Image

വോട്ടെടുപ്പ് 23ന് രാവിലെ ഏഴു മുതല്‍

Published on 20 April, 2019
വോട്ടെടുപ്പ്  23ന് രാവിലെ ഏഴു മുതല്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരസ്യപ്രചാരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിക്കും.
23ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്പോള്‍ നടക്കും.

2,61,51,534 വോട്ടര്‍മാരാണുള്ളത്. 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറത്താണു കൂടുതല്‍ വോട്ടര്‍മാര്‍- 31,36,191 പേര്‍. കുറവ് വയനാട് ജില്ലയില്‍- 5,94,177 പേര്‍. 2,88,191 കന്നിവോട്ടര്‍മാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടര്‍മാരുണ്ട്. രണ്ടു ബ്രെയില്‍ സാംപിള്‍ ബാലറ്റ് പേപ്പറുകള്‍ എല്ലാ ബൂത്തിലുമുണ്ടാവും.

24,970 പോളിങ് സ്റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ ഓക്സിലറി പോളിങ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകള്‍- 2750. കുറവ് വയനാട്- 575.

867 മോഡല്‍ പോളിങ് സ്റ്റേഷനുകളുണ്ട്. സമ്പൂര്‍ണമായി വനിതകള്‍ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. പ്രശ്ന സാധ്യതയുള്ള 3621 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി.

35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.

ആറ്റിങ്ങല്‍, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂണിറ്റുകള്‍ വീതം ഉപയോഗിക്കും.

227 സ്ഥാനാര്‍ഥികളില്‍ 23 വനിതകളുണ്ട് കണ്ണൂരിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ കൂടുതല്‍- അഞ്ചു പേര്‍.

കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.

അതിനിടെ ശേഷിച്ച അവസാന മണിക്കൂറുകളില്‍ സാധ്യമായ അവസാന വോട്ടും ഉറപ്പിക്കനുറച്ച് പ്രചാരണം കൂടുതല്‍ ശക്തമാക്കിയിരിയ്ക്കുകയാണ് മൂന്നു മുന്നണികളും.ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്നു മുന്നണികളും.

കഴിഞ്ഞ 30 ദിവസമായി തുടരുന്ന ശബ്ദ പ്രചാരണ പരിപാടികള്‍ മുഖ്യമായും ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു.

തുടക്കത്തിലേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് എല്‍ഡിഎഫ് ആയിരുന്നുവെങ്കില്‍ ഒടുക്കം സ്ഥാനാര്‍ഥികളെ അങ്കത്തിനിറക്കി കളം നിറഞ്ഞുകളിയ്ക്കുകയായിരുന്നു ബിജെപി.

സീറ്റു തര്‍ക്കങ്ങള്‍ മൂലം സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഓഖി, പ്രളയം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷത്തെ പ്രതിരോധിക്കേണ്ടി വന്നു. ഈ രണ്ടു ദുരന്തത്തിലും സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിച്ചില്ലെന്നും പുനരധിവാസം നടപ്പാക്കിയില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

സര്‍ക്കാരില്‍ ജങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്നും അതിനുള്ള തെളിവാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടമെന്നും ഭരണപക്ഷം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക