശീത സമരത്തിലാണ് എന്നത് മാത്രമാണ് ഒരേയൊരു ഗോസിപ്പ്. 
കഴിഞ്ഞ തവണ ഇന്നസെന്‍റിന്‍റെ പ്രചരണത്തിന് ഇറങ്ങിയിരുന്നു മോഹന്‍ലാല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ ഗണേഷ്കുമാറിന് വേണ്ടിയും രംഗത്തിറങ്ങി. എന്നാല്‍ ഇക്കുറി മോഹന്‍ലാലിനെ കണ്ടതേയില്ല. അദ്ദേഹം കുടുംബ സമേതം ജെമൈക്കന്‍ യാത്രയിലായിരുന്നു. നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ നിന്നുള്ള മോചനം മാത്രമല്ല അതെന്ന് വേണം കണക്കിലാക്കാന്‍. ഇലക്ഷന്‍ പ്രചരണ രംഗത്ത് നിന്നും വിട്ടു നില്‍കാനുള്ള ഒരു തന്ത്രം കുടിയായിരിക്കണം ഈ വിനോദ സഞ്ചാരം. 
ഇന്നസെന്‍റും സുരേഷ്ഗോപിയും ലാലിന്‍റെ പ്രീയപ്പെട്ട കൂട്ടുകാര്‍. സുരേഷ് ഗോപിയോട് സഹപ്രവര്‍ത്തകന്‍ സുഹൃത്ത് എന്നതിലൊക്കെ ഉപരിയായ സ്നേഹബന്ധവും കുടുംബ സുഹൃത്ത് എന്ന പരിഗണനയുമൊക്കെയുണ്ട് മോഹന്‍ലാലിന്. സുരേഷ് ഗോപി തനിക്ക് വേണ്ടി പ്രചരണത്തിന് വരണം എന്ന് ലാലിനോട് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് അറിയുന്നത്. കേരളത്തിലുണ്ടെങ്കില്‍ ലാലിന് പോകാതിരിക്കാനും കഴിയില്ല. 
എന്നാല്‍ ബിജെപി വേദിയിലേക്കുള്ള ഒരു പോക്ക് ഒഴിവാക്കാന്‍ ലാല്‍ ആത്മാര്‍ഥമായും ആഗ്രഹിച്ചിരുന്നു എന്നു വേണം കണക്കാക്കാന്‍. അല്ലെങ്കില്‍ തന്നെ മോദി ഭക്തന്‍ എന്ന വിളിപ്പേരുണ്ട് മോഹന്‍ലാലിന്. നോട്ട് നിരോധനം മുതല്‍ ജിഎസ്ടി വരെ മോദിയുടെ സകലമാന കലാപരിപാടികള്‍ക്കും മുന്‍പിന്‍ നോക്കാതെ സപ്പോര്‍ട്ട് അടിക്കുകയാണ് ലാലിന്‍റെ ഒരു പ്രധാന ഹോബി. അങ്ങനെ സപ്പോര്‍ട്ട് നല്‍കി സപ്പോര്‍ട്ട് നല്‍കിയാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ കിട്ടിയത് എന്ന് ശത്രുക്കള്‍ പറയാറുമുണ്ട്. സുരേഷ്ഗോപിക്ക് വേണ്ടി വോട്ട് ചോദിക്കാനിറങ്ങിയാല്‍ അത് ഇന്നസെന്‍റിന്‍റെ വേദിയില്‍ പോകുന്നത് പോലെയാവില്ല. മോഹന്‍ലാലിന്‍റെ കാവി ബ്രാന്‍ഡിംഗ് ഒന്നുകൂടി ഉറപ്പിക്കപ്പെടും. ആ ഭയമാണ് മോഹന്‍ലാലിനെ ഇന്ത്യ വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് വേണം മനസിലാക്കാന്‍. ഒരു ആര്‍എസ്എസ് ബ്രാന്‍ഡിംഗിനെ മോഹന്‍ലാല്‍ തെല്ല് ഭയക്കുന്നുണ്ട് എന്നു തന്നെ കരുതണം. 
എന്നാല്‍ സിനിമാ താരങ്ങള്‍ ഇന്നസെന്‍റിന്‍റെ വേദികളില്‍ സജീവമായിരുന്നു. സൂപ്പര്‍താരം മമ്മൂട്ടി നേരിട്ട് ഇന്നസെന്‍റിനൊപ്പം ഇക്കുറി റോഡ് ഷോയില്‍ പങ്കെടുത്തു. ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി ഇന്നസെന്‍റിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍ സൗഹൃദവുമുണ്ട്, രാഷ്ട്രീയവുമുണ്ട്. രണ്ടായാലും അത് മമ്മൂട്ടിയുടെ വ്യക്തിസ്വാതന്ത്ര്യമായി ഏവരും കാണുന്നുമുണ്ട്, അംഗീകരിക്കുന്നുമുണ്ട്. 
എന്നാല്‍ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് പ്രചരണ വേദിയില്‍ എത്തിയ സാക്ഷാല്‍ ബിജുമേനോന്‍ പുലിവാല് പിടിച്ചു. ബിജുവിന്‍റെ സിനിമകള്‍ക്ക് നേരെ ഹെയ്റ്റ് ക്യാംപെയിനുകള്‍ ആരംഭിച്ചു. ബിജുവിനെ ഫേസ്ബുക്കില്‍ മലയാളി സഖാക്കള്‍ പൊങ്കാലയിട്ടു. ആകെ മൊത്തത്തില്‍ ജഗപൊഗ. ഇങ്ങനെയാകുമെന്ന് ഊഹമുണ്ടായിരുന്നുവെങ്കില്‍ ബിജു ആ വഴി വരുമായിരുന്നില്ല. പക്ഷെ എന്തുപറയാന്‍ പറ്റിപ്പോയി. 
എന്നാല്‍ സുരേഷ്ഗോപിയുടെ പ്രചരണ വേദിയില്‍ പോകുന്നത് തെറ്റെന്ന് ചൂണ്ടിക്കാട്ടുന്ന മലയാളികള്‍ മമ്മൂട്ടി തിരഞ്ഞെടുപ്പ് വേദിയില്‍ പോകുന്നതിനെ മോശമായി കാണുന്നില്ല. മമ്മൂട്ടി പോകുന്നത് ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ വേദിയിലും കൂടുവന്നാല്‍ ഏതെങ്കിലും യുഡിഎഫ് രാഷ്ട്രീയ വേദിയിലേക്കുമാണ്. എന്നാല്‍ ബിജു മേനോന്‍ പോയത് ബിജെപിയുടെ രാഷ്ട്രീയ വേദിയിലേക്കാണ്. ബിജെപിയുടെ രാഷ്ട്രീയത്തോട് പൊതുവില്‍ കേരളം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണ് ബിജുമേനോനോട് പരസ്യമായി പ്രകടിപ്പിച്ച എതിര്‍പ്പുകളും വിമര്‍ശനങ്ങളും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക